by Midhun HP News | Dec 6, 2024 | Latest News, കേരളം
കോഴിക്കോട്: കോമാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഒന്‍പതുകാരി ദൃഷ്യാനയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിനുശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായി എസ്പി പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ് പി പറഞ്ഞു.
ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണസംഘമാണ് അന്വേഷണം നടത്തിയത്. 40കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു. കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക ക്ലൂ. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011-2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്‌ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തിയെന്ന് എസ്പി പറഞ്ഞു.
2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തി. അപകടസമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടത്തെി. അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും എസ്പി പറഞ്ഞു. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു.
ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഫെബ്രുവരി 17 ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
by Midhun HP News | Dec 6, 2024 | Latest News, കേരളം
കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായി. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തുംചാലിൽ സ്ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്.
പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാഗിങ് സ്ക്വാഡിനു ഹൈക്കോടതി നിർദ്ദേശം നൽകി. വിദ്യാർഥികൾക്കു മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കി. വിദ്യാർഥികൾക്കു മണ്ണുത്തിൽ പഠനം തുടരാൻ അവസരം നൽകണമെന്നും എന്നാൽ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.
കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹർജിക്കാരിൽ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാൽ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.
യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാർഥികൾ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വിദ്യാർഥികളിൽ ഓരോരുത്തർക്കുമെതിരെയുള്ള കുറ്റങ്ങൾ വ്യക്തമാക്കി വേണം നോട്ടീസ് നൽകാൻ. കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്സിന്റേയും പീഡനവു റാഗിങും മൂലം സിദ്ധാർഥൻ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്.
സ്വാഭീവിക നീതി ഉറപ്പാക്കിക്കൊണ്ടുള്ള സുതാര്യമായ അന്വേഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഹർജിക്കാർക്ക് എതിരേയുള്ള ആരോപണങ്ങളിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും മറിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാൻ സാധ്യമായ അവസരം അവർക്കു നൽകുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
കുറഞ്ഞ സമയത്തിനുള്ളിൽ 97 സാക്ഷി മൊഴികളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ച ആന്റി റാഗിങ് സംഘത്തിന്റെ നടപടി അഭിനന്ദനം അർഹിക്കുന്നു. അവരുടെ തെറ്റുകൾ കണ്ടുപിടിക്കലല്ല മറിച്ച് 7 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദ്ദത്തിലായിരുന്നു അവർ. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ സമ്മർദ്ദങ്ങളും അവർക്കുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയപ്പോൾ സ്വാഭാവിക നീതയുടെ നിഷേധം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താൻ ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.
by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: നിലവിലെ അന്വേഷണത്തില്‍ പാളിച്ചുണ്ടായെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേസ് ഡയറി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ആരാഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ വ്യക്തമായ തെളിവ് വേണമെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും, കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ നിലയിലാണോ പോകുന്നതെന്ന് കേസ് ഡയറി വിശദമായി പരിശോധിക്കട്ടെ. ഇതിനുശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. ഈ മാസം 12 ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഇതിനു മുമ്പ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സിബിഐയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടോയെന്നും, മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിക്ക് ബോധ്യം വരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നവീന്‍ബാബുവിന്റേത് കൊലപാതകമാണെന്ന ആരോപണത്തിലും കോടതി ചോദ്യമുന്നയിച്ചു.
നവീന്‍ബാബുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ബാഹ്യമായ പരിക്കുകളില്ലെന്ന് ഹര്‍ജിക്കാരിയും വ്യക്തമാക്കി. കൊലപാതകമാണെന്ന സംശയത്തില്‍, കേസില്‍ ആരോപണവിധേയയായ പി പി ദിവ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ വാദം ഉന്നയിക്കാതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുന്നതെന്ന് കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശമാകണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നവീന്‍ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും, അട്ടിമറിക്ക് സാധ്യതയുള്ളതിനാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിഎമ്മിന്റെ കുടുംബം ഹൈക്കോടതിയെ സമര്‍പ്പിച്ചത്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും. കൊലപാതകമെന്ന കുടുംബത്തിൻറെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കിൽ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.
Recent Comments