by Midhun HP News | Dec 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് നോഡല്‍ ഓഫീസറുടെ ചുമതല.
അതേസമയം, മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തു വിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അവസാന നിമിഷമാണ് മാറ്റിയത്. വെട്ടിയ ഭാഗങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നെങ്കിലും, വിവരാവകാശ പ്രകാരം മറ്റൊരു അപേക്ഷ കൂടി ലഭിച്ചെന്ന കാരണത്താല്‍ പുറത്തുവിടാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ മറച്ചു വെച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തു വിട്ടത്. ഇതു ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വെട്ടിയ ഭാഗങ്ങള്‍ കൂടി പുറത്തു വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ അപേക്ഷ ലഭിച്ചതിനാല്‍ ഉത്തരവ് തല്‍ക്കാലം പുറത്തു വിടുന്നില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
by Midhun HP News | Dec 7, 2024 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജനുവരി 18ലേക്ക് മാറ്റി. കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് മുന്‍പാകെയാണ് വാദം.
ഒന്നും രണ്ടും പ്രതികള്‍ നേരിട്ടും മൂന്നാം പ്രത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയുമാണ് ഹാജരായത്. കുറ്റപത്രം സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് സംബന്ധമായിട്ടല്ലാതെ കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പ്രതികള്‍ ജാമ്യത്തിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതകുമാരി (46), മകള്‍ പി.അനുപമ (21)എന്നിവര്‍ ചേര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
by Midhun HP News | Dec 7, 2024 | Latest News, കേരളം
പത്തനംതിട്ട: 17 വയസുകാരി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടം കൂടെ ഏറെ നാളായി താമസിക്കുന്ന ആദിത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി ഇരുവരും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുത്തേക്കും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും.
by Midhun HP News | Dec 7, 2024 | Latest News, കേരളം
കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു..
‘എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരുപ്പപ്പൂന്‍ അച്ഛനായിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധി പേരുടെ അമ്മയായി വര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല. ഇതുപോലെ കല്യാശേരിയിലെ വിട്ടീലെത്തിയാല്‍ ഒന്നുവാരിപ്പുണര്‍ന്ന് അനുഗ്രഹം വാങ്ങും. ഈ വേദിയില്‍ എനിക്ക് അമ്മയുടെ മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാന്‍ എടുത്തിരുക്കുന്നത്. അങ്ങനെയെ എനിക്ക് പറയുവാന്‍ സാധിക്കു. ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍. അത് ശാരദാമ്മയുടെ മറ്റ് മക്കളും അംഗീകരിച്ചതാണ്.
92 മുതലാണ് സഖാവുമായി ബന്ധം തുടരുന്നത്. അദ്ദേഹം തിരുവന്തപുരം ആശുപത്രിയില്‍ ചുമബാധിച്ച് കിടക്കുമ്പോള്‍ ലീഡര്‍ പറഞ്ഞ് അറിഞ്ഞാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് അമ്മ അടുത്തിട്ടുണ്ട്. അന്ന് മഹാഭാരതം അവലോകനം ചെയ്ത് ഏറെ നേരം സംസാരിച്ചു. എന്നിട്ട് എന്റെ കൃഷ്ണനെ കളിയാക്കി പറഞ്ഞുകൊണ്ട് തന്റെ കൃഷ്ണനുണ്ടല്ലോടോ അവനാ ഈ ലോകത്തെ ഏറ്റവും വലിയ കള്ളന്‍. കൗരവന്‍മാര്‍ക്ക് പണികൊടുത്ത പെരുങ്കള്ളനാ എന്ന് പറഞ്ഞു. അപ്പോള്‍ കൃഷ്ണകുമാറിന്റെ മകന്റെ ചോറൂണിന്റെ ഫോട്ടോ ഞാന്‍ കണ്ടെന്ന് പറഞ്ഞപ്പോള്‍ അന്ന് കണ്ണ് നിറഞ്ഞ സഖാവിനെ കണ്ടു. ആരുടെയും മുന്നില്‍ കണ്ണുനിറയുന്നയാളല്ല സഖാവ്. അത്ര കരുത്തനായിരുന്നു’ – സുരേഷ് ഗോപി പറഞ്ഞു.
മക്കളുടെ ആഗ്രഹപ്രകാരമാണ് ശാരദ ടീച്ചര്‍ നവതി ആഘോഷത്തിന് ഒരുങ്ങിയത്. ശാരദ ടീച്ചറുടെ തൊണ്ണൂറാം ജന്മദിനത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. ജന്മദിനവും ജന്മനാളും ഒരുമിച്ച് വന്നെത്തുന്നുവെന്ന സവിശേഷതയാണത്. ആ ഭാഗ്യം തൊണ്ണൂറിന്റെ നിറവില്‍ തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ട് ശാരദ ടീച്ചര്‍ക്ക് ‘നവംബര്‍ ഏഴിനാണ് ശാരദ ടീച്ചറുടെ ജന്മദിനം നായനാരുടേത് ഒന്‍പതിനും. എന്നാല്‍ അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല. ‘എന്ത് പിറന്നാള്‍’ എന്ന് നായനാര്‍ പറയാറുള്ളത് ഇന്നും ശാരദയുടെ മനസിലുണ്ട്.
‘എണ്‍പതാം വയസ്സില്‍ മക്കളുടെ നിര്‍ബന്ധപ്രകാരം സഖാവിന്റെ ജന്മദിനം ആഘോഷിച്ചു. ആ വര്‍ഷം മാത്രം എന്ത് പിറന്നാള്‍ എന്ന സ്ഥിരം വാചകം നായനാര്‍ പറഞ്ഞിരുന്നില്ലെന്ന് ശാരദ ടീച്ചര്‍ ഓര്‍ത്തെടുത്തു. നായനാരുടെയും കെ കരുണാകരന്റെയും സൗഹൃദം നന്നായി അറിയുന്ന ഒരാളാണ് ശാരദ ടീച്ചര്‍’സഖാവിന്റെ ജന്മദിനത്തിലും ഓര്‍ക്കാന്‍ ഇരുവരുടെയും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഒരു കഥയുണ്ട്. അന്നൊരു ജന്മദിനത്തില്‍ നായനാര്‍ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയില്‍ ആസ്മയുടെ ചികിത്സയ്ക്കായി കരുണാകരനും എത്തി. രോഗാവസ്ഥയില്‍ കിടക്കുന്ന സഖാവിനെ ഓര്‍ത്ത് അദ്ദേഹത്തിന്റെ ജന്മദിനം ശാരദ ടീച്ചറുടെ മനസ്സിലെത്തിയിരുന്നില്ല. പക്ഷേ ആശുപത്രി മുറിയില്‍ നായനാര്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ചു കെ കരുണാകരന്‍ എത്തിയത് അത്ഭുതമായി തോന്നി. അപ്പോഴാണ് ശാരദ പോലും സഖാവിന്റെ ജന്മദിനമാണെന്ന് ഓര്‍ത്തതെന്ന് ശാരദ ടീച്ചര്‍ അനുസ്മരിച്ചു.
പാര്‍ട്ടിയും ജനങ്ങളുമായിരുന്നു എന്നും സഖാവിന്റെ മനസ്സില്‍. എല്ലാവരെയും സ്‌നേഹിച്ചു. ജനങ്ങളില്‍ നിന്ന് എനിക്ക് ഇന്ന് ആ സ്‌നേഹം തിരിച്ചു കിട്ടുന്നു. ഈ തൊണ്ണൂറാം വയസ്സില്‍ വേറെന്ത് വേണം.’ ചുമരിലെ നായനാരുടെ ചിരിച്ച ഫോട്ടോയില്‍ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ശാരദ പറഞ്ഞു. ധര്‍മ്മശാലയിലെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നവതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാല് തലമുറയ്ക്ക് ഒപ്പം ഇരുന്നാണ് ശാരദ ടീച്ചര്‍ ഇന്ന് ജന്മദിനം ആഘോഷിച്ചത്.
by Midhun HP News | Dec 7, 2024 | Latest News, കേരളം
ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പിവി സന്തോഷ്‌കുമാര്‍ ഹാജരായി.
by Midhun HP News | Dec 7, 2024 | Latest News, കേരളം
ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് കേരള പൊലീസ് സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെയ്ക്കുന്നത്. വീഡിയോകളായും സന്ദേശങ്ങളായും ജനങ്ങൾക്ക് ആവശ്യമായ സൈബർ തട്ടിപ്പ് മുന്നറിയിപ്പുകളാണ് കേരള പൊലീസ് തങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പങ്കുവെയ്ക്കാറുള്ളത്. മികച്ച പ്രതികരണങ്ങളും ഇതിനു ലഭിക്കാറുണ്ട്.
ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം സെലിബ്രിറ്റികൾ ഉൾപ്പടെ വ്യക്തമാക്കുന്ന വീഡിയോകളും റീലുകളും കേരള പൊലീസ് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഷോർട് ഫിലിമുകളും കേരള പൊലീസിന്റെ പേജുകളിൽ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ അവതാരകയും നടിയുമായ പേർളി മാണി ചെയ്ത ഒരു വീഡിയോ ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനും അത്തരത്തിൽ എന്തെങ്കിലും തട്ടിപ്പിന് ഇരയായാൽ സൈബർ പോലീസിനെ അറിയിക്കാനുമായി ബന്ധപെട്ട ഒരു വീഡിയോ ആണ് മുന്നറിയിപ്പ് പോലെ പേർളി മാണി ചെയ്തിരിക്കുന്നത്.’ സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലേക്ക് വിളിച്ച് സൈബർ പൊലീസിനെ അറിയിക്കുക’ എന്നാണ് പേർളിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേരള പൊലീസ് കുറിച്ചത്.
Recent Comments