ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ വാന്‍സ്, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഒരു ഉടമ്പടിയില്ലാതെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തടസപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവര്‍ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതാണ് നല്ല വാര്‍ത്ത. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാര്‍ത്ത’ -വാന്‍സ് പറഞ്ഞു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥികരിച്ചു.

യുഎസിന്റെ ‘അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലാവും.

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, നൗഷാദ്‌, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). ബിആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1990 കളിൽ സിനിമയിൽനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്

ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ‌്‌ലെ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്.

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ആശാ ബോസ്‌ലെയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സൂചന. ആശ ബോസ് ലെയുടെ ആരോഗ്യ നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ആശാ ബോസ്‌ലെയുടെ ആരോഗ്യത്തിനും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനും പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്‌ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ ആശ ബോസ്‌ലെ. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കൊച്ചുമകള്‍ സനായ് ഭോസ്ലെ അഭ്യര്‍ഥിച്ചു.

ശ്വാസകോശ സംബന്ധമായ അണുബാധയും കടുത്ത ക്ഷീണവും ആശാ ഭോസ്ലെയ്ക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദ്ഗധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആശ ഭോസ്ലെ.

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ വൻ പ്രതിസന്ധിയിലാണ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദും സംഘവും.

എന്നാൽ, അവസാന മത്സരത്തിൽ ഒരൊറ്റ റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതോഴിച്ചാൽ കളിച്ച മറ്റ് മത്സരങ്ങളിലും മികച്ച വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.

സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ചു തുടങ്ങാൻ ചെന്നൈയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. എല്ലാവരും കണ്ണുകൾ സഞ്ജു സാംസണിലാണ് സീസണിൽ ഇത് വരെ ഫോമിലെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിൽ ടീമിലെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല.

ഈ സീസണിൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ടോപ് ഓർഡർ തുടർച്ചയായി പരാജയപ്പെടുന്നതാണ് ടീമിന്റെ പ്രശ്‌നം. ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല.

എന്നാൽ, മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന നിമിഷം വരെ പോരാടിയ ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ശക്തി. കഴിഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് ടീം തോൽക്കാൻ കാരണം ഡേവിഡ് മില്ലറാണെന്ന വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. ഇതിന് ബാറ്റിലോടെ മറുപടി നൽകാൻ മില്ലർക്ക് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

ഡൽഹി: പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്കായി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കൾ ഡൽഹി പൊലീസിന്‍റെ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം സിസിടിവികൾ സ്ഥാപിച്ച് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘമാണ് പിടിയിലായത്. കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീർ, അൽവാർ എന്നിവിടങ്ങളിലാണ് സിസിടിവികൾ കണ്ടെത്തിയത്.

സിസിടിവികൾ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കൾ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ പിടിയിലായത്. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് തോക്കടക്കം ആയുധങ്ങളും കണ്ടെത്തി.

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് എം പിയുടെ ആക്ഷേപം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം, സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു തേടിയത്. എന്നാല്‍, ആത്മഹത്യകളുടെ വര്‍ഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയില്ല. പകരം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനും നിര്‍ദ്ദേശിച്ചിക്കുന്നു. അതേസമയം, എന്നാല്‍, ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍, ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിങ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല.

അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണെന്നും, വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കണമെന്നും ബ്രിട്ടാസ് പറയുന്നു.