by Midhun HP News | Dec 16, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം ഇപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
കോട്ടയം: പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല്‍ ( 4 വയസ്സ്) ഹെയ്‌ലി (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
ശബരിമല: ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.
അരവണ വിൽപ്പനയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ശബരിമലയില്‍ ആകെവരുമാനത്തില്‍ ഉണ്ടായ 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണവില്പനയില്‍നിന്നാണ്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമെത്തി.
ദർശനത്തിന് എത്തിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനോടകം 22.67 ലക്ഷം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്‍ശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. ഒരു മകനുണ്ട്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം.വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്‌റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന റോഡിലേക്ക് മറിയുകയായിരുന്നു.
ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
by Midhun HP News | Dec 15, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു.
കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Recent Comments