കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

ഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.

മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് സൂപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നൂറ് ശതമാനംസാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ഭാരത് ഡൈനാമിക്സിൽ 156 ഒഴിവ്; ഐ ടി ഐ പാസായവർക്ക് അവസരം

ഭാരത് ഡൈനാമിക്സിൽ 156 ഒഴിവ്; ഐ ടി ഐ പാസായവർക്ക് അവസരം

ഭാരത് ഡൈനാമിക്സിൽ (BDL) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. 156 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 14 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8.

ട്രേഡുകളും ഒഴിവുകളുടെ എണ്ണവും

ഫിറ്റർ – 70

ഇലക്ട്രീഷ്യൻ – 10

ഇലക്ട്രോണിക്സ് മെക്കാനിക് – 30

മെഷിനിസ്റ്റ് – 15

മെഷിനിസ്റ്റ് ഗ്രൈൻഡർ – 02

മെക്കാനിക് ഡീസൽ – 05

മെക്കാനിക് R & AC (റിഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്) – 05

ടർണർ – 15

വെൽഡർ – 04

വിവിധ ട്രേഡുകൾക്കായി അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ഓരോ ട്രേഡിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു പൊതു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://bdl-india.in/ സന്ദർശിക്കുക.

പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല: സുപ്രീംകോടതി

പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല: സുപ്രീംകോടതി

ഡല്‍ഹി: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഔറംഗാബാദിലെ ഒരു അഭിഭാഷകനെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

വിയോജിപ്പിലോ നിരാശയിലോ അവസാനിച്ചു എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധത്തില്‍ സംഭവിച്ച ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റാന്‍ കഴിയില്ലെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സമ്മതത്തോടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിലേയ്ക്ക് നയിക്കില്ല. പ്രാരംഭ ഘട്ടത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ദാമ്പത്യ ബന്ധമായി മാറുന്നില്ലെങ്കില്‍ അതിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും തുടക്കം മുതല്‍ തന്നെ സ്ത്രീയെ വഞ്ചിക്കുകയായിരുന്നെന്നും തെറ്റായ വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീ സമ്മതം നല്‍കിയതെന്നും തെളിയിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

“ബലാത്സംഗത്തിനും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനും ഇടയില്‍ വ്യക്തമായ വ്യത്യാസമുണ്ട്. പ്രതി യഥാര്‍ത്ഥത്തില്‍ ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നോ അതോ ലൈംഗികതൃപ്തിക്ക് വേണ്ടി മാത്രം തെറ്റായ വാഗ്ദാനം നല്‍കിയിരുന്നോ എന്ന് കോടതി ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്,” ബെഞ്ച് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷകന്‍ ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഈ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇരുവരും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതും മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനിന്നതാണെന്നും ആ കാലയളവില്‍ സ്ത്രീ ഒരിക്കലും സമ്മതമില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ചില്ലെന്നും കോടതി കണ്ടെത്തി.

ഛത്രപതി സംഭാജിനഗറില്‍ 2024ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവനാംശം ലഭിക്കുന്നതിനായുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി 2022ല്‍ അഭിഭാഷകനെ കണ്ടുമുട്ടുന്നത്. കാലക്രമേണ, ഇരുവരും അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അഭിഭാഷകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. പലതവണ ഗര്‍ഭം ധരിച്ചതായും അയാളുടെ സമ്മതത്തോടെ ഗര്‍ഭധാരണം അവസാനിപ്പിച്ചതായും സ്ത്രീ ആരോപിച്ചു. ഒടുവില്‍ അയാള്‍ തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഭിഭാഷകന്‍ വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും പിന്നീട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 528 പ്രകാരം കേസ് റദ്ദാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈക്കോടതി കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

റിസ്‌കില്ലാതെ ഒറ്റത്തവണ നിക്ഷേപത്തില്‍ വരുമാനം ഉറപ്പാക്കാം, ഇതാ മൂന്ന് വഴികള്‍

റിസ്‌കില്ലാതെ ഒറ്റത്തവണ നിക്ഷേപത്തില്‍ വരുമാനം ഉറപ്പാക്കാം, ഇതാ മൂന്ന് വഴികള്‍

റിട്ടയര്‍ ആയാല്‍ സ്ഥിരം വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാസംതോറും നിക്ഷേപിക്കുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക നിക്ഷേപിച്ച് മാസംതോറും പെന്‍ഷന്‍ പോലെ സ്ഥിരമായി വരുമാനം ലഭിക്കുന്ന പദ്ധതികളോടാണ് മിക്കവര്‍ക്കും പ്രിയം. റിട്ടയര്‍ കാലത്ത് സ്ഥിര വരുമാനത്തിന് മുടക്കം സംഭവിക്കാതിരിക്കാന്‍ റിസ്‌ക് കുറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളാണ് കൂടുതലായി പരിഗണിക്കാറ്.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക മാസ വരുമാനമായി ഉണ്ടാക്കാന്‍ പറ്റുന്ന റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളില്‍ ചിലതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനും. ഇവ ഓരോന്നും പരിശോധിക്കും.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.

5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.

മാസം തോറുമുള്ള വരുമാന പദ്ധതി

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)

നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.

50 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് എട്ടു ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ വര്‍ഷത്തില്‍ 1.75 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മാസത്തിലേക്ക് കണക്കാക്കിയാല്‍ 14,600 രൂപ മുതല്‍ 16700 രൂപ വരെയാണ്. നികുതി, പണപ്പെരുപ്പം എന്നിവ പരിഗണിക്കാതെയുള്ള കണക്കാണിത്.

സെന്‍സെക്‌സ് 85,000ന് മുകളില്‍, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ ‘ഗ്രീനില്‍’

സെന്‍സെക്‌സ് 85,000ന് മുകളില്‍, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ ‘ഗ്രീനില്‍’

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും റിസര്‍വ് ബാങ്കിന്റെ ഇടപെടലുമാണ് രൂപയ്ക്ക് കരുത്തായത്.

ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 89ലേക്കാണ് രൂപയൂടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 50 പൈസയുടെ നേട്ടത്തോടെ 89.16 ലാണ് രൂപ ക്ലോസ് ചെയ്തത്. തൊട്ടുമുൻപത്തെ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട ശേഷമാണ് രൂപയുടെ തിരിച്ചുവരവ്. വെള്ളിയാഴ്ച രൂപ 98 പൈസയാണ് ഇടിഞ്ഞത്. 89.66 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് രൂപ അന്ന് താഴ്ന്നത്. തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങള്‍ രൂപയ്ക്ക് കരുത്താകുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 0.33 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 63.16 ഡോളറായാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്

പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് ദയനീയം. ഭാഗ്യത്തിനു സ്‌കോര്‍ 201 വരെ എത്തി. അത്രമാത്രം. വഴങ്ങിയത് 288 റണ്‍സ് ലീഡ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 489 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടന്‍ (13), എയ്ഡന്‍ മാര്‍ക്രം (12) എന്നിവരാണ് ക്രീസില്‍. നിലവില്‍ അവര്‍ക്ക് 314 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

97 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും 92 പന്തുകള്‍ നേരിട്ട് 48 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചത്. കെഎല്‍ രാഹുലാണ് അല്‍പ്പ നേരം പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 22 റണ്‍സുമായി മടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ബാറ്റിങ് തുടങ്ങിയത്. 65 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കെഎല്‍ രാഹുലാണ് മടങ്ങിയത്.

പിന്നീട് യശസ്വി ജയ്‌സ്വാളിനൊപ്പം സായ് സുദര്‍ശന്‍ അല്‍പ്പ നേരം പിടിച്ചു നിന്നെങ്കിലും 40 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി. പിന്നാലെ ധ്രുവ് ജുറേല്‍ (0), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാര്‍ റെഡ്ഡി (10) എന്നിവരും തുടരെ കൂടാരം കയറി.

95 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമെന്ന നിലയില്‍ നിന്ന് പൊടുന്നനെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് വാഷിങ്ടന്‍ സ്‌കോര്‍ 200നു അരികില്‍ വരെ എത്തിച്ചത്.

കുല്‍ദീപ് 134 പന്തുകള്‍ ചെറുത്ത് 19 റണ്‍സുമായി വാഷിങ്ടനെ കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്തു. ജസ്പ്രിത് ബുംറ (5), മുഹമ്മദ് സിറാജ് (2) എന്നിവരുടെ സംഭാവന കൂടി ആയതോടെയാണ് സ്‌കോര്‍ 201ല്‍ എത്തിയത്.

ബാറ്റിങിനിറങ്ങി ഇന്ത്യയെ തച്ചു തകര്‍ത്ത മാര്‍ക്കോ യാന്‍സനാണ് ബൗളിങിലും അന്തകനായത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ 3 വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ സെനുറാന്‍ മുത്തുസാമി (109) നേടിയ സെഞ്ച്വറിയുടേയും മാര്‍ക്കോ യാന്‍സന്‍ നേടിയ അര്‍ധ സെഞ്ച്വറി (93) യുടേയും ബലത്തിലാണ് പ്രോട്ടീസ് മികച്ച സ്‌കോറുയര്‍ത്തിയത്. മുത്തുസാമി 10 ഫോറും 2 സിക്‌സും പറത്തി. യാന്‍സന്‍ 6 ഫോറും 7 സിക്‌സും സഹിതം 91 പന്തുകള്‍ നേരിട്ട് അതിവേഗം റണ്‍സ് വാരി.