എസ്‌ഐആര്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

എസ്‌ഐആര്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍) ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചുപോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആര്‍ നടപടികള്‍ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തേ എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോടു സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്. കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും.

ഡിജിറ്റല്‍ അറസ്റ്റ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ഡിജിറ്റല്‍ അറസ്റ്റ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്കര്‍മാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന് വെളിയിലേക്ക് പോകാനും സിബിഐയ്ക്ക് അനുമതി നല്‍കി. അന്വേഷണ സമയത്ത് സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കൃത്രിമബുദ്ധിയും മെഷീന്‍ ലേണിങ് ടൂളുകളും ഉപയോഗിച്ച് അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോള്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്റെ സഹായം തേടി.

‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നത് ഒരു സൈബര്‍ തട്ടിപ്പാണ്. അതില്‍ നിയമപാലകരായി വേഷമിട്ട് എത്തുന്ന തട്ടിപ്പുകാര്‍ ഓഡിയോ അല്ലെങ്കില്‍ വിഡിയോ കോളുകള്‍ വഴി ഇരകളെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഭയം സൃഷ്ടിച്ച് ഇര അറസ്റ്റിലാണെന്നും നിയമനടപടികളോ തടങ്കലോ ഒഴിവാക്കാന്‍ പണം കൈമാറണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

ഡെൽഹി: പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. സമ്മേളനത്തിന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു.

അതേസമയം എസ്ഐആറിൽ വിശദമായി ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,ഡിഎംകെ, സമാജ് വാദി പാർട്ടി എന്നീ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടു കൊള്ള തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെതിരെ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന് തീരുമാനം.

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

റാഞ്ചി: ഫിറ്റ്‌നെസും ഫോമും തുടരുന്നതിനാല്‍ കോഹ്‌ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാംശു കൊടക്. 2027ലെ ഏകദിന ലോകകപ്പില്‍ കോഹ്‌ലി കളിച്ചേക്കുമെന്നും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സൂചന നല്‍കി.

‘2027 ലോകകപ്പിനെക്കുറിച്ച് നമ്മള്‍ ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന ഫോര്‍മാറ്റില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്’ കൊടക് പറഞ്ഞു.

‘കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മള്‍ എന്തിന് നോക്കണമെന്നറിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങും ഫിറ്റ്‌നസും കണക്കിലെടുത്താല്‍ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,’ കൊടക് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് കയ്യില്‍ ശരിയായി ഗ്രിപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷിത് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയതിന് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്രയധികം മഞ്ഞുള്ളപ്പോള്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാകുമായിരുന്നു’, കൊടക് വ്യക്തമാക്കി.

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ ആകാം; 1,20,000 വരെ ശമ്പളം

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ ആകാം; 1,20,000 വരെ ശമ്പളം

കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) ഒഴിവ്. ജൂനിയർ മാനേജർ തസ്തികയിൽ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമ,എഞ്ചിനീറിങ്,എംബിഎ, ബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 17.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

മൈനിംഗ് – 13

ജിയോളജി – 8

സർവേ – 2

എൻവയോൻമെന്റ് – 3

ഇലക്ട്രിക്കൽ – 3

മെക്കാനിക്കൽ – 8

സിവിൽ – 6

മിനറൽ പ്രോസസ്സിങ് – 6

ഫിനാൻസ് – 6

എച്ച്ആർ – 1

അഡ്മിന്‍ – 3

നിയമം – 3

മെറ്റീരിയൽസ് & കോൺട്രാക്ട്സ് – 2

അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ജനറൽ /ഓ ബി സി / ഇ ഡൗബ്ലു എസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് സൗജന്യമായി അപേക്ഷ സമർപ്പിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. നിയമനം ലഭിക്കുന്നവർക്ക് 30,000 മുതൽ 1,20,000 വരെ ശമ്പളം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതയും കൂടുതൽ വിവരങ്ങൾക്കും https://www.hindustancopper.com/ സന്ദർശിക്കുക.

എസ്‌ഐആര്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

എസ്ഐആർ: കേരളത്തിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

ഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍) ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, എസ്ഐആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാനുമുള്ള സമയം ഡിസംബർ നാലു വരെ ആയിരുന്നത് ഡിസംബർ 11 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒമ്പതിനു പകരം, 16 ലേക്കും മാറ്റിയിട്ടുണ്ട്.