by Midhun HP News | Apr 9, 2026 | Latest News, ദേശീയ വാർത്ത
മനാമ:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈന്‍. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി.
മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ കാര്യാലയം വ്യക്തമാക്കി. വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേര്‍ന്ന് നിരന്തരമായ ഏകോപനം തുടര്‍ന്നുവരികയാണെന്നും അറിയിച്ചു.
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
മംഗളുരു: കുടകിൽ വനത്തിനുള്ളിൽ അകപ്പെട്ട മലയാളി യുവതിക്കെതിരെ പൊലീസ് അന്വേഷണം. നാദാപുരം സ്വദേശി ജി എസ് ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രവർത്തകരാണ് പരാതി നൽകിയത്. പ്രശസ്തി നേടാനായി നടത്തിയ നാടകമാണ് ശരണ്യയെ കാണാതായ സംഭവമെന്ന് സംശയിക്കുന്നതായാണ് പരാതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരണ്യയെ കണ്ടെത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് കുടകിലെ ബിജെപി നേതാക്കൾ യുവതിക്കെതിരെ പരാതി നൽകിയത്.
കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. ഏപ്രിൽ രണ്ടിന് രാവിലെ ഏഴ് മണിക്കാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായ ശരണ്യ ട്രെക്കിങിനായി ഇവിടെയുള്ള വനംവകുപ്പിൻ്റെ ചെക്ക് പോസ്റ്റിലെത്തിയത്. 8:15ന് ഒറ്റയ്ക്ക് എത്തിയ ശരണ്യയെ ട്രക്കിങിന് എത്തിയ മറ്റ് 9 പേർക്കൊപ്പം മുകളിലേക്ക് കയറ്റിവിട്ടു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്.
മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്താതിരുന്നതാണ് ആശങ്കയ്ക്ക് കാരണമായത്. പിന്നീട് നൂറുപേരടങ്ങുന്ന അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിന് ശേഷമാണ് ശരണ്യയെ കണ്ടെത്തിയത്.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡാറ്റ ഇല്ലാതെ വെറും കോളിങും എസ്എംഎസ് സൗകര്യവും മാത്രമുള്ള താങ്ങാനാവുന്ന മൊബൈല്‍ പ്ലാനുകള്‍ പുറത്തിറക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ശുപാര്‍ശയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ ലഭ്യമായ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളില്‍ ഡാറ്റ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ട്രായ് ഇങ്ങനെയൊരു മാറ്റം നിര്‍ദ്ദേശിച്ചത്.
‘ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പതിമൂന്നാം ഭേദഗതി) റെഗുലേഷന്‍, 2026’ എന്ന കരട് നിയമത്തിലാണ് റെഗുലേറ്റര്‍ ഈ കാര്യം വ്യക്തമാക്കിയത്. ഓരോ ടെലികോം കമ്പനിയും കോളിങ്ങിനും എസ്എംഎസിനും മാത്രമായി ചുരുങ്ങിയത് ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും അവതരിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കമ്പനികള്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റിയുള്ള വളരെ കുറച്ച് പ്ലാനുകള്‍ മാത്രമാണ് നല്‍കുന്നതെന്നും ട്രായ് നിരീക്ഷിച്ചു.
ഇത്തരം വോയ്സ്-എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും ട്രായ് ചൂണ്ടിക്കാണിച്ചു. ഡാറ്റ ഒഴിവാക്കുമ്പോള്‍ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും ട്രായ് കണ്ടെത്തി.
മുന്‍പുണ്ടായിരുന്ന മാറ്റങ്ങള്‍ ഫലപ്രദമല്ലാത്തതിനാലാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവരുന്നതെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ഉള്‍പ്പെട്ട പ്രത്യേക വാലിഡിറ്റി കാലയളവിലുള്ള ഓരോ പ്ലാനിനും തുല്യമായി, ഡാറ്റ ഇല്ലാത്ത കോളിങ്- എസ്എംഎസ് പ്ലാനുകള്‍ കൂടി സേവനദാതാക്കള്‍ നല്‍കണമെന്നതാണ് പ്രധാന ഭേദഗതി നിര്‍ദേശം. ഈ ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ഗുണമാകും. ഈ നിര്‍ദ്ദേശത്തിന്മേല്‍ ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഏപ്രില്‍ 28നകം അഭിപ്രായം പറയാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പണ, വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വായ്പ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ പ്രതിസന്ധി, അസംസ്‌കൃത എണ്ണ വില വര്‍ധന, എല്‍ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം. രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാണ് റിസര്‍വ് ബാങ്ക് ഊന്നല്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതിന് മുമ്പ് റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം.
എസ്ഡിആര്‍ അഞ്ചു ശതമാനമായും എംഎസ്എഫ് നിരക്ക് 5.5 ശതമാനമായും തുടരും. സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള സമ്പദ്വ്യവസ്ഥ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. സംഘര്‍ഷത്തിന് മുന്‍പ് ഇന്ത്യ ശക്തമായ വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവും പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും, മറ്റ് സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്നും ആഗോള ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന മൊഹ്‌സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്‌സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് മൊഹ്‌സിന കിദ്വായി. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മൊഹ്‌സിന കിദ്വായി വഹിച്ചത്.
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തില്‍ മുല്ല കുത്തബുദ്ദിന്‍ അഹമ്മദിന്റെയും സെഹ്റയുടേയും മകളായി 1932 ജനുവരി ഒന്നിനായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടി.
1950-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മൊഹ്‌സിന 1960ല്‍ ഉത്തര്‍ പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മൊഹ്‌സിന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം.
ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം.
തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്. എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു.

ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്.

Recent Comments