റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ലെന്നു അമേരിക്ക

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ലെന്നു അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക. എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താൽക്കാലിക ഇളവ് ഇന്ത്യക്ക് നൽകിയിരുന്നത്.

ഇറാനിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകളും ഇനി പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു.

കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും യുഎസ് ട്രംഷറി സെക്രട്ടറി സൂചിപ്പിച്ചു.

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

ഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ സാധിക്കും. ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലം വരുന്ന ദിവസം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അക്കൗണ്ട് സെറ്റ് ചെയ്യാനാണ് നിര്‍ദേശം. APAAR ID ഇല്ലാത്ത വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കറിലെ ‘Issued Documents’ എന്ന വിഭാഗത്തില്‍ ലഭ്യമാകും.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്‌സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിനെ പ്രധാന ശുപാര്‍ശ. ബില്ലിന്മേല്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷമായ ഇന്ത്യ മുന്നണി പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം. മണ്ഡല പുനര്‍ നിര്‍ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വനിതാ ബില്ലിനു പുറമെ, അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും യോഗത്തില്‍ ചര്‍ച്ചയാകും.സ്ത്രീ സംവരണം, ദേശീയ അതിര്‍ത്തി നിര്‍ണ്ണയം, ലോക്സഭയിലെ സീറ്റുകളുടെ വര്‍ദ്ധനവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഷയങ്ങളെ, ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം കൂട്ടിക്കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയെ ‘ഭരണഘടനയ്‌ക്കെതിരായ ആക്രമണം’ എന്നാണ് സോണിയാഗാന്ധി വിശേഷിപ്പിച്ചത്.

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് എണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണവില കുറയാന്‍ തുടങ്ങിയത്. 105 ഡോളര്‍ കടന്ന് കുതിച്ചിരുന്ന എണ്ണവിലയാണ് ഒറ്റയടിക്ക് നൂറ് ഡോളറില്‍ താഴെ എത്തിയത്. യുഎസ്, ഇസ്രയേല്‍, ഇറാന്‍ എന്നിവര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ വെച്ച് പുനരാരംഭിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ നീക്കത്തെ ബാധിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ എണ്ണ ലഭ്യത കൂടുമെന്ന പ്രതീക്ഷയിലാണ് വില കുറയുന്നത്.

‘ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു’; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

‘ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു’; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് സൂചന. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഒരു സാധ്യതയും അവസാനിപ്പിച്ചിട്ടില്ലെന്നും ട്രംപ് സൂചിപ്പിച്ചു. പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.