ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 680 (Akshaya AK 680 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. AU 966347 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AW 689346 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.

പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതിഷേധം

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതിഷേധം

കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ഥിനി.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം മാനേജ്‌മെന്റാണെന്ന ആരോപണവുമുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വ്യക്തമാക്കി. വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

ഗുരുവായൂര്‍ ഏകാദശി ബുധനാഴ്ച, ക്രമീകരണം ഇങ്ങനെ

ഗുരുവായൂര്‍ ഏകാദശി ബുധനാഴ്ച, ക്രമീകരണം ഇങ്ങനെ

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്.

ഏകാദശി നാളിലെ ക്ഷേത്ര ദര്‍ശനം

ഏകാദശി നാളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരി നിന്ന് (ക്യൂ) ഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രഥമ പരിഗണന നല്‍കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. അന്ന് രാവിലെ 6 മണി മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല.

പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നീ ക്യൂകള്‍ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശന സൗകര്യം ഉണ്ടാകും. ദശമി ദിവസമായ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും.പതിവ് പൂജകള്‍ക്ക് മാത്രം ക്ഷേത്രം നട അടയ്ക്കും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍ ,തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്,സി മനോജ്, കെപി വിശ്വനാഥന്‍, വിജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ഏകാദശി അക്ഷരശ്ശോകം

ഏകാദശി ദിവസമായ ഡിസംബര്‍ 11 (ബുധനാഴ്ച ) ഉച്ചയ്ക്ക് 2 മണി മുതല്‍ സുവര്‍ണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മല്‍സരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മല്‍സരം.18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. ഒരു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും.

നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. എഫ്‌ഐആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്‌ഐആറിലെ ഉള്ളടക്കം.

മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍, ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു.