by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, വെടിവയ്പ് നിര്‍ത്താന്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതോടൊപ്പം തന്നെ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് യുദ്ധത്തിന്റെ അവസാനമല്ല, എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തണം.’- പ്രസ്താവനയില്‍ ഖമേനി പറഞ്ഞു. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘ഇത് യുദ്ധത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരുന്നു, ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടും.’- വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘യുദ്ധത്തിന്റെ മിക്കവാറും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും നിങ്ങളുടെ ധീരരായ മക്കള്‍ ശത്രുവിനെ ചരിത്രപരമായ നിസ്സഹായതയിലേക്കും ശാശ്വതമായ പരാജയത്തിലേക്കും എത്തിച്ചുവെന്നുമുള്ള ശുഭവാര്‍ത്ത ഇപ്പോള്‍ ഞങ്ങള്‍ ഇറാന്റെ മഹത്തായ രാഷ്ട്രത്തിന് നല്‍കുന്നു.’- ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തില്‍, യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 39 ദിവസത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് ഇറാനിലേക്ക് 15 ഇന നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി ചര്‍ച്ചകള്‍ക്കായി പരിഷ്‌കരിച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍ ചുവടെ:
ഇറാന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം.
‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ’ എല്ലാ ഘടകങ്ങള്‍ക്കും എതിരായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത.
മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുക.
അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ഇറാന്റെ ആധിപത്യം ഉറപ്പുനല്‍കുന്ന സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിക്കുക.
കണക്കാക്കിയ പ്രകാരം ഇറാന് ഉണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നല്‍കുക.
എല്ലാ പ്രാഥമിക, അനുബന്ധ ഉപരോധങ്ങളും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും സെക്യൂരിറ്റി കൗണ്‍സിലിന്റെയും പ്രമേയങ്ങളും നീക്കം ചെയ്യുക.
വിദേശത്തുള്ള ഇറാന്റെ തടഞ്ഞുവെച്ച എല്ലാ ആസ്തികളും വസ്തുവകകളും വിട്ടുനല്‍കുക.
ഈ ഇനങ്ങളെല്ലാം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുക.
10 ഇന പദ്ധതിയിലെ തത്വങ്ങള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്നും ഇറാന്‍ വ്യക്തമാക്കി.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുത്തനെ ഇടിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി ഇതിനോട് പ്രതികരിച്ചു. എണ്ണവില കുറയുകയും ബോണ്ട് നിരക്കുകള്‍ ഉയരുകയും യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിന്ന തടസ്സങ്ങള്‍ക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവില ഇടിഞ്ഞത് ഇന്ത്യയ്ക്കും ആശ്വാസമാകും. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായി വരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ മേഖലയില്‍ സമാധാനം പുലരുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ സജീവമാകുന്നത് എണ്ണവില കുറയാന്‍ ഇടയാക്കുമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകും.


by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം മതപരമായ വിശ്വാസത്തിന്റെയും മതത്തിലെ പ്രത്യേക വിഭാഗത്തിന്റെ സ്വയംഭരണാധികാരത്തിന്റെയും പരിധിയില്‍ വരുന്ന കാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അതിനാല്‍ തന്നെ നീതിന്യായ പുനഃപരിശോധനയ്ക്ക് അതീതമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍ വിധി പുനഃപരിശോധിക്കാനായി നിയോഗിച്ച 9 അംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ആചാരങ്ങളില്‍ ശാസ്ത്രീയമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്, അല്ലാതെ കോടതികളല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളെയും അന്തസ്സുമായോ ശരീരസ്വാതന്ത്ര്യവുമായോ ബന്ധിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.
ഉദാഹരണമായി ‘ഒരു മസാര്‍ സന്ദര്‍ശിക്കുമ്പോഴോ ഗുരുദ്വാരയില്‍ പോകുമ്പോഴോ തല മറയ്ക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അവിടെ എന്റെ അന്തസ്സോ അവകാശമോ ചോദ്യം ചെയ്യപ്പെടുന്നു എന്ന് എനിക്ക് പറയാനാവില്ല.’ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും, കോടതികള്‍ ഇത്തരം വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുള്ളത്.
നരബലി എന്നത് തങ്ങളുടെ അവിഭാജ്യമായ മതപരമായ ആചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം കോടതിയെ സമീപിച്ചാല്‍, അത് മതപരമായി അനിവാര്യമാണോ എന്ന് കോടതി പരിശോധിക്കേണ്ട കാര്യമില്ല. മറിച്ച്, അത് പൊതുസമാധാനത്തെയും ധാര്‍മ്മികതയെയും നേരിട്ട് ലംഘിക്കുന്നു എന്ന കാരണത്താല്‍ കോടതിക്ക് അത് തള്ളിക്കളയാം.
എന്നാല്‍ ഒരു മതപരമായ ആചാരം യുക്തിസഹമാണോ, ആധുനികമാണോ, ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണോ, അല്ലെങ്കില്‍ കോടതിയുടെ ബോധ്യങ്ങള്‍ക്ക് സ്വീകാര്യമാണോ എന്ന തരത്തിലുള്ള പരിശോധനാ രീതികള്‍ നിരാകരിക്കണം. ‘പരിവര്‍ത്തനപരമായ ഭരണഘടനാവാദം’ അല്ലെങ്കില്‍ ‘ഭരണഘടനാപരമായ ധാര്‍മ്മികത’ തുടങ്ങിയ വ്യക്തിനിഷ്ഠമായ ആശയങ്ങള്‍ ആചാരങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള പരിശോധന ഭരണഘടനാപരമായ അവലോകനമല്ല. മറിച്ച്, മതപരമായ സ്വയംബോധത്തിന് പകരം കോടതിയുടെ തത്വശാസ്ത്രത്തെ പ്രതിഷ്ഠിക്കലാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ബെഞ്ചിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ ആശ്രയിച്ചായിരിക്കും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്തിയുടെയോ, പ്രായോഗികതയുടെയേ, ഭൂരിപക്ഷ താല്പര്യത്തിന്റെയോ ലൗകിക മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാ രീതികളും നിലനില്‍ക്കുന്നതിനാലാണ് ഭരണഘടന മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നത് എന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ഭരണഘടനാപരമായ ധാര്‍മ്മികത എന്ന പദം ഭരണഘടനയില്‍ ഒരിടത്തും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അത് കോടതികള്‍ സ്വയം വികസിപ്പിച്ചെടുത്ത അസ്പഷ്ടവും കൃത്യതയില്ലാത്തതുമായ ഒരു സങ്കല്‍പ്പമാണ്. ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ധാര്‍മ്മികത’ എന്ന പദത്തെ ‘ഭരണഘടനാപരമായ ധാര്‍മ്മികത’ എന്ന് വിപുലീകരിച്ച് വ്യാഖ്യാനിക്കുന്നത് കോടതിയുടെ അമിതാധികാര പ്രയോഗം മാത്രമല്ല, ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതിക്ക് തുല്യവുമാണ്. ഏതെങ്കിലും ഒരു മതത്തെ വ്യാഖ്യാനിക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കുന്നതില്‍ അന്തര്‍ലീനമായ അപകടസാധ്യതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം. പെഡഗഡിലി സ്വദേശിയായ 21-കാരൻ ദോല അജിത് ബാബുവിനാണ് ജീവൻ നഷ്ടമായത്. മത്സരത്തിൽ അംപയർ ആയിരുന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അരിലോവ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെഡഗഡിലിയിൽ മൂന്ന് ടീമുകൾ തമ്മിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. വിനായക നഗർ, ചക്കളി പേട്ട, പെഡഗഡിലി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളാണ് 20 ഓവർ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ വിനായക നഗറും ചക്കളി പേട്ടയും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവങ്ങളുടെ തുടക്കം.
മത്സരത്തിനിടെയുണ്ടായ റൺഔട്ട് തീരുമാനത്തെച്ചൊല്ലി ബാറ്ററായ ഡി അജിത് എതിർ ടീമംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുക ആയിരുന്നു. മത്സരത്തിലെ അംപയർ ആയിരുന്ന ബി ചിരഞ്ജീവി സംഭവത്തിൽ ഇടപെട്ട് വിഷയം പ്രശ്നം പരിഹരിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം വിനായക നഗർ സ്വദേശിയായ കാന്ത കിഷോർ എന്നയാൾ കൊല്ലപ്പെട്ട അജിത്തിനോടും ചിരഞ്ജീവിയോടും സംഭവവുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തിയെങ്കിലും സമീപവാസികളും മറ്റ് കളിക്കാരും ഇടപെട്ട് ഇരു കൂട്ടരെയും പിന്തിരിപ്പിക്കുക ആയിരുന്നു.എന്നാൽ, രാത്രിയിൽ മത്സരത്തെക്കുറിച്ചു സംസാരിക്കാൻ കിഷോർ അജിത്തിനെയും ചിരഞ്ജീവിയെയും പെഡഗഡിലിയിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയും കിഷോർ കൈവശം ഉണ്ടായിരുന്ന കത്തി പുറത്തെടുത്ത് ഇരുവരെയും ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ അജിത്തിന്റെ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ അജിത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആക്രമണം തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും സമീപവാസികളിൽ നാല് പേർക്ക് കൂടി പരിക്കേറ്റതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക.
വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്‌ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും.
അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവര്‍ 280 ഡോളര്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 50 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന.
by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണെന്ന് വിലയിരുത്തിയാണ് മധുര ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ണായകമായ വിധി. ജഡ്ജി ജി മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ, മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥര്‍ 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം നടന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ എസ് ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘു ഗണേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ് മുരുകന്‍, എ സാമിദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം മുത്തുരാജ്, എസ് ചെല്ലദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, എസ് വെയില്‍മുത്തു എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പത്താം പ്രതിയായിരുന്ന സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ വിചാരണയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
2020 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് പി ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വെച്ച് ഇരുവരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകള്‍ കാരണം ജൂണ്‍ 22ന് ബെന്നിക്‌സും തൊട്ടടുത്ത ദിവസം ജയരാജും മരണപ്പെടുകയായിരുന്നു.
നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് ലംഘിച്ച് ക്രൂരകൃത്യം ചെയ്ത ഈ കേസ് ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന്’ കോടതി നിരീക്ഷിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം ആവര്‍ത്തിച്ചുള്ള മര്‍ദ്ദനമാണ് മരണകാരണമെന്ന് കോടതി കണ്ടെത്തി. പരിക്കുകള്‍ സ്വയം വരുത്തിവെച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം ജഡ്ജി പൂര്‍ണ്ണമായും തള്ളി. കസ്റ്റഡി മരണം വലിയ രാഷ്ട്രീയ – സാമൂഹിക വിവാദമായതോടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്ന് അന്വേഷണം ആദ്യം സിബി-സിഐഡിക്കും പിന്നീട് സിബിഐക്കും കൈമാറി.


Recent Comments