by Midhun HP News | Apr 21, 2026 | Latest News, ദേശീയ വാർത്ത
തെന്നിന്ത്യയിലെ നമ്പർ വൺ യുവ സംഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. ആറാം ക്ലാസ് മുതൽ താൻ 1,000 ത്തിലധികം പാട്ടുകൾ കമ്പോസ് ചെയ്ത് വച്ചിട്ടുണ്ടെന്നും 60 വയസ് കഴിയുമ്പോൾ താൻ അതൊക്കെ ഉപയോഗിക്കുമെന്നും പറയുകയാണ് സായ് ഇപ്പോൾ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കാർ.
“എന്റെ കയ്യിലിപ്പോൾ 1000ത്തിലധികം പാട്ടുകളുണ്ട്. ആറാം ക്ലാസ് മുതൽ ഞാൻ കമ്പോസ് ചെയ്തതാണ് അതെല്ലാം. 60 വയസ്സിനു ശേഷം ഞാൻ അത് ഉപയോഗിക്കും. 60 വയസ്സിനു ശേഷം എന്റെ ആരോഗ്യം അല്ലെങ്കിൽ മാനസികാരോഗ്യം മോശമാണെങ്കിൽ ഞാൻ ആ പാട്ടുകൾ ഉപയോഗിക്കും.
ആയിരവും ഉപയോഗിക്കുമെന്ന് ഞാൻ പറയുന്നില്ല. അതിൽ നിന്ന് ഏറ്റവും മികച്ചത് ഏതാണോ അത് ഞാനുപയോഗിക്കും. അതിൽ ഏതൊക്കെയാണ് നല്ലതെന്ന് എനിക്കോർമയുണ്ട്. ഇനി അഥവാ മറന്നുപോയാൽ ഞാൻ ഒന്നു കൂടി പോയി കേട്ട് നോക്കും. അപ്പോൾ എനിക്ക് ഓർമ വരും”.- സായ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനായി നോക്കിയയുടെ ഒരു സാധാരണ സെറ്റാണ് താൻ ഉപയോഗിക്കുന്നതെന്നും സായ് കൂട്ടിച്ചേർത്തു. “ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമെല്ലാം സോഷ്യൽ മീഡിയയിലുണ്ട്.അതിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയയുടെ ഒരു സാധാരണ സെറ്റ് ഞാൻ വാങ്ങി. ആ ലെജൻഡ് ഫോൺ- അതാണ് ഞാൻ ഉപയോഗിക്കുന്നത്. സംവിധായകരും നിർമാതാക്കളുമൊക്കെ ഇടയ്ക്ക് എന്നെ ആ ഫോണിലേക്കാണ് വിളിക്കാറ്.
കൂടുതൽ സമയവും ആ ഫോണിൽ തന്നെ ലഭ്യമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. സ്മാർട്ട് ഫോണിൽ നിന്ന് പരമാവധി ഞാൻ അകന്നു നിൽക്കാറുണ്ട്”.- സായ് പറഞ്ഞു. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സായ്‌യുടേതായി റിലീസിനൊരുങ്ങുന്ന പ്രൊജക്ട്. അല്ലു അർജുൻ ചിത്രം രാക്കയിലും സായ് ആണ് സംഗീതമൊരുക്കുന്നത്.

by Midhun HP News | Apr 21, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 79,000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ്.
ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും എണ്ണവില താഴ്ന്നതും ബാങ്കിങ് സ്റ്റോക്കിലെ മുന്നേറ്റവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്ക- ഇറാന്‍ ചര്‍ച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെയാണ്. നിഫ്റ്റി ബാങ്കിങ് സൂചിക 0.8 ശതമാനമാണ് ഉയര്‍ന്നത്. പ്രധാനമായി ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. റിയല്‍റ്റി, മെറ്റല്‍, ഓട്ടോ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. 16 പൈസയുടെ നഷ്ടത്തോടെ 93.32 എന്ന നിലയിലാണ് രൂപ. ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയിന്മേലുള്ള ഊഹക്കച്ചവടത്തിന് തടയിടാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും അടക്കമുള്ള വിഷയങ്ങളാണ് രൂപയില്‍ പ്രതിഫലിക്കുന്നത്.

by Midhun HP News | Apr 21, 2026 | Latest News, കായികം, ദേശീയ വാർത്ത
മാഡ്രിഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചും സുഹൃത്തുക്കളാണ്. മാത്രമല്ല ഇരുവരും പരസ്പരം ആരാധിക്കുന്നുമുണ്ട്. ഇന്ത്യ സന്ദർശിക്കണമെന്ന തന്റെ ഏറെ നാളായുള്ള ആഗ്രഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം. ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകനായി എത്തിയപ്പോഴാണ് താരം തന്റെ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞത്.
24 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ അദ്ദേഹം തന്റെ ഇന്ത്യന്‍ ആരാധകരെക്കുറിച്ചു വാചാലനായി. പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യം സവിശേഷമാണെന്നും ജോക്കോ വ്യക്തമാക്കി.
‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും എനിക്ക് വ്യക്തിപരമായി ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും സ്‌നേഹ ബഹുമാനങ്ങള്‍ക്കും നന്ദി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്റെ ഉള്ളിലുണ്ട്. ഇന്ത്യന്‍ ആരാധകരുമായി കൂടുതല്‍ അടുക്കാനും താത്പര്യമുണ്ട്. താമസിയാതെ തന്നെ ഇന്ത്യയില്‍ വച്ച് നമ്മള്‍ നേരില്‍ കാണും.’
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോക്കോ മനസ് തുറന്നു. താന്‍ ഒരു ക്രിക്കറ്റ് ആരാധകനായി മാറാന്‍ കാരണം വിരാട് കോഹ്‌ലിയാണെന്നു ജോക്കോ പറഞ്ഞു.
‘വിരാട് എന്റ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ ക്രിക്കറ്റ് പിന്തുടരാന്‍ തുടങ്ങിയത് അദ്ദേഹം കാരണമാണ്. ഞാനും വിരാടും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇന്ത്യയിലേക്ക് വന്ന് വിരാടിനൊപ്പം ടെന്നീസും ക്രിക്കറ്റും കളിച്ച് ആഘോഷമാക്കാനും എനിക്കു പദ്ധതിയുണ്ട്- ജോക്കോവിച് വ്യക്തമാക്കി.
കായിക ലോകത്തെ അതികായരായ രണ്ട് പ്രതിഭകളുടെ ഒത്തുചേരല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ജോക്കോയുടെ സന്ദര്‍ശനം സംബന്ധിച്ചു നിലവില്‍ ഔദ്യോഗിക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജോക്കോവിച്ചിന്റെ വാക്കുകള്‍ ഈ കൂടിക്കാഴ്ചയുടെ സാധ്യതകളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്.
by Midhun HP News | Apr 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഇടിവ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 0.59 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 95 ഡോളറില്‍ താഴെയാണ് എണ്ണവില.
പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലും യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന പ്രതീക്ഷകളാണ് എണ്ണവില കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ( ഡബ്ല്യുടിഐ) വില ബാരലിന് 87 ഡോളറില്‍ താഴെയെത്തി.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും ഉപരോധത്തിന്റെ ഭാഗമായി ഇറാനിയന്‍ ചരക്കുകപ്പല്‍ യുഎസ് പിടിച്ചെടുത്തതും കാരണം തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. ബ്രെന്റ് ക്രൂഡ് 5.6 ശതമാനവും ഡബ്ല്യുടിഐ 6.9 ശതമാനവുമാണ് ഇന്നലെ വര്‍ധിച്ചത്. എന്നാല്‍ ഈ ആഴ്ച പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിലേക്കോ അല്ലെങ്കില്‍ എണ്ണ വിതരണം പുനരാരംഭിക്കാന്‍ സഹായിക്കുന്ന വിപുലമായ കരാറിലേക്കോ നയിച്ചേക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഇന്ന് വില കുറയാന്‍ കാരണമായത്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ടെഹ്റാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

by Midhun HP News | Apr 21, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: വാഷിങ്ടണ്‍: രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്നും ഇറാന്‍ വിട്ടു നിന്നേക്കുമെന്ന സൂചനകള്‍ക്കിടെ നിലപാട് കടുപ്പിച്ച് അമേരിക്ക. സമാധാന കരാറിന് ഇറാന്‍ ഉടന്‍ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നാവിക ഉപരോധം അവസാനിപ്പിക്കില്ല. ഉപരോധം ഇറാനെ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കാര്യങ്ങളെല്ലാം വളരെ നന്നായി പോകുന്നുണ്ട്. യുഎസ് സൈന്യം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് യുഎസിന്റെ ഉപരോധമാണ്. കരാര്‍ ഉണ്ടാകുന്നത് വരെ ഉപരോധം പില്‍വലിക്കില്ല. ഇത് ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളര്‍ വീതമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ മേല്‍ യാതൊരുവിധ സമ്മര്‍ദവുമില്ലെന്ന് ട്രംപ് കുറിച്ചു.’കരാറില്‍ ഏര്‍പ്പെടാന്‍ എനിക്ക് മേല്‍ സമ്മര്‍ദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വായിച്ചിരുന്നു. ഇത് സത്യമല്ല. യാതൊരുവിധ സമ്മര്‍ദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തില്‍ തന്നെ സംഭവിക്കും’. ട്രംപ് കുറിച്ചു. ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ വിജയത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.അതിനിടെ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേല്‍ പ്രേരിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേല്‍ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ നിലപാടുകളുമാണ് ആക്രമണത്തിന് പിന്നിലെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലേതുപോലെ ഇറാനിലെ ഫലവും അതിശയകരമായിരിക്കും. പുതിയ നേതാക്കള്‍ മികച്ചതെങ്കില്‍ ഇറാന് സമൃദ്ധമായ ഭാവി ഉണ്ടാകുമെന്നും ട്രംപ് കുറിച്ചു.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: നടന്‍ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസില്‍ ജൂണ്‍ 15-ന് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചെങ്കല്‍പേട്ട് കുടുംബ കോടതി. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ഏപ്രില്‍ 20-ന് നടന്ന വാദത്തിന് ശേഷമാണ് ജഡ്ജി ശശികല കേസ് ജൂണ്‍ പകുതിയിലേക്ക് മാറ്റിയത്.
2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോള്‍ പേപ്പറില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സര്‍ക്കിളുകളില്‍ നിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. എന്നാല്‍ അതേ സമയം ആ നടിയോടൊപ്പം അദ്ദേഹം വിദേശ യാത്രകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസണ്‍ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹര്‍ജിയില്‍ പറഞ്ഞു. തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവര്‍ ആരോപിക്കുന്നു.
വിവാഹമോചന വാര്‍ത്തകള്‍ക്കിടയിലും വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം. കൂടാതെ, ‘ജനനായകന്‍’ എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് വിജയ്.

Recent Comments