ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം പരിഗണനയില്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം പരിഗണനയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാന്‍ കൈമാറാന്‍ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പൊലീസിന്റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

‘വയനാട് ദുരന്തത്തില്‍ 1 രൂപ നല്‍കിയില്ല, അമിത് ഷാ തെറ്റിദ്ധരിപ്പിക്കുന്നു

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായി കാണുന്നത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്രസംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ദരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കേന്ദ്രം ഉരുള്‍പൊട്ടലിനെപ്പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും കേരളം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം നേരത്തെ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നൊരുക്കം ഉണ്ടായിരുന്നില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു. അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം ഈ കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലുണ്ടായ പ്രസ്താവനയും കാണേണ്ടത്.

ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമേഖല സന്ദര്‍ശിച്ചത്. ഒട്ടും വൈകാതെ തന്നെ ആ മാസം 17 ന് തന്നെ നിലവിലെ സ്ഥിതിഗതികളും ദുരന്തത്തിലുണ്ടായ നഷ്ടവും എന്‍ഡിആര്‍എഫ് നിര്‍ദേശ പ്രകാരം കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. 1028 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റാണ്. മോദി വയനാട്ടില്‍ വന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. പിഡിഎന്‍എ നല്‍കാന്‍ വൈകിയെന്ന വാദം തെറ്റാണ്. ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് മൂന്ന് മാസം സമയം ആവശ്യമാണ്. എന്നാല്‍ കേരളം വളരെ കുറച്ച് സമയം മാത്രമാണ് എടുത്തത്. 583 പേജുള്ള വിശദവും സമഗ്രവുമായ റിപ്പോര്‍ട്ടാണ് സംസ്ഥാനം നല്‍കിയിട്ടുള്ളത്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒരു രൂപ പോലും നല്‍കിയില്ല.

ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി. തൊടുന്യായം പറഞ്ഞാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആദ്യത്തെ ആവശ്യം. ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മൂന്നാമതായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തേത്. ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും അനുകൂല മറുപടികള്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരാന മാത്രം; സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി ഗുരുവായൂരപ്പന്‍

ഒരാന മാത്രം; സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി ഗുരുവായൂരപ്പന്‍

തൃശൂര്‍: അഷ്ടമി വിളക്കായ ഞായറാഴ്ച രാത്രി ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളി. വിശേഷ വിളക്കിന്റെ നാലാം പ്രദക്ഷിണത്തിന് കൊമ്പന്‍ ഗോകുലാണ് സ്വര്‍ണ്ണക്കോലമേറ്റിയത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരാന മാത്രമായിട്ടായിരുന്നു എഴുന്നള്ളിപ്പ്.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകള്‍, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവന്‍ അനുസ്മരണം എന്നിവ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ആള്‍ക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില്‍ കോടതി നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തിലാണ് തീരുമാനിച്ചത്.

ഏകാദശി ദിവസത്തെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് പുറപ്പെട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും. ക്ഷേത്രത്തിലെ ശീവേലി വിളക്ക് എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.

മുനമ്പം: റവന്യൂ വകുപ്പും വഖഫ് ബോര്‍ഡും ഫാറൂഖ് കോളജും നിലപാട് അറിയിക്കണം, കത്തയച്ച്‌ ജുഡീഷ്യല്‍ കമ്മീഷന്‍

മുനമ്പം: റവന്യൂ വകുപ്പും വഖഫ് ബോര്‍ഡും ഫാറൂഖ് കോളജും നിലപാട് അറിയിക്കണം, കത്തയച്ച്‌ ജുഡീഷ്യല്‍ കമ്മീഷന്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിലപാട് തേടി സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചു. റവന്യൂ വകുപ്പ്, വഖഫ് ബോര്‍ഡ്, ഫാറുഖ് കോളജ് തുടങ്ങിയവയ്ക്കാണ് കത്തയച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

ഭൂമിയുടെ രേഖകള്‍, സ്വഭാവം, ക്രയവിക്രയം എല്ലാം അറിയിക്കാനാണ് കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുനമ്പം ആക്ഷന്‍ കൗണ്‍സിലിനോടും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വിവരം തേടിയിട്ടുണ്ട്. ജനുവരിയില്‍ ഹിയറിങ് തുടങ്ങുമെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിക്കുന്നത്. മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നോഡൽ ഓഫീസറായ തഹസിൽദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. മുനമ്പം ഭൂമി പ്രശ്നം പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

123 ശതമാനം വര്‍ധന, ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി; ആഗോള തലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

123 ശതമാനം വര്‍ധന, ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി; ആഗോള തലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ആഗോള തലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ ഇന്ത്യയാണെന്ന് ‘UBS’ Billionaire Ambitions’ റിപ്പോര്‍ട്ട് പറയുന്നു.

835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടുനില്‍ക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 2024ല്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 പുതിയ പേരുകള്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്ത് മൊത്തം 185 ശതകോടീശ്വരന്മാരാണ് ഉള്ളത്.

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം കൊണ്ട് 21 ശതമാനം വര്‍ധന. 2015 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി. 123 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കുതിച്ചുചാട്ടവും ആഗോള സമ്പത്ത് സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും ഈ വളര്‍ച്ചയ്ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. 2024-ല്‍ 84 പേരാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. മൊത്തം സമ്പത്ത് 4.6 ലക്ഷം കോടി ഡോളറില്‍ നിന്ന് 5.8 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. എന്നാല്‍ ചൈനയില്‍ മൊത്തം സമ്പത്ത് കുറഞ്ഞു. ചൈനയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.8 ലക്ഷം കോടി ഡോളറില്‍ നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറഞ്ഞു. ഇതിന്റെ ഫലമായി 93 പേര്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് പുറത്തായി.

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം’; ശ്രുതി തിരക്കേറിയ പുതിയ ജീവിതത്തിലേക്ക്

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം’; ശ്രുതി തിരക്കേറിയ പുതിയ ജീവിതത്തിലേക്ക്

കല്‍പ്പറ്റ: ‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ എല്ലാവരോടും സന്തോഷം’- വയനാട് കലക്ടേറ്ററില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നുമുതല്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. രാവിലെ പത്തുമണിയോടെ വയനാട് കലക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലെത്തിയാണ് ശ്രുതി പുതിയ ജോലിയില്‍ പ്രവേശിച്ചത്.

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരിനോട് നന്ദിയുണ്ട്, ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി ഉണ്ട്. വയ്യായ്കയുണ്ടെങ്കിലും ജോലിക്കായി എത്തും. ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജന്‍ സാര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു’- ശ്രുതി പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍ ശ്രുതിക്കൊപ്പം സിപിഎം നേതാവ് സികെ ശശീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും ഒരപകടത്തില്‍ നഷ്ടമായി. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.