വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

ഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ ഉറപ്പാക്കുന്ന നിയമ നിര്‍മാണം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ്. സംവരണത്തെ സെന്‍സസുമായും മണ്ഡല പുനര്‍നിര്‍ണ്ണയവുമായും ബന്ധിപ്പിക്കാനുള്ള നീക്കം സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. വനിതാ സംവരണത്തിന് സിപിഎം എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ചില നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പുണ്ടായിട്ടും ബില്ലിനെ പിന്തുണച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യമുള്ള വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ വിപുലമായ സംവാദം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

എന്നാല്‍, സെന്‍സസും മണ്ഡല പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന 2029-ലെ പൊതുതെരഞ്ഞെടുപ്പിലും വനിതാ സംവരണം ഇല്ലാതാക്കും. പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സെന്‍സസ് തുടങ്ങാനോ ഡിലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. വനിതാ സംവരണം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍ സംവരണത്തെ സെന്‍സസില്‍ നിന്നും മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ നിന്നും വേര്‍പെടുത്തണം.

ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാല്‍ 2029 മുതല്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയര്‍ത്തുന്നതിനും അതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനും കേന്ദ്രം കൂടുതല്‍ വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ഇന്‍ഡോര്‍: മഹാകുംഭ മേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആധാര്‍ കാര്‍ഡിലെ പ്രായം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നേതൃത്വത്തില്‍ അഡ്വ. പ്രഥം ദുബെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രായം സംബന്ധിച്ച വിവരം പുറത്ത് വന്നത്. മാര്‍ച്ച് 17-ന് പ്രഥം ദുബെ ഈ വിഷയം കമ്മീഷന് മുന്‍പാകെ ശക്തമായി ഉന്നയിച്ചിരുന്നു.

കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ആശുപത്രിയിലെ രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍’; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

‘വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍’; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വീട്ടില്‍ നിന്നാണ് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.

ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വലിയ തോതില്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ പണം കണ്ടെടുത്ത സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ പ്രതികരിച്ചത്. പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കേന്ദ്രമന്ത്രി ജെ പി നദ്ദ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂര്‍, നിയമ-നീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു നേതാവും പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാര്‍ ഝാ, രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. ഹിന്ദിയില്‍ ആയിരുന്നു നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്സില്‍ പങ്കുവെച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്തെ കുറിച്ചു അനുസ്മരിച്ചു.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ നിതീഷ് കുമാര്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ പുതിയ ചുവട് മാറ്റത്തോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ അധികാരമേല്‍ക്കും. ഏപ്രില്‍ 14 ന് ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് അദ്ദേഹം സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം രാജിവച്ചിരുന്നു. മാര്‍ച്ച് 16 ന് ആണ് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്.

ബാബുവ ബുധനഗിരിക്ക് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചിലിനായി കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദ മാതാപിതാക്കൾക്കൊപ്പം നാലാം തീയതിയാണ് ഇവർ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.