‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല’; സിനിമ റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജിയില്‍ ഇടക്കാല ഉത്തരവില്ല

‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല’; സിനിമ റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജിയില്‍ ഇടക്കാല ഉത്തരവില്ല

ചെന്നൈ: സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് ഐടി വകുപ്പിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മൂന്നു ദിവസത്തേക്കു സിനിമാ നിരൂപണങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

പുതിയ സിനിമകളുടെ റിവ്യൂ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അടുത്തിടെ സൂര്യ നായകനായെത്തിയ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

നെ​ഗറ്റീവ് റിവ്യൂകൾ കാരണം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിക്കുമ്പോൾ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച് അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും മനപ്പൂര്‍വം സിനിമയെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും അസോസിയേഷൻ വാദിച്ചു.

എന്നാൽ വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കി കോടതിക്ക് ഉത്തരവിടാനാവില്ല. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യൂട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

രണ്ടാഴ്ച മുൻപ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയറ്റർ പരിസരത്ത് ആരാധകരുടെ കമന്റുകൾ യൂട്യൂബ് ചാനലുകളും മറ്റും എടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി ആറ്റിങ്ങൽ നഗരസഭ

ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ : ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്നതിനു നഗരസഭ ആരോഗ്യ വിഭാഗം തുടക്കം കുറിച്ചു.
ദുരന്തനിവാരണ സ്റ്റാർട്ടപ്പ് കമ്പനിയായ റിയാക്റ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സൊല്യൂഷൻ എന്ന ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
നഗരസഭാ പരിധിയിലെ വീടുകളിലും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡയപ്പർ, സാനിട്ടി പാഡുകൾ, ഇൻസുലിൻ സിറിഞ്ചുകൾ, ഉപയോഗ ശൂന്യമായ മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള ബയോമെഡിക്കൽ വേസ്റ്റുകൾ തികച്ചും ശാസ്ത്രീയമായാണ് സംസ്കരിക്കുന്നത്.
മാലിന്യ ശേഖരണ വാഹനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫ്ലാഗ്ഓഫ് ചെയ്തു.
നിലവിൽ 100 ഗുണഭോക്താക്കളാണ് ഇതിൽ അംഗമായിട്ടുള്ളത്.
ഇത്തരം മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 7306087704
https://forms.gle/xGfC1vQo3o65Ya9r8

ലക്ഷ്യമിട്ടത് അനിലയെയും ആണ്‍സുഹൃത്തിനേയും; ബേക്കറിയുടെ പങ്കാളിത്തത്തെച്ചൊല്ലി തര്‍ക്കം

ലക്ഷ്യമിട്ടത് അനിലയെയും ആണ്‍സുഹൃത്തിനേയും; ബേക്കറിയുടെ പങ്കാളിത്തത്തെച്ചൊല്ലി തര്‍ക്കം

കൊല്ലം: ചെമ്മാന്‍മുക്കില്‍ യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില (44)യാണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്. അനില നടത്തുന്ന ബേക്കറിയില്‍ പാര്‍ട്ട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.

കാറില്‍ വെച്ച് അനിലയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ സോണിക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയുടെ ആണ്‍സുഹൃത്താണ് കാറിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതി യുവാവിനെയും ആക്രമിച്ചത്. സംഭവത്തിനു ശേഷം പൊലീസില്‍ കീഴടങ്ങിയ പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകക്കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമക്കുറ്റവും ചുമത്തും.

കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പത്മരാജനും അനിലയുടെ സുഹൃത്തുമായി കയ്യാങ്കളിയും നടന്നിരുന്നു. തുടർന്ന് പാർട്ട്ണർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു. ഇതിനുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പത്മരാജൻ പെട്രോൾ ഒഴിച്ചത്. കടയിലെ ജീവനക്കാരനായ സോണിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ബേക്കറിയിലെ പാർട്ട്ണറായ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതടക്കമുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ്, മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രിൽമുതൽ ഒക്ടോബർവരെ നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇത്തരമൊരു ഹർജി നൽകിയതിന് ഹർജിക്കാരിയെ അഭിനന്ദിച്ച കോടതി, കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത്, കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2022 മേയ് ഒന്നിനാണ് ഷവർമ കഴിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.

തദ്ദേശവാര്‍ഡ് വിഭജനം: പരാതികള്‍ ഇന്നു കൂടി നല്‍കാം; അയക്കേണ്ട വിലാസം ഇങ്ങനെ…

തദ്ദേശവാര്‍ഡ് വിഭജനം: പരാതികള്‍ ഇന്നു കൂടി നല്‍കാം; അയക്കേണ്ട വിലാസം ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്നു കൂടി സ്വീകരിക്കും. ഇന്നു വൈകിട്ട് 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കാം.

അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങൾ ലഭ്യമാണ്. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വാർഡ് വിഭജന പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സ്വീകരിക്കുന്നതല്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

പൂവമ്പാറയിലെ ഇരുചക്ര വാഹന സർവ്വീസ് സെൻ്ററിനുള്ളിൽ വാമനപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പൂവമ്പാറയിലെ ഇരുചക്ര വാഹന സർവ്വീസ് സെൻ്ററിനുള്ളിൽ വാമനപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: പൂവമ്പാറയിലെ ഇരുചക്ര വാഹന സർവ്വീസ് സെൻ്ററിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശി ദികേഷ് (42) ആണ് മരിച്ചത്. രാവിലെ മറ്റൊരു ജീവനക്കാരൻ സെൻ്റ്ർ തുറക്കുന്നതിനിടയിലാണ് ഉള്ളിൽ ദികേഷ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ തന്നെ വിവരം ആറ്റിങ്ങൽ പൊലീസിൽ അറിയിച്ചു.