by Midhun HP News | Dec 10, 2024 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ട് മധ്യസ്ഥനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലന്‍ ഹൈക്കോടതിയില്‍ നല്‍കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.
ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കൂ എന്നും വ്യക്തമാക്കിയായിരുന്നു അന്നത്തെ കോടതി നടപടി. തുടര്‍ന്നാണ് കുടുംബം മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി. സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീലിന് പുറമേ മറ്റൊരു മകള്‍ സുജാത ബോബനും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കാന്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തര്‍ക്കം പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കൊച്ചി: സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്‌പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും.
ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാര്‍ഡുകളാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്‍കിയിട്ടില്ല.ദിലീപിന് മുന്‍നിരയില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
by Midhun HP News | Dec 10, 2024 | Latest News, കേരളം
തൃശൂർ: ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്. ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്‍റെ വകയാണ് വിളക്ക്. രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം. സന്ധ്യക്ക് ഗുരുവായൂര്‍ ശശി മാരാരുടെ കേളി എന്നിവയുമുണ്ടാകും.
ദശമിദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ നടതുറന്നാല്‍ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒന്‍പതുനാണ് നടയടയ്ക്കുക. 54 മണിക്കൂര്‍ ദര്‍ശനം ലഭിക്കും. പൂജകള്‍ക്ക് മാത്രമായിരിക്കും നട അടയ്ക്കുക. വ്രതാനുഷ്ഠനാത്തിന്‍റെ ഏകാദശി ബുധനാഴ്ചയാണ്. രാവിലെ ആറരയ്ക്കാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്. സാധാരണ രാവിലെ ഒന്‍പതു മണിയോടെയാണ് എഴുന്നള്ളിപ്പ് നടക്കാറ്.എന്നാല്‍ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടര മണിക്കൂര്‍ നേരത്തെയാക്കിയത്. പ്രസാദ ഊട്ട് രാവിലെ ഒന്‍പതു മണിക്ക് തുടങ്ങും. ചൊവ്വാഴ്ച ഗജരാജന്‍ കേശവന്‍ അനുസ്മരണത്തിനുള്ള അഞ്ചാനകളുമായുള്ള ഘോഷയാത്ര രാവിലെ ആറരയ്ക്ക് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഒന്‍പതിന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്ന കീര്‍ത്തനാലാപനം നടക്കും.
by Midhun HP News | Dec 10, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്തും , വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 57,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു.
by Midhun HP News | Dec 9, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഷിത, അലീന ദിലീപ്, അജ്ഞന മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ മൂന്നു പേരും ജാമ്യത്തിലാണ്.
അതേസമയം അമ്മു മരണത്തില്‍ അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ സജീവന്റെ പരാതി.
പ്രതികളായ വിദ്യാര്‍ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരില്‍ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛന്‍ സജീവ് പറഞ്ഞു.
നേരത്തെ കേസില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി അമ്മുവിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു
Recent Comments