‘ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു’; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

‘ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു’; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

ഡല്‍ഹി: ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പരാതിയുമായി ഇടത് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ ദൂരദര്‍ശനെ ഉപയോഗിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

2026 ഏപ്രില്‍ 18 ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്ത സമയത്ത്, പ്രധാനമന്ത്രി തന്റെ സംപ്രേക്ഷണത്തിലൂടെ ദൂരദര്‍ശനെ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഈ ലംഘനത്തിന് നടപടിയെടുക്കണം എന്നും പാര്‍ട്ടികള്‍ ആരോപിച്ചു.

നേരത്തെ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉള്‍പ്പെടെ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഔദ്യോഗിക പ്ലാറ്റ്‌ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തു. രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു.

പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ യു എസ് തുടര്‍ച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ യു എസ് കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം. അമേരിക്കന്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.

‘എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം’

‘എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം’

ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവര്‍ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയമെന്നും ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണിത്. അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നും പ്രിയങ്ക പറഞ്ഞു.

‘മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇത് കാണിക്കുന്നത്.

ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണെന്ന് ഞാന്‍ ആദ്യമേ പറയാന്‍ ആഗ്രഹിക്കുന്നു. ഫെഡറല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനും ജനാധിപത്യത്തെ തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണപക്ഷത്തെ നേതാക്കളുടെ മുഖത്ത് ആ പരാജയം പ്രകടമായിരുന്നു’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

അംഗസംഖ്യ കൂട്ടി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. വനിതകളെ മറയാക്കി ഭരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വനിതകളുടെ രക്ഷക പരിവേഷത്തിനായാണ്. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി വിശേഷിപ്പിച്ചത് കരിദിനമെന്നാണ്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായതെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം കാണാമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒരുപാട് മാറി. ഇനി പിആര്‍ വര്‍ക്ക് ഇന്ത്യയില്‍ നടക്കില്ല. 2023ല്‍ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയില്‍ മാറ്റം വരുത്താതെ നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. .പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം.

അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമം ആണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണു കൊണ്ടുവന്നത്. കറുത്ത ദിനം സര്‍ക്കാരിനാണ്. എല്ലാം വനിതകള്‍ കാണുന്നുണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

ടെഹ്‌റാന്‍: ലബനനിലെ വെടിനിര്‍ത്തലിന് പിന്നാലെ തുറന്ന ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍. ഇറാന്‍ ഹോര്‍മൂസ് തുറന്നതായി പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിക്കാത്ത യുഎസ് നടപടി ചൂണ്ടിക്കാട്ടിയാണ് കടലിടുക്ക് അടയ്ക്കുന്നതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐര്‍ജിസിയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇറാന്‍ അറിയിച്ചു.

താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നായിരുന്നു ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നു ഇറാന്‍ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ, പ്രതികരിച്ച ഡോണള്‍ഡ് ട്രംപ് മേഖലയിലെ യുഎസ് ഉപരോധം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

അഗാധമായ ദുഃഖം; വാല്‍പ്പാറ അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

അഗാധമായ ദുഃഖം; വാല്‍പ്പാറ അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

ഡല്‍ഹി: വാല്‍പ്പാറ വാഹനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി. എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിച്ച രാഷ്ട്രപതി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും പ്രതികരിച്ചു.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹാദിന്‍ (11), മസ്നീന്‍ (10) എന്നിരാണ് ചികിത്സയിലുള്ളത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നീട്ടി അമേരിക്ക

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നീട്ടി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി 30 ദിവസത്തേക്ക് കൂടി നീട്ടി അമേരിക്ക. 2026 മേയ് 16 വരെ രാജ്യങ്ങള്‍ക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

റഷ്യന്‍ ഇറക്കുമതി ഉപരോധത്തില്‍ മാര്‍ച്ച് മുതല്‍ അമേരിക്ക അനുവദിച്ച ഇളവുകള്‍ നീട്ടുകയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പുണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 17-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇളവ് ബാധകമാകുന്നത്. ഇറാന്‍, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കാതിരിക്കാനും വിലക്കയറ്റം തടയാനുമാണ് അമേരിക്കയുടെ ഈ നീക്കം.