by Midhun HP News | Dec 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.
കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പ്രത്യേക ജാഗ്രതാ നിർദേശം
തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോടുചേർന്ന ലക്ഷദ്വീപ് പ്രദേശം, അതിനോടു ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 5, 2024 | Latest News, കേരളം
തിരുവനന്തപുരം: രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സംഭവങ്ങളിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്നു കോടതി നിരീക്ഷിച്ചു.
17കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവിട്ടത്. തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്. വയറു വേദനയെ തുടർന്നു മകളെ 2021 മെയ് 31നു ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നു അറിഞ്ഞത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3ന് ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കുട്ടിയെ പീഡനത്തിനു ഇരയാക്കിയ ആളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവം വിവരം പൊലീസിനെ അറിയിച്ചില്ല എന്ന പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണ് എന്നറിയുമ്പോഴുള്ള അമ്മയുടെ ഞെട്ടലും മാനസിക വ്യഥയും കണക്കിലെടുക്കണമെന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി കണക്കിലെടുത്തു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്പിസിഎൽ വ്യക്തമാക്കി.
ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെയാണ് ഡീസൽ ചോർച്ച കണ്ടെത്തിയത്. അര കിലോമീറ്ററോളം ദൂരം ഡീസൽ ഒഴുകിയെത്തി.
ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ ശേഖരിക്കാൻ നാട്ടുകാർ കൂടിയതും ആശങ്കയ്ക്കിടയാക്കി. നാട്ടുകാരുടെ പരാതിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നു. ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോർന്നുവെന്നാണ് വിവരം.
അതിനിടെ ജനങ്ങൾ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. മുമ്പും ഇത്തരത്തിൽ ഇന്ധനച്ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കും. ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും.
നിലവിലെ പദ്ധതി രേഖയിലെ അടിസ്ഥാന കാര്യങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്ന് വ്യക്തമാകും. വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്‌ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്‌സ്‌ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം.
വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദ്ദേശങ്ങളും റെയില്‍വേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. സിൽവർ ലൈനിൽ റെയിൽവേയുടെ നയം അറിയണമെന്ന് കെ റെയിൽ ആവശ്യപ്പെട്ടേക്കും. നയപരമായി അംഗീകരിച്ചാൽ മാത്രം ഡിപിആർ പരിഷ്കരണമെന്നാണ് കെ റെയിൽ അധികൃതരുടെ നിലപാട്. സിൽവർ ലൈനിന്റെ കാര്യത്തിൽ മൂന്നുവട്ടം ദക്ഷിണ റെയിൽവേയുമായി കെ-റെയിൽ ചർച്ചകൾ നടത്തിയിരുന്നു. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
കൊട്ടാരക്കര വാളകം മേഴ്സി കോളേജിൽ നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കാൻ നടത്തിയത് വൻ ഗൂഢാലോചന എന്ന സൂചന. മാനേജ്മെന്റ് അഡ്മിഷൻ നടത്തിയത് തെളിഞ്ഞിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല. ട്വന്റിഫോർ വാർത്ത പുറത്ത് വിട്ട ശേഷം ആണ് മെറിറ്റ് അട്ടിമറിച്ചു എന്ന വിവരം അറിഞ്ഞതെന്ന് നേഴ്സിങ് കൗൺസിൽ അംഗം.
സ്വകാര്യ നഴ്സിംഗ് മാനേജ്മെൻ്റായ മേഴ്സി കൊളേജിൽ 30 ബിഎസ്‌സി നഴ്സിംഗ് സീറ്റ് അനുവദിക്കാൻ നടത്തിയത് നീക്കം ദുരൂഹമാണ്. നവംബർ 30 ന് നഴ്സിങ് അഡ്മിഷൻ അവസാനിക്കാൻ ഇരിക്കെ 27 ന് രാത്രിയാണ് നഴ്സിംഗ് കൗൺസിൽ സീറ്റ് അനുവദിച്ചത്. ഇതിൽ 15 സീറ്റിൽ അഡ്മിഷൻ നടത്തേണ്ടത് മെരിറ്റിൽ നിന്നാണ്. ഇതിനായി സർക്കാർ എൽബിഎസിന് നിർദ്ദേശം നൽകണം. നഴ്സിങ് അഡ്മിഷൻ അവസാനിച്ച 30 ന് ശേഷവും എൽബിഎസിന് അറിയിപ്പ് ലഭിച്ചില്ല.
മാനേജ്മെൻറ് മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ അഡ്മിഷൻ നടത്താൻ അധികൃതർ സൗകര്യമൊരുക്കി നൽകി. വിവരം 24 പുറത്ത് വിട്ടിട്ടും ആരോഗ്യ വകുപ്പ് മൗനം തുടരുകയാണ്. ഇപ്പോഴാണ് വിഷയം അറിഞ്ഞതെന്ന് നെഴ്സിംഗ് കൗൺസിൽ അംഗം ഉഷ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യുയും മുസ്ലീം ലീഗും രംഗത്തെത്തി. കൂടാതെ വടശ്ശേരിക്കര ശ്രീ അയ്യപ്പ കൊളേജിൽ മുഴുവൻ സീറ്റിലും മെരിറ്റിൽ അഡ്മിഷൻ നടത്താനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഈ നിർദ്ദേദേശം അട്ടിമറിച്ച് 22 സീറ്റ് മാനേജ്മെന്റിന് നൽകിയിരുന്നു. യുഡിഎഫ് യോഗം ചേർന്ന് അന്വേഷണം ആവശ്യപ്പെടുമെന്ന് എം കെ മുനീർ പറഞ്ഞു.
Recent Comments