by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ത്തത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. പാലത്തില്‍ ഇസ്രയേല്‍- യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ആക്രമണത്തില്‍ ഏതാനും സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അടിയന്തര സംഘം സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ!’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അധികം വൈകുംമുമ്പു തന്നെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ് – എന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അഞ്ച് വര്‍ഷമായി അമേരിക്ക നേടിയതുപോലെ, വിജയിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയം നേടുന്നു’ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിജയം നേടിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞു.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ബഹ്‌റൈന്‍. ഐക്യരാഷ്ട്രസഭയിലാണ് ബഹ്‌റൈന്റെ പ്രമേയം. സുരക്ഷിതമായി കടലിടുക്ക് കടക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിന് അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ബഹ്‌റൈന്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജിസിസി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം.
എന്നാല്‍ വീറ്റോ അധികാരമുള്ള ചൈന ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം അമേരിക്കയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടേയും പിന്തുണ ബഹ്‌റൈന്‍ പ്രതീക്ഷിക്കുന്നു. റഷ്യയും ബലപ്രയോഗത്തെ എതിര്‍ക്കുന്നു. വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിന് യുഎന്നില്‍ നിന്ന് ഏകീകൃത നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്രിട്ടന്‍ ലോകരാജ്യങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മൂസിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി (SSB) ട്രേഡ്സ്മാൻ & ഡ്രൈവർ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 827 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700–69,100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.
തസ്തിക – ഒഴിവുകൾ
കോൺസ്റ്റബിൾ (വെറ്ററിനറി) – 34
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം) – 553
കോൺസ്റ്റബിൾ (ഗാർഡണർ) – 41
കോൺസ്റ്റബിൾ (വാട്ടർ കാരിയർ) – 5
കോൺസ്റ്റബിൾ (കോബ്ലർ) – 25
കോൺസ്റ്റബിൾ (ടെയ്ലർ) – 41
കോൺസ്റ്റബിൾ (വാഷർമാൻ) – 74
കോൺസ്റ്റബിൾ (ബാർബർ) – 43
കോൺസ്റ്റബിൾ (വെയിറ്റർ) – 3
കോൺസ്റ്റബിൾ (കാർപെന്റർ) – 7
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി) – 1
ആകെ ഒഴിവുകൾ: 827
വിദ്യാഭ്യാസ യോഗ്യത
കോൺസ്റ്റബിൾ (വെറ്ററിനറി):
10ാം ക്ലാസ് സയൻസ് വിഷയത്തോടെ പാസ് ആയിരിക്കണം. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ വിവിധ മൃഗങ്ങളുടെ ചികിത്സയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം):
10ാം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ഹെവി വാഹന ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
കോൺസ്റ്റബിൾ (കാർപെന്റർ):
10ാം ക്ലാസ് പാസ്. കൂടാതെ:
2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ
1 വർഷം ITI സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം, അല്ലെങ്കിൽ
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് യോഗ്യത നിർബന്ധമാണ്.
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി):
10ാം ക്ലാസ് പാസ് ആയിരിക്കണം. സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് കുരിശ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കൂടാതെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച കുറഞ്ഞത് 50 ബെഡ് ആശുപത്രിയിൽ നഴ്സിങ് ഓർഡർലി ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
കോൺസ്റ്റബിൾ (ഗാർഡണർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, വെയിറ്റർ):
മെട്രിക്കുലേഷൻ (10ാം ക്ലാസ്) അല്ലെങ്കിൽ തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
1 വർഷം ITI/വൊക്കേഷണൽ സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് വിജയിക്കണം. മൾട്ടി-സ്കിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
https://ssb.gov.in/
by Midhun HP News | Apr 2, 2026 | Latest News, കായികം, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സി വീണ്ടുമണിഞ്ഞ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സച്ചിൻ വീണ്ടും നീല കുപ്പായം അണിഞ്ഞത്. ഏറെ വർഷങ്ങളായി ലോകകപ്പ് വിജയത്തിനായി കാത്തിരുന്ന ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല.
ഇന്ത്യൻ ജേഴ്സിയണിഞ്ഞു സച്ചിൻ ഗ്രൗണ്ടിലേക്ക് നടന്ന വന്ന് പിച്ചിൽ തൊട്ട് വണങ്ങുകയും അതിന് ശേഷം ക്രീസിൽ ബാറ്റ് ചെയ്യാൻ തുടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.
”ആദ്യ പന്ത് എപ്പോഴും എന്റെ ഹൃദയമിടിപ്പ് കൂട്ടും. അന്നത്തെ രാത്രിയിൽ ആ ഫീലിങ് അവസാനിച്ചതേയില്ല. ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ അന്ന് ഒരുമിച്ചു. ഒരൊറ്റ ലക്ഷ്യത്തിനായി. ഇന്ത്യയ്ക്കായി ലോകകപ്പ് വിജയിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് ആരാധകർക്കും നന്ദി. ജയ്ഹിന്ദ് ” എന്നാണ് സച്ചിൻ വിഡിയോ പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ഈ ലോകകപ്പ് വിജയത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നിരവധി ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി താരം കളത്തിലിറങ്ങി എങ്കിലും ട്രോഫി നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2011ലെ ഇന്ത്യൻ ലോകകകപ്പ് ടീമിന്റെ ഭാഗമാകാനും മികച്ച പ്രകടനം നടത്തി തന്റെ സ്വപ്നം സഫലമാക്കാനും സച്ചിൻ കഴിഞ്ഞിരുന്നു.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു.
പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാര്‍ച്ച് 21 ന് 92,00,000 ഉം 2025 മെയ് 26 ന് 99,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ രസീതുകളും സിപിഎം പുറത്തു വിട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളും സിഎംഡിആര്‍എഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വവും കേരള കര്‍ഷക സംഘവും തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സിപിഎം എല്ലാ അക്കൗണ്ടുകളെക്കുറിച്ചും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതിയും ഇതിന് ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ അവര്‍ ആ ഉത്തരവാദത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കാണിച്ച മാതൃക പിന്തുടരാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം അഭിപ്രായപ്പെട്ടു.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വില വ്യത്യാസപ്പെട്ടിരിക്കാം.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഷെല്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡീസലിന് ലിറ്ററിന് 25.01 രൂപയുടെ കുത്തനെയുള്ള വര്‍ധനയാണ് വരുത്തിയത്. സാധാരണ വേരിയന്റിന്റെ വില 123.52 രൂപയും പ്രീമിയം വില 133.52 രൂപയുമായി.
ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വില സ്ഥിരമായി നിലനിര്‍ത്തിയതിനാല്‍ സ്വകാര്യ ചില്ലറ വ്യാപാരികള്‍ നിരന്തരമായ സമ്മര്‍ദ്ദം നേരിടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഈ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Recent Comments