29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

തിരക്കാഴ്ചയ്ക്ക് കണ്ണുതുറക്കാൻ ദിവസങ്ങൾ മാത്രം. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 13ന് തുടക്കമാകും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഉൾപ്പെടുന്നതാണ് 29ാമത് അന്താരാഷ്ട്ര ചലചിത്ര മേള.ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയുടെ മുഖ്യ വേദി ടാഗോർ തീയ്യേറ്ററാണ്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയുടെ ഭാഗമാകും. ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും.

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും കോടതിയുടെ ഇടക്കാല ഉത്തരവ്.

സോപാനത്തിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ, പ്രായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.

കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടിലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങില്‍ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണം. ചൂരല്‍മല ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകള്‍ക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് എസ്ഡിആര്‍എഫ് ആക്കൗണ്ട് ഓഫീസര്‍ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്. എസ്ഡിആര്‍എഫില്‍ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റി കോടതിയെ അറിയിച്ചു. എസ്ഡിആര്‍എഫില്‍ കൃത്യമായ ഓഡിറ്റിങ് നടത്തുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നീക്കിയിരിപ്പില്‍ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. ഓഡിറ്റിങില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. നേരത്തെ തന്നെ ആവശ്യമായ സമയം നല്‍കിയിരുന്നെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്കുവേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

എഡിഎം നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി പിപിദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോള്‍ ഡേറ്റ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത് കൊടേരി നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ക്രിമിനല്‍ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. പഴുതുകള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണ്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളികളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൂങ്ങിമരണമാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇന്‍ക്വസ്റ്റില്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.

കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവു ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്‌ഐടി റിപ്പോര്‍ട്ട്, കോള്‍ ഡേറ്റ രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശ്യമാണ് പിന്നില്‍.

ഇന്‍ക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിര്‍ബന്ധമില്ല. 5 മണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പത്തനംതിട്ടയില്‍ നിന്നു ബന്ധുക്കള്‍ കണ്ണൂരിലെത്താന്‍ 12 മണിക്കൂര്‍ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തില്‍ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീന്‍ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോള്‍ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.

ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കലക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുനീശ്വരന്‍ കോവില്‍ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീന്‍ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ക്വാര്‍ട്ടേഴ്‌സ് കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ല. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം പൊലീസിന്റെ സത്യവാങ്മൂലത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയായരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് നടത്തണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. (more…)

ധോണി ആനത്താവളത്തിൽ കയറി ഒറ്റയാന്റെ പരാക്രമം; കുങ്കിയാനയെ കുത്തി വീഴ്ത്തി

ധോണി ആനത്താവളത്തിൽ കയറി ഒറ്റയാന്റെ പരാക്രമം; കുങ്കിയാനയെ കുത്തി വീഴ്ത്തി

പാലക്കാട്: ധോണിയിൽ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അ​ഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിലാണ്. ധോണി ആനത്തവാളത്തിലേക്ക് കയറിയാണ് ഒറ്റയാന്റെ ആക്രമണം. സോളാർ വേലി തകർത്തു അകത്തു കയറിയ ഒറ്റയാൻ അ​ഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് അറിയിച്ചു.

പാനൂരിൽ അർധ രാത്രി ഇരട്ട സ്ഫോടനം; പൊട്ടിത്തെറി നടു റോഡിൽ

പാനൂരിൽ അർധ രാത്രി ഇരട്ട സ്ഫോടനം; പൊട്ടിത്തെറി നടു റോഡിൽ

കണ്ണൂർ: പാനൂർ കണ്ടോത്തുംചാലിൽ നടു റോഡിൽ അ​ർധ രാത്രിയിൽ ഇരട്ട സ്ഫോടനം. കഴിഞ്ഞ ദിവസമാണ് സംഭവം. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. പൊട്ടിത്തെറിയെ തുടർന്നു റോഡിൽ കുഴി രൂപപ്പെട്ടു. പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും ബോംബിന്റേതെന്നു സംശയിക്കുന്ന പ്ലാസ്റ്റിക്ക് ആവരണങ്ങളും കണ്ടെടുത്തു.

അതിനിടെ രണ്ട് ദിവസം മുൻപ് സമീപത്തെ കുന്നുമ്മൽ പ്രദേശത്തു നിന്നു സ്ഫോടന ശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.കഴിഞ്ഞ ജൂണിലും ഇതേ റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ അന്നത്തെ പരിശോധനയിൽ പടക്കമാണെന്നു കണ്ടെത്തി.

കണ്ടോത്തുംചാലിൽ ഒരു വീടിനു നേരെ സ്റ്റീൽ ബോംബ് ആക്രമണവുമുണ്ടായിരുന്നു. ഇതിനു പിന്നിലാരെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. പാനൂർ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടക വസ്തു നിർമാണം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.