തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ രാവിലെ 11 മണി വരെ 37.56 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തിയവരില്‍പ്പെടുന്നു. സിനിമാതാരങ്ങളായ കമല്‍ഹാസന്‍ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

വോട്ടെടുപ്പില്‍ ജനങ്ങള്‍ കാണിക്കുന്ന ആവേശം, ദ്രവീഡിയന്‍ മാതൃകയിലുള്ള ഭരണത്തിനും ക്ഷേമ പദ്ധതികള്‍ക്കുമുള്ള പൊതുജന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് ഡിഎംകെ നേതാവ് എ രാജ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 200-ലധികം സീറ്റുകള്‍ നേടുമെന്നും, സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പില്‍ ജനം ശരിയായ വിധിയെഴുത്ത് നടത്തുമെന്നും, എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

അതേസമയം, ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ബോംബേറുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം ആം ജനത ഉന്നായന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീര്‍ സന്ദര്‍ശിച്ചു. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. നൗഡയിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.

വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് ഏതാനും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയും ചെയ്തു. മൂര്‍ഷിദാബാദിലെ രത്‌നാഗഞ്ച് സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ മൂലം പോളിങ് വൈകിയത് പ്രതിഷേധത്തിന് കാരണമായി. ചിലയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആകെയുള്ള 294 സീറ്റില്‍ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29 നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

ഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം റൗണ്ട് ബോര്‍ഡ് എക്‌സാം തീയതികളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയത്.

പത്താം ക്ലാസ് പരീക്ഷകള്‍ ഗണിത പരീക്ഷയോടെ ആരംഭിച്ച് സോഷ്യല്‍ സയന്‍സ് പരീക്ഷയോടെ അവസാനിക്കും. പരീക്ഷകള്‍ സാധാരണയായി രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ഒരൊറ്റ ഷിഫ്റ്റിലായിരിക്കും നടക്കുക.

പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ രണ്ടാം പരീക്ഷ നടത്തുന്നത്. രണ്ട് പരീക്ഷകളിലും വെച്ച് ഏറ്റവും മികച്ച സ്‌കോര്‍ ഏതാണോ അത് അന്തിമ ഫലത്തിനായി പരിഗണിക്കും. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും. ഒന്നാം ഘട്ട പരീക്ഷ എഴുതിയവരും, എന്നാല്‍ മാര്‍ക്കില്‍ സംതൃപ്തരല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് രണ്ടാം ഘട്ട പരീക്ഷ.

യുദ്ധത്തിൽ തോൽക്കുന്നവരല്ല നിബന്ധനകൾ നിർദേശിക്കേണ്ടത് : അമേരിക്കയെ പരിഹസിച്ച് ഇറാൻ

യുദ്ധത്തിൽ തോൽക്കുന്നവരല്ല നിബന്ധനകൾ നിർദേശിക്കേണ്ടത് : അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ : വെടിനിർത്തൽ നീട്ടിവെക്കുന്നുവെന്ന അമേരിക്കൻ നിലപാടിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബർഗർ ഗാലിബാഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി. തോറ്റുകൊണ്ടിരിക്കുന്ന പക്ഷമല്ല നിബന്ധനകൾ നിർദേശിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിൽ നിന്നും വ്യത്യസ്തമല്ലെന്നും മുഹമ്മദി വ്യക്തമാക്കി.

“ട്രംപിന്റെ വെടിനിർത്തലിൽ കാര്യമായി ഒന്നുമില്ല. തോൽക്കുന്ന പക്ഷമല്ല നിബന്ധനകൾ നിഷ്കർഷിക്കേണ്ടത്. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിനു തുല്യമാണ്. അത് സൈനികമായി നേരിടേണ്ടതാണ്. നിലവിൽ വെടിനിർത്തൽ നീട്ടിവെക്കുന്നതായുള്ള ട്രംപിന്റെ നടപടി അപ്രതീക്ഷിത ആക്രമണങ്ങൾക്കായി സമയം കണ്ടെത്താനുള്ള തന്ത്രമാണ്. ഇറാൻ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്നാണ് മഹ്ദി മുഹമ്മദി എക്‌സിൽ കുറിച്ചിരിക്കുന്നത്.

സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാൻ നേതൃത്വത്തിന് നിർദ്ദേശം രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നറിയിച്ച് പാകിസ്ഥാൻ അഭ്യർത്ഥന നടത്തിയതിനാലാണ് വെടിനിർത്തൽ നീട്ടിവെക്കുന്നതെന്നാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അപ്പോഴും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമ്പദ് വ്യവസ്ഥ പൂർണമായി തകരുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പ്രസിഡന്റ് കുറിച്ചു.

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

കുടക്: കര്‍ണാടകയിലെ കുട്ടയില്‍ യുഎസ് വിനോദ സഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടക് ജില്ലയിലെ കുട്ട ഗ്രാമത്തില്‍ ഹോംസ്റ്റേയില്‍ വച്ചാണ് അതിക്രമം. സംഭവത്തില്‍ ഹോംസ്റ്റേ ഉടമ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ പാചകക്കാരനും ഹോംസ്റ്റേയിലെ കെയര്‍ടേക്കറുമായ ജീവനക്കാരനാണ് പ്രധാന പ്രതി. ഇയാള്‍ക്കെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനും അധികൃതരെ അറിയിക്കാത്തതിനും ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തത്.

ഒരു ആഴ്ച മുമ്പാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായിട്ടുള്ളത്. മദ്യത്തില്‍ ലഹരിമരുന്ന കലര്‍ത്തി അബോധാവസ്ഥയിലാക്കിയാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തനിക്ക് മദ്യത്തില്‍ മദ്യം കലര്‍ത്തിയിട്ടുണ്ടെന്ന് ഇര ആരോപിച്ചു.

അതേസമയം, യുഎസ് വനിത വിഷയം പുറത്തുപറയാതിരിക്കാന്‍ ഹോംസ്റ്റേ ഉടമ മൂന്ന് ദിവസത്തോളം വൈ-ഫൈ സേവനങ്ങള്‍ വിച്ഛേദിച്ചു. വിഷയം പറഞ്ഞുതീര്‍ക്കാനും ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് മൈസൂരുവിലേക്ക് പോകാനെന്ന വ്യാജേന ഹോംസ്‌റ്റേ വിട്ട യുഎസ് വനിത വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് ബിന്ദു മണി ആര്‍കെ പറഞ്ഞു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു.

ഹോര്‍മൂസില്‍ വീണ്ടും വെടിവെയ്പ്പ്, ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

ഹോര്‍മൂസില്‍ വീണ്ടും വെടിവെയ്പ്പ്, ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് പ്രദേശത്ത് വച്ചാണ് കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഐആര്‍ജിസി ഗണ്‍ബോട്ട് വെടിയുതിര്‍ത്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ആക്രമണത്തില്‍ കപ്പലിന് സാരമായ കേടുപാടുണ്ടായതായും യുകെഎംടിഒയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരുള്‍പ്പെടെ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ പുരോഗമിക്കെ കഴിഞ്ഞ ദിവസങ്ങളും ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതും മേഖലയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കിടിയ്യുണ്ത്്. യുഎസിന്റെ കടല്‍ക്കൊള്ളയാണെന്നും വെടിനിര്‍ത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാവികസേന കപ്പല്‍ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നല്‍കിയ വിശദീകരണം.

തൗസ്‌ക എന്ന ഇറാനിയന്‍ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവന്‍സ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്. യുഎസും ഇറാനും തങ്ങളുടെ നിലപാടുമായി മുന്നോട്ട്‌പോകുമ്പോള്‍ പശ്ചിമേഷ്യ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍.

അവിശ്വാസികള്‍ക്ക് ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ല : സുപ്രീംകോടതി

അവിശ്വാസികള്‍ക്ക് ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ല : സുപ്രീംകോടതി

ഡല്‍ഹി: അവിശ്വാസികള്‍ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവിധിയുടെ പുനഃപരിശോധനാ വേളയില്‍ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി ബി നാഗരത്‌നയുടേതാണ് ഈ നിരീക്ഷണം. വിശ്വാസികള്‍ വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യില്ല. യുക്തി നോക്കിയല്ല വിശ്വാസികള്‍ ആചാരങ്ങള്‍ പാലിക്കുന്നത്. വിശ്വാസമില്ല എന്നതുകൊണ്ടു തന്നെ അവിശ്വാസികള്‍ ഇതു ചോദ്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്ത്രി കണ്ഠരരു രാജീവരുടെ അഭിഭാഷകനായ വി ഗിരിയുടെ വാദമാണ് ഇന്ന് ആദ്യം നടന്നത്. ഈ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. അവിശ്വാസികള്‍ വിശ്വാസികളുടെയോ, ആചാരങ്ങളുടേയോ യുക്തി ചോദ്യം ചെയ്യാറില്ല. കാരണം അവര്‍ ആ വിശ്വാസത്തെ പിന്തുടരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരു വിശ്വാസം, ആചാരം എന്നിവയുടെ ഭാഗമായി നിന്നുകൊണ്ട്, യുക്തിക്ക് അപ്പുറത്തു നിന്നുകൊണ്ടാണ് വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ശബരിമലയിലെ ആചാരം, ഹിന്ദുമതത്തിന്റെ അവിഭാജ്യ ആചാരമായി കേരളത്തിലെ ജനങ്ങള്‍ കാണുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതിപ്രവേശന വിലക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ സ്ത്രീകള്‍ അടക്കം പൂര്‍ണമനസ്സോടെ പാലിച്ചു വരുന്നുണ്ട്. ശബരിമലയിലേക്ക് പോകാതെ തന്നെ അവര്‍ അതു പാലിക്കുന്നുണ്ടെന്നും വി ഗിരി പറഞ്ഞു.

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ആ വിശ്വാസത്തിന്റെയും പ്രതിഷ്ഠയുടേയും സ്വഭാവത്തിന്റെ ഭാഗമായാണ് ആചാരങ്ങള്‍ പാലിക്കുന്നതെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. വിഗ്രഹം തൊടാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍, ഒരു വിശ്വാസിയുടെ രക്ഷയ്ക്ക് ഭരണഘടന എത്തേണ്ടതല്ലേ എന്ന് സുപ്രീം കോടതി തന്ത്രിയോട് ആരാഞ്ഞു. ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി പോകുമ്പോള്‍ അത് പ്രതിഷ്ഠയുടെ സവിശേഷതകള്‍ക്ക് വിരുദ്ധമാകരുത് എന്ന് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്

കേരളത്തിലെ ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനവുമായി ബന്ധപ്പെട്ട ഹര്‍ജികളും, വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയും വ്യാപ്തിയും സംബന്ധിച്ച കാര്യങ്ങളുമാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.