‘സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം’; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

‘സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം’; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

മുംബൈ: ഓസ്ട്രേലിയയിലെ വനിതാ ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു പിൻമാറി ഇന്ത്യൻ താരം ജെമിമ റോ‍ഡ്രി​ഗ്സ്. ബി​ഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ് താരമാണ് ജെമിമ. ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹ താരവുമായ സ്മൃതി മന്ധാനയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് താരം ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു പിൻമാറിയത്.

സ്മൃതിയുടെ വിവാ​ഹം മാറ്റി വച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വിവാഹച്ചടങ്ങുകൾ മാറ്റിയത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്മൃതിയ്ക്കു പിന്തുണ നൽകുന്നതിന്റെ ഭാ​ഗമായാണ് ജെമിമയുടെ പിൻമാറ്റം.

ഈ ഘട്ടത്തിൽ സ്മൃതിയുടെ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്നു ജെമിമ ക്ലബിനോടു വ്യക്തമാക്കുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്നു ബ്രിസ്ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്‌ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്‌മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു.

അതിനിടെ സ്മൃതിയും സം​ഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം ഇനി നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിവാഹം മാറ്റി വയ്ക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‍കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. അതിനിടെയാണ് സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അതിനിടെ പലാഷ് മുച്ഛലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി വിട്ടു. നിലവിൽ വിവാ​ഹം എന്നു നടക്കും എന്നതടക്കമുള്ള വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ്: ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് ന​ഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ കുതിച്ചെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടില്ല.ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വി​ഗദ്ധ ചികിത്സ ഉറപ്പാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് തന്ത്രമോതാൻ പിആർ ശ്രീജേഷ്; ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യയ്ക്ക് തന്ത്രമോതാൻ പിആർ ശ്രീജേഷ്; ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് പോരാട്ടത്തിനു ഇന്ന് തുടക്കം. ചെന്നൈ, മധുര എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ. മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ പിആർ ശ്രീജേഷാണ് ഇന്ത്യയുടെ പരിശീലകൻ. ഇന്ത്യ അവസാനം നേടിയ രണ്ട് ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ നേട്ടത്തിലും കളിക്കാരനെന്ന നിലയിൽ നിർണായക പങ്കു വഹിച്ചതിന്റെ മഹത്തായ ചരിത്രമുള്ള ശ്രീജേഷ് പരിശീലകനെന്ന നിലയിലുള്ള തന്റെ വലിയ പോരിനാണ് ഇറങ്ങുന്നത്.

ജൂനിയർ ഹോക്കി ലോകകപ്പിൽ രണ്ട് തവണ ചാംപ്യൻമാരായ ടീമാണ് ഇന്ത്യ. 9 വർഷങ്ങൾക്കു ശേഷം ജൂനിയർ ലോക കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.

24 ടീമുകളാണ് ലോക പോരിൽ നേർക്കുനേർ വരുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ​ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോപാട്ടം. ഗ്രൂപ്പ് ചാംപ്യൻമാരും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും. പൂൾ ബിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ചിലി, സ്വിറ്റ്സർലൻ‍ഡ്, ഒമാൻ ടീമുകളാണ് ​ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികൾ. ഇന്ന് വൈകീട്ട് 5.45നാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ചിലിയാണ് എതിരാളി. ​ഇന്ന് ഇന്ത്യയുടെ മത്സരമടക്കം എട്ട് പോരാട്ടങ്ങളാണ് നടക്കുക.

പൂൾ ബിയിൽ ഇന്ത്യക്കൊപ്പം മത്സരിക്കേണ്ടിയിരുന്ന ടീമായിരുന്നു പാകിസ്ഥാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർ ടൂർണമെന്റിൽ നിന്നു പിൻമാറി. പാക് ടീമിനു പകരമാണ് ഒമാന് ലോകകപ്പ് പോരിനു അവസരമൊരുങ്ങിയത്.

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമികള്‍ നിയമവിരുദ്ധമായി കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചുവെന്ന ആരോപണത്തില്‍ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷന്‍ (എസിസി) കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് ഹസീനക്കെതിരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രഖ്യാപിക്കും.

ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസദ് ജോയിക്ക് കോടതി അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും വിധിച്ചു. ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വാസദ് പുട്ടുലിന് കോടതി അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2024 ജൂലൈയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെത്തുടര്‍ന്ന് നാടുവിട്ട ഹസീന ഇന്ത്യയില്‍ കഴിയുകയാണ്.

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിഇഎ) അധ്യക്ഷനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 03 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന അംഗരാജ്യങ്ങളുടെ കൗണ്‍സില്‍ യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റെടുക്കും.

ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് സ്വീഡനിലെ സ്റ്റോക് ഹോം ആസ്ഥാനമായി 1995 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന ഐഐഡിഇഎ. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സും ജപ്പാനും നിരീക്ഷകരായും സംഘടനയിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ, ഉത്തരവാദിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ 2026 ലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും ഗ്യാനേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.

ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തില്‍

ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തില്‍

ഡല്‍ഹി: കേരളത്തിലെ 518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 483 സ്റ്റേഷനുകള്‍ ക്രമസമാധാനപാലനത്തിനുള്ള സ്റ്റേഷനുകള്‍ ആണ്.

ഒന്നാംഘട്ടത്തില്‍ 520 സ്റ്റേഷനുകളിലാണ് സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാഞ്ഞൂര്‍, വൈത്തിരി ഒഴികെയുള്ളവയില്‍ സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തിയതായി സൂപ്രീം കോടതിയെ അറിയിച്ചു. 13 എണ്ണം റെയില്‍വെ പൊലീസ് സ്റ്റേഷനുകളും 10 എണ്ണം തീരദേശ പൊലീസ് സ്റ്റേഷനുകളും 14 എണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളും ആണ്. 20 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ 28 സ്റ്റേഷനുകളില്‍ക്കൂടി സിസിടിവി സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.