by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് വഴിയൊരുക്കുക ലക്ഷ്യമിട്ട് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ ഇടനിലക്കാര്‍ വഴിയാണ്, അമേരിക്ക, ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
മേഖലയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളില്‍ എത്തിച്ചേരുകയും ചെയ്യുക.
രണ്ടാംഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാര്‍ കൊണ്ടുവരികയും പദ്ധതിയിടുന്നു. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കും.ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കല്‍, ഇറാന്റെ യുറേനിയം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കല്‍ എന്നിവ രണ്ടാംഘട്ടത്തിലേ സാധ്യമാകൂ എന്നാണ് മധ്യസ്ഥര്‍ വിലയിരുത്തുന്നത്. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും, 48 മണിക്കൂറിനുള്ളില്‍ പ്രാഥമിക കരാറിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താൽക്കാലിക വെടിനിർത്തലുകൾക്ക് പിന്നാലെ വീണ്ടും സൈനിക നടപടികൾ ഉണ്ടായ ഗാസയിലെയും ലെബനനിലെയും മുൻകാല വെടിനിർത്തൽ കരാറുകൾക്ക് സമാനമായ ഒരു സാഹചര്യം ഒഴിവാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മധ്യസ്ഥർ മുഖേന ആശങ്ക ഇസ്രയേലിനെയും അമേരിക്കയെയും അറിയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം ഇറാൻ സമാധാനകരാറിൽ എത്തിച്ചേരണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.


by Midhun HP News | Apr 5, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍. കുവൈത്തിനെ ലക്ഷ്യമിട്ടാണ് ഇറാന്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രാജ്യത്തെ പ്രധാന തന്ത്രപ്രധാന സ്ഥാപനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.
മിനിസ്ട്രീസ് കോംപ്ലക്സ്, പവര്‍ പ്ലാന്റുകള്‍, ജലശുദ്ധീകരണ കേന്ദ്രങ്ങള്‍, ഷുവൈഖിലെ എണ്ണ കെട്ടിടങ്ങള്‍ എന്നിവയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെങ്കിലും ഒരിടത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി-ജല വിതരണ നിലയങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ രണ്ട് പവര്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായി. വൈദ്യുതി, ജല വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് വെദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹര്‍ ഹയാത്ത് പറഞ്ഞു.
അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മിനിസ്ട്രീസ് കോംപ്ലക്‌സില്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ അനുവദിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ സേന ജാഗ്രതയോടെ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.


by Midhun HP News | Apr 5, 2026 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ഐപിഎല്ലിലെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ യുവ താരം റിയാന്‍ പരാഗ് പുറത്തെടുക്കുന്ന മികവിനെ പ്രശംസിച്ച് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡു. നായകനെന്ന നിലയില്‍ സഹ താരങ്ങളുടെ വിശ്വാസവും ബഹുമാനവും നേടിയെടുക്കാന്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ റിയാന്‍ പരാഗിനു സാധിച്ചുവെന്നു റായിഡു വ്യക്തമാക്കി.
‘ടീമിനോട് അങ്ങേറ്റം ക്രിയാത്മകമായി പ്രതികരിക്കാന്‍ റിയാനു സാധിക്കുന്നു. അദ്ദേഹം മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. പരിശീലകര്‍ അദ്ദേഹത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിനു അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നു വ്യക്തം. ഒരു യുവ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ആ ബഹുമാനം നേടിയെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ടീമംഗങ്ങള്‍ കളി ആസ്വദിക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്, അത് നല്ലൊരു സൂചനയാണ്’- റായിഡു വ്യക്തമാക്കി.
മലയാളി താരവും രാജസ്ഥാനെ ദീര്‍ഘനാള്‍ നയിച്ച ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് 2026 ഐപിഎല്‍ സീസണിനു മുന്നോടിയായി 24 കാരനായ റിയാന്‍ പരാഗിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ സമയത്ത് താത്കാലിക ക്യാപ്റ്റനായി പ്രവര്‍ത്തിച്ച പരിചയവും റിയാന്‍ പരാഗിനുണ്ട്.
ഈ സീസണിലെ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. രാജസ്ഥാന്‍ 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തന്ത്രത്തിനാണ് കൈയടി കിട്ടിയത്. അവസാന രണ്ട് ഓവറുകളില്‍ എറിയുന്ന ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചാണ് റിയാന്‍ കളി ടീമിനു അനുകൂലമാക്കിയത്.
അവസാന ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെയെയാണ് റിയാന്‍ പന്തേല്‍പ്പിച്ചത്. ക്യാപ്റ്റന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. അവസാന ഓവറില്‍ ഗുജറാത്തിനു 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. തുഷാര്‍ 6 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയാണ് ടീമിനു നാടകീയ വിജയമൊരുക്കിയത്.
19ാം ഓവര്‍ എറിയാന്‍ ജോഫ്ര ആര്‍ച്ചറെയാണ് റിയാന്‍ നിയോഗിച്ചത്. പിന്നാലെയാണ് തുഷാറിനു പന്ത് നല്‍കിയത്. സന്ദീപ് ശര്‍മയും നാന്ദ്രെ ബര്‍ഗറുമാണ് രാജസ്ഥാന്റെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍. ഇരുവര്‍ക്കും പന്ത് നല്‍കിയാണ് റിയാന്‍ തന്ത്രം മാറ്റിയത്.
by Midhun HP News | Apr 5, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളില്‍ എത്തിയാല്‍ കുടകിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയും എന്നതിനാല്‍ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം എന്നാണ് എന്നാണ് സ്റ്റാലിന്റെ ആരോപണം. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.
2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ‘ഇന്ത്യന്‍ ഭാഷകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്ലാസെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ‘ഇത് പ്രതിബദ്ധതയല്ല, ഇത് കടുത്ത കാപട്യമാണ്.’ എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സമഗ്രമായ വിദ്യാഭ്യാസ നയം നടപ്പിക്കാന്‍ ആവശ്യമായ വിഭശേഷി സ്‌കൂളുകളില്‍ ഇല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആസൂത്രണമോ വിഭവങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രഖ്യാപിച്ച മറ്റൊരു തെറ്റായ നയമാണ് പാഠ്യപദ്ധതി. ഇത് ഭാഷയുടെ മാത്രം പ്രശ്‌നമല്ല, നീതിയുടെയും ഫെഡറലിസത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രശ്‌നമാണെന്നും സ്റ്റാലി ചൂണ്ടിക്കാട്ടുന്നു.
നിര്‍ബന്ധിത ഭാഷാ പഠനം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്മേലുള്ള ചുവട് വയ്പ്പ് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ പാഠ്യ പദ്ധതി. ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, വഴക്കം, കഴിവുകള്‍, പഠനത്തോടുള്ള കൂടുതല്‍ സമഗ്രമായ സമീപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പുതുക്കിയ ചട്ടക്കൂടിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായി തുടരുന്നതിനിടെ പാകിസ്ഥാന് തിരിച്ചടിയായി യുഎഇ വായ്പ തിരിച്ചടവ്. വായ്പ നല്‍കിയ തുക തിരികെ വേണമെന്ന യുഎഇയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 3.5 ബില്യണ്‍ ഡോളറിന്റെ (3.25 ലക്ഷം കോടി ഇന്ത്യന്‍ രൂപ) കടമാണ് പാകിസ്ഥാന്‍ തിരിച്ചടയ്ക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ തുക തിരിച്ചടയ്ക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നടപടി എന്നാണ് വായ്പ തിരിച്ചടവിനെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ ആഘാതം നേരിടുമ്പോഴും വായ്പ തിരിച്ചടവുമായി മുന്നോട്ട് പോവും. സാമ്പത്തിക പരിഗണനകള്‍ക്കായി ദേശീയ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. വായ്പാ തിരിച്ചടയ്ക്കുന്നത് രാജ്യത്തെ കരുതല്‍ ധനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അടിവരയിടുന്നു. എന്നാല്‍, ഉഭയകക്ഷി പരിഗണനകളും യുഎഇയുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനം ഏകദേശം 16.3 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ് കണക്കുകള്‍. ഇതില്‍ നിന്നും ഏകദേശം 3 ബില്യണ്‍ യുഎസ് ഡോളര്‍ തിരിച്ചടവ് കരുതല്‍ ധനം ഏകദേശം 18 ശതമാനം കുറയ്ക്കാന്‍ ഇടയാക്കും. നടപടി പാകിസ്ഥാന്റെ ഇറക്കുമതിയെ ഉള്‍പ്പെടെ സാരമായി ബാധിച്ചേക്കും. കരുതല്‍ ധനാനുപാതത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പാക് കറന്‍സിയുടെ മൂല്യത്തെയും സാഹചര്യം രൂക്ഷമായി ബാധിച്ചേക്കും. സ്ഥിരമായ വിദേശനാണ്യ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പാക് ധനമന്ത്രാലയവും വ്യക്തമാക്കുന്നു.
അതേസമയം, ഇന്ധനവിലയിലെ വന്‍ കുതിച്ചുചാട്ടം ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോൾ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും തുടരുകയാണ്. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു. പെട്രോള്‍ വിലയില്‍ 43 ശതമാനം വര്‍ധനയും ഹൈ-സ്പീഡ് ഡീസല്‍ (എച്ച്എസ്ഡി) നിരക്കില്‍ 55 ശതമാനം വര്‍ധനയുമാണ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 458.4 പികെആര്‍ ഉം എച്ച്എസ്ഡിക്ക് ലിറ്ററിന് 520.35 പികെആറുമാണ് രാജ്യത്ത് വില.


Recent Comments