ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; യാത്രക്കാരിക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമണ്‍ ജങ്ഷന് സമീപം ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റ ഷൈജലയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. ഒഴിഞ്ഞ സീറ്റ് കണ്ട് അതില്‍ ഇരിക്കാന്‍ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്. ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണവില കുറഞ്ഞു; 57,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 57,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി.

രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കാര്‍ വാടകയ്ക്കു നല്‍കാന്‍ ലൈസന്‍സില്ല, ആര്‍ടിഒ നടപടിയെടുക്കും

കാര്‍ വാടകയ്ക്കു നല്‍കാന്‍ ലൈസന്‍സില്ല, ആര്‍ടിഒ നടപടിയെടുക്കും

ആലപ്പുഴ: കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്‌ക്കെതിരെ ആര്‍ടിഒ നടപടിയെടുക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്കു നല്‍കാന്‍ കാറിന്റെ ഉടമയായ ഷാമിലിന് ലൈസന്‍സില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ മറ്റൊരാള്‍ പറഞ്ഞതു കൊണ്ടാണു കുട്ടികള്‍ക്കു കാര്‍ നല്‍കിയതെന്നും അല്ലാതെ വാടകയ്ക്ക് നല്‍കിയതല്ലെന്നുമുള്ള വാദം ഷാമില്‍ ആവര്‍ത്തിച്ചു.

അപകടസമയത്തു കാര്‍ ഓടിച്ചിരുന്ന ഗൗരീശങ്കര്‍ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിള്‍ പേ ചെയ്തിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ലൈസന്‍സില്ലാതെയാണ് കാര്‍ വാടകയ്ക്കു നല്‍കിയതെന്ന നിഗമനത്തിലേക്കു മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നീക്കം.

കാര്‍ വാടകയ്ക്ക് നല്‍കിയതല്ലെന്ന വാദത്തില്‍ ഷാമില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭക്ഷണം കഴിക്കാനായി മുന്‍പ് കുട്ടികള്‍ക്ക് പണം കടം നല്‍കിയിരുന്നു. ഈ തുകയാണ് കുട്ടികള്‍ ഗൂഗിള്‍ പേ വഴി മടക്കി നല്‍കിയതെന്നാണ് ഷാമില്‍ പറയുന്നത്. താന്‍ വാടകയ്ക്കു വാഹനങ്ങള്‍ നല്‍കാറില്ലെന്നാണ് ഷാമിലിന്റെ വാദം. മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചതിനെ തുടർന്ന്‌ വാഹനത്തിന്റെ രേഖകളുമായാണ് ഷാമിൽ ഹാജരായത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായുള്ള പരിചയത്തിന്റെ പേരിലാണ്‌ വാഹനം സൗജന്യമായി വിട്ടുനൽകിയത് എന്ന മൊഴിയിലാണ് ഷാമിൽ ഉറച്ചു നിൽക്കുന്നത്.

ഡിസംബര്‍ 2ന് ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 6 പേര്‍ക്കും പരിക്കേറ്റിരുന്നു.

കളര്‍കോട് അപകടം; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥി കൂടി മരിച്ചു

കളര്‍കോട് അപകടം; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥി കൂടി മരിച്ചു

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. എടത്വ സ്വദേശി ആല്‍വിനാണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം മുന്നില്‍ ഇരുന്നിരുന്ന ആളാണ് ആല്‍വിന്‍. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അതേസമയം,വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.

ആത്മകഥ മൂന്ന് ഭാഗങ്ങള്‍; പേരിട്ടിട്ടില്ലെന്ന് ഇപി; ആദ്യഭാഗം ഈ മാസം പുറത്തിറങ്ങും

ആത്മകഥ മൂന്ന് ഭാഗങ്ങള്‍; പേരിട്ടിട്ടില്ലെന്ന് ഇപി; ആദ്യഭാഗം ഈ മാസം പുറത്തിറങ്ങും

കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും പുസ്തകം ഇറങ്ങുകയെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഭാഗം പൂര്‍ത്തിയായെന്നും ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു പ്രസാധകര്‍ ആരെന്ന കാര്യത്തിലും ആത്മകഥയുടെ പേരും തീരുമാനിച്ചിട്ടില്ല. പുറത്ത് വന്ന ഭാഗം തന്റെ ആത്മകഥയല്ലെന്നും ഇപി വ്യക്തമാക്കി.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. പുസ്തകം ഉടന്‍ പുറത്തിറക്കുമെന്ന് ബുക്ക് കവര്‍ സഹിതം ‘ഡിസി ബുക്‌സ്’ അവരുടെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. പിന്നാലെ ജയരാജന്റെ ആത്മകഥയുടെ പിഡിഎഫ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തുടര്‍ന്ന് തന്റെ ആത്മകഥയെന്ന പേരില്‍ പുറത്തുവന്ന പിഡിഎഫില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ‘ഡിസി ബുക്ക്സിന്’ നല്‍കില്ലെന്നും ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ഇപി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍. ജുഡീഷ്യല്‍ കമ്മീഷന്റെ കാക്കനാട്ടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ പരാതികളറിയിക്കാം.

1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്‍682030 എന്ന വിലാസത്തിലാണ് പരാതികള്‍ അറിയിക്കേണ്ടത്. സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഒരാഴ്ച മുന്നെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. കമ്മീഷന്‍ മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.