യുഎസ് ചാരസംഘടനയുമായി ബന്ധപ്പെട്ടു?; മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

യുഎസ് ചാരസംഘടനയുമായി ബന്ധപ്പെട്ടു?; മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു.

ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനാണ് യുവാക്കള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കഫേ സെന്റര്‍ നടത്തിയിരുന്ന അമന്‍ കുമാര്‍ അടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.യുവാക്കള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. പ്രതികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചു വരികയാണ്. അമന്‍ നേരത്തെ ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ വിദേശബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022 ല്‍ അമനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അമന്റെ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ മകന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് അമന്റെ മാതാപിതാക്കളായ ഗണേഷ് തിവാരിയും ഗീതാ കുമാരിയും പറയുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റം എന്താണെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

‘ഏത് പ്രകോപനവും നേരിടാന്‍ തയ്യാര്‍’; യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

‘ഏത് പ്രകോപനവും നേരിടാന്‍ തയ്യാര്‍’; യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിന്‍ വ്യാഴാഴ്ച അറിയിച്ചു. ഏപ്രില്‍ 11 വൈകിട്ട് 4 മണി മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍.

നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, യുഎസ് മുഖേന ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം കൈമാറിയതായി സെലെന്‍സ്‌കി നേരത്തേ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി ക്രെംലിന്‍ അറിയിച്ചു.

ശത്രുപക്ഷത്ത് നിന്നുള്ള ഏത് പ്രകോപനത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഈ മാതൃക യുക്രൈനും പിന്തുടരുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ക്രെംലിന്‍ വ്യക്തമാക്കി.

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

ടെഹ്‌റാന്‍: യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു.

യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലപാടുകളില്‍ നിര്‍ണായകമാറ്റം വരുത്തും.

ഇത് ഇറാന്റെ നയതന്ത്രത്തിലെ നിര്‍ണ്ണായകമായ ഒരു പുതിയ അധ്യായമാണെന്നും ഖമേനി പറഞ്ഞു. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും മുജ്തബ ഖമേനി കൂട്ടിച്ചേര്‍ത്തു.

ഒറ്റ കളി കൊണ്ട് അളക്കണ്ട; ചെയ്‌സിങ് റെക്കോര്‍ഡില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും!

ഒറ്റ കളി കൊണ്ട് അളക്കണ്ട; ചെയ്‌സിങ് റെക്കോര്‍ഡില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും!

ഡല്‍ഹി: ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതെ ദക്ഷിണാഫ്രിക്ക ബാറ്റര്‍ ഡേവിഡ് മില്ലര്‍ ആരാധകരുടെ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കൈയിലിരുന്ന മത്സരം മില്ലറുടെ ഭാവനാശൂന്യതയില്‍ അവര്‍ക്ക് നഷ്ടമായി. ഗുജറാത്ത് ഒരു റണ്ണിന്റെ നാടകീയ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിത്.

റണ്‍സ് ചെയ്‌സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ മികവ് ശ്രദ്ധേയമാണ്. ഇന്ത്യക്കായും ആര്‍സിബിക്കായും മികച്ച റെക്കോര്‍ഡ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കുണ്ട്. അതേസമയം ഐപിഎല്‍ പോരാട്ടങ്ങളില്‍ ചെയ്‌സിങില്‍ മികച്ച ശരാശരി പക്ഷേ കോഹ്‌ലിക്കല്ല എന്നതാണ് വിരോധാഭാസം. ആ മികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഡേവിഡ് മില്ലറാണ്!

125 ഇന്നിങ്‌സുകളില്‍ നിന്ന് 4027 റണ്‍സുമായി ഐപിഎല്ലിലെ ചെയ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ്ലി തന്നെയാണ്. ഐപിഎല്ലില്‍ 8758 റണ്‍സാണ് കോഹ്‌ലിക്കുള്ളത്. ചെയ്‌സിങില്‍ 10 അതില്‍ കൂടുതല്‍ ഇന്നിങ്‌സുകള്‍ ചെയ്‌സ് ചെയ്തു മികവ് പുല്‍ത്തിയ 231 ബാറ്റര്‍മാരില്‍ ശരാശരിയില്‍ മില്ലറാണ് മുന്നില്‍ക്കുന്നത്. ഈ പട്ടികയില്‍ കോഹ്‌ലി പത്താം സ്ഥാനത്താണ്.

41.51 ശരാശരിയോടെ പത്താം സ്ഥാനത്താണ്. മില്ലറുടെ ശരാശരി 49.08 ആണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മില്ലറുടെ സഹ താരമായി കളിക്കുന്ന കെഎല്‍ രാഹുലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. താരത്തിന്റെ ചെയ്‌സിങിലെ ശരാശരി 47.92 ആണ്.

ഇന്നലെ ഒരു മത്സരത്തില്‍ പിഴവ് സംഭവിച്ചെങ്കിലും ചെയ്‌സിങ് ശരാശരിയില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും.

ഐപിഎല്ലില്‍ 67 ഇന്നിങ്‌സുകളില്‍ നിന്നു 49.08 എന്ന മികച്ച ശരാശരിയില്‍ 1,816 റണ്‍സ് മില്ലര്‍ നേടിയിട്ടുണ്ട്, 12 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 142.54 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം മുന്നില്‍ നില്‍ക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 52 പന്തില്‍ നിന്ന് 92 റണ്‍സ് നേടി ഫോമിലേക്ക് മടങ്ങിയെത്തിയ മില്ലറുടെ ഡിസി സഹതാരം കെഎല്‍ രാഹുല്‍, 66 ഇന്നിങ്സുകളില്‍ നിന്നു 47.92 എന്ന ശരാശരിയോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ചെയ്‌സിങില്‍ 25 അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 138.22 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ 2,636 റണ്‍സ് നേടിയിട്ടുണ്ട്.

‘ഡേവിഡ് മില്ലർ തെറ്റുകാരനല്ല, കാരണമുണ്ട്’; പിന്തുണയുമായി സുനിൽ ഗാവസ്കർ

‘ഡേവിഡ് മില്ലർ തെറ്റുകാരനല്ല, കാരണമുണ്ട്’; പിന്തുണയുമായി സുനിൽ ഗാവസ്കർ

ഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ പരാജയത്തിൽ ഡേവിഡ് മില്ലറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്തിൽ സിംഗിൾ നേടാൻ മില്ലർ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആയേനെ. പക്ഷെ, ആ നീക്കം താരത്തിന് ഭാഗത്ത് നിന്നുണ്ടാകാഞ്ഞതിന് വ്യക്തമായ കരണമുണ്ടെന്നാണ് ഗാവസ്കർ പറയുന്നത്.

“ ആ ഓവറിൽ കളത്തിലിറങ്ങിയ കുൽദീപ് നേരിട്ട ആദ്യ പന്ത് തന്നെ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറിയിരുന്നു. ആ രീതിയിൽ നോക്കുമ്പോൾ കുൽദീപിന് അവസാന പന്തിൽ സ്ട്രൈക്ക് നൽകാൻ മില്ലർക്ക് കഴിയുമായിരുന്നു. എന്നാൽ മത്സരത്തിലെ സാഹചര്യം പരിശോധിച്ചാൽ മുൻ ഓവറിലും ആ ഓവറിലും മില്ലർ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ അദ്ദേഹത്തിന് വിജയ റൺ നേടാനുള്ള ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു, അതാണ് മില്ലർ സ്ട്രൈക്ക് കൈമാറാൻ മടിച്ചത്” ഗാവസ്കർ പറഞ്ഞു.

ഒരു താരത്തിന് നിർണായക ഘട്ടത്തിൽ തീരുമാനം എടുക്കാനുള്ള കഴിവ് വളരെ പ്രധാനമാണ്. മില്ലർക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്ട്രൈക്ക് കൈവശം വച്ചത് ഗാവസ്കർ വ്യക്തമാക്കി.

”തോൽ‌വിയിൽ ഞാൻ മില്ലറെ കുറ്റപ്പെടുത്തില്ല. വിജയ റൺ നേടാനുള്ള ആത്മവിശ്വാസത്തിലാണ് താരം ബാറ്റ് വീശിയത്. എന്നാൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന പന്ത് വളരെ മികച്ചതായിരുന്നു. ആ ബൗൾ നല്ല രീതിയിൽ കളിയ്ക്കാൻ മില്ലർക്ക് കഴിഞ്ഞില്ല. ക്രിക്കറ്റിൽ ചില സമയങ്ങളിൽ ഇതൊക്കെ സംഭവിക്കും” ഗാവസ്കർ പറഞ്ഞു.

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

ഡൽഹി: വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോ​ഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ.

നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ എന്ന പേരിലുള്ള ബിൽ ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർ നിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും കേന്ദ്രസർക്കാർ അവതരിപ്പിക്കും.

ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽനിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യും. 2029-ലെ പൊതുതെരഞ്ഞെടുപ്പിലാകും നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും പട്ടികജാതി, പട്ടിക വർ​ഗ സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.

2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം പൂർത്തിയാക്കും. 2027 സെൻസസ് പൂർത്തിയാക്കിയശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പഴയ സെൻസസ് മാനദണ്ഡമാക്കുന്നത്. സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതാണ് ഭേദ​ഗതി വരുത്തുന്നത്.