by Midhun HP News | Jul 14, 2026 | Latest News, കേരളം
കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന ഒരേയൊരു ചിട്ടി സ്ഥാപനമാണ് കെഎസ്എഫഇ. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ സ്‌കീം ചിട്ടി തന്നെയാണ്. എന്നാല്‍ വിളിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കനത്ത ജ്യാമ വ്യവസ്ഥയും കാരണം പലരും കെഎസ്എഫ്ഇ ചിട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്.
എന്നാല്‍ ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്ക് ജ്യാമ വ്യവസ്ഥയില്‍ വന്‍ ഇളവ് നല്‍കുന്ന ഒരു ആകര്‍ഷകമായ സ്‌കീം കെഎസ്എഫ്ഇയ്ക്ക് ഉണ്ട്. കെഎസ്എഫ്ഇയുടെ ‘ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് ‘ സ്‌കീം വഴി ആകര്‍ഷകമായ 8.5 ശതമാനം പലിശ ലഭിക്കും. സാധാരണനിലയില്‍ ഒരു കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കുക എന്നത് സാധാണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു കാരണം കടുത്ത ജ്യാമ വ്യവസ്ഥകള്‍ തന്നെയാണ്.

ചിട്ടി വിളിച്ചെടുത്താല്‍ ബാക്കിയുള്ള മാസങ്ങളിലെ പ്രതിമാസ തവണകള്‍ വിളിച്ചെടുക്കുന്നവര്‍ കൃത്യമായി അടയ്ക്കുമെന്ന് കെഎസ്എഫ്ഇക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ജാമ്യം നില്‍ക്കുന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതായി വരും. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടി വരിക. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വില്ലേജ് ഓഫീസില്‍ നിന്നുള്ള നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍, ബാങ്കിലോ, കെഎസ്എഫ്ഇയിലോ ഉള്ള സ്ഥിര നിക്ഷേപ രേഖകള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കും.
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ്
മുകളില്‍ പറഞ്ഞ പല നിബന്ധകളും സാധാരണക്കാരെ കൊണ്ട് ഉറപ്പാക്കാന്‍ സാധിച്ചെന്നു വരില്ല. ശമ്പള സര്‍ട്ടിഫിക്കറ്റോ, വസ്തു ജാമ്യമോ പോലുള്ള പരമ്പരാഗത ജാമ്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, മറ്റ് പുറത്തുനിന്നുള്ള ജാമ്യങ്ങള്‍ ഒഴിവാക്കാന്‍ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്‌കീം പ്രയോജനപ്പെടുത്തുമ്പോള്‍ ചിട്ടിപ്പണം മുഴുവനായി കൈയിലേക്ക് ഉടന്‍ കിട്ടിയില്ലെന്നു വരാം. പക്ഷെ ജാമ്യം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ചിട്ടിപ്പണം കെഎസ്എഫ്ഇയില്‍ കുടുങ്ങില്ലെന്ന് ഉറപ്പിക്കാം.
ഇവിടെ ബാക്കി തുകയ്ക്ക് തുല്യമായ പണം കെഎസ്എഫ്ഇയില്‍ തന്നെ ഒരു പ്രത്യേക നിക്ഷേപമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു ചിട്ടി വിളിച്ചെടുത്തെന്ന് കരുതുക. ഭാവി ബാധ്യത (ബാക്കി അടയ്ക്കാനുള്ള തുക) 3 ലക്ഷം രൂപയാണെന്ന് കരുതുക. ഈ 3 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റണം. അതായത് 2 ലക്ഷം രൂപയാകും ഉടനടി കൈയ്യില്‍ കിട്ടുക.
3 ലക്ഷം രൂപ കുടുങ്ങിയെന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 8.5% പലിശ കിട്ടും. ഈ പലിശ ഉപയോഗിച്ച് ചിട്ടിയുടെ പ്രതിമാസ തവണകള്‍ തനിയെ അടഞ്ഞുപോകും. ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അസ്സല്‍ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ജാമ്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും ഇത് വലിയൊരു ആശ്വാസമാണ്.
സ്‌കീമില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ നേരിട്ട് ചിട്ടി അടവിലേയ്ക്ക് പോകും. അതിനാല്‍ തന്നെ അടവ് തുകയ്ക്കായി ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ചിട്ടി കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി കൈയ്യില്‍ കിട്ടും. അതായത് സത്യത്തില്‍ യാതൊരു നഷ്ടവുമില്ലെന്ന് സാരം.
സ്‌കീം ഉപയോഗിക്കുന്ന പക്ഷം ചിട്ടി വിളിച്ചെടുക്കുമ്പോള്‍ മുഴുവന്‍ പണവും പെട്ടെന്ന് കയ്യില്‍ കിട്ടില്ല. അതിനാല്‍ മുഴുവന്‍ പണവും ആവശ്യമുള്ളവര്‍ക്ക് ഈ സ്‌കീം നേട്ടമാകില്ല. ചിട്ടി കാലാവധി തീരുന്നതിന് മുമ്പ് ഈ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതിന് പകരമായി മറ്റ് ജാമ്യങ്ങള്‍ (ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ) ഹാജരാക്കേണ്ടി വരും. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ തുക ആദായ നികുതി പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യതകള്‍ ഉണ്ടായേക്കാം.
by Midhun HP News | Jul 14, 2026 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ അന്തസ് കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പീൽ തള്ളിയതോടെ പൾസർ സുനി ജയിലിൽ തുടരും.
ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു.
ജാമ്യം അനുവദിച്ചാൽ അതിക്രമ ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു. വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്ന് പൾസർ സുനി കോടതിയെ അറിയിച്ചു.

by Midhun HP News | Jul 14, 2026 | Latest News, കേരളം
തിരുവനന്തപുരം: പൂക്കി മുഖ്യമന്ത്രി എന്ന വിളിയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ്സു തുറന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആ ചിരി യാദൃശ്ചികമായി സംഭവിച്ചതാണ്. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിരിക്കാന്‍ സാധിക്കുന്നില്ല. പലരും ആ ചിരി വീണ്ടും ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വീണ്ടും അങ്ങനെ ചിരിക്കാന്‍ പറ്റുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അര്‍ജന്റീനന്‍ ജേഴ്‌സി പിന്നിലുള്ള ചിത്രം സംബന്ധിച്ചും വിഡി സതീശന്‍ തുറന്നു പറഞ്ഞു. കേരളത്തില്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പറയുക വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസം ഒരു കല്യാണച്ചടങ്ങില്‍ വെച്ച് ആറുവയസ്സുകാരനായ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നിരുന്നു. അവന്‍ പറഞ്ഞു, ‘മുഖ്യമന്ത്രി, ഈ റൊണാള്‍ഡോയുടെ വിഷയം പരിഹരിക്കണം’. അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു. ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ അത് നോക്കിക്കൊള്ളാമെന്ന്. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. ഞാന്‍ കാറിലേക്ക് കയറാന്‍ പോയപ്പോള്‍ അവന്‍ വീണ്ടും അടുത്ത് വന്നിട്ട് പറഞ്ഞു: ‘രാഷ്ട്രീയക്കാര്‍ പലതും പറയും. പക്ഷേ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിങ്ങള്‍ ഇത് വളരെ ഗൗരവത്തോടെ തന്നെ എടുക്കണം. അവന്‍ വീണ്ടും പറഞ്ഞു.
തന്റെ പുസ്തക വായനയെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ആ പത്തു ദിവസങ്ങളില്‍, വളരെ ശാന്തനായി ഇരുന്ന് രണ്ട് പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു താനെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ ഫാലി എസ്. നരിമാന്റെ ‘ലീഗലി സ്പീക്കിംഗ്: ഇന്‍സൈറ്റ്‌സ് ഫ്രം എ ലൈഫ് ഇന്‍ ലോ’ എന്ന പുസ്തകം വായിക്കാന്‍ തുടങ്ങി. നല്ലൊരു പുസ്തകമാണത്.
അമിതാവ് ഘോഷിന്റെ ‘ദി നട്ട്മെഗ്‌സ് കേഴ്‌സ്’ എന്ന പുസ്തകത്തില്‍ സമുദ്രചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പോര്‍ട്ട് സിറ്റിയെക്കുറിച്ചും മാരിടൈം മിഷനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഞാന്‍ അതില്‍ നിന്നും ഉദ്ധരിച്ചിരുന്നു. അമിതാവ് ഘോഷ് അത് ട്വീറ്റ് ചെയ്യുകയും ചെയ്തു.’ മുഖ്യമന്ത്രി പറഞ്ഞു.

by Midhun HP News | Jul 14, 2026 | Latest News, കേരളം
തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപിയിലെ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്.
വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളില്‍ മൂന്നു ചെയറുകളാണ് സജ്ജീകരിച്ചിരുന്നത്. മേയര്‍ വി വി രാജേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ എന്നിവരാണ് ഡയസില്‍ ഇരുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറാണ് സുഗതന്‍. കാപ്പാ കേസില്‍ തടവിലായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുഗതനുള്ളത്.
ഈ മാസം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാക്കപ്പെടുമായിരുന്നു. ഈ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി തേടി സുഗതന്‍ കോടതിയെ സമീപിച്ചത്. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും നെടുമങ്ങാട് കോടതി സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പാ കേസുള്ളതിനാല്‍ ജയില്‍ മോചിതനാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ജയിലില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന്‍ ഉള്‍പ്പെടെ ബിജെപി ഭരണമുന്നണിക്ക് 101 അംഗങ്ങളാണുള്ളത്. സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് ബിജെപിക്ക് ആശ്വാസമാണ്. നേരത്തെ ഹിന്ദു ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ സുഗതന്‍ അടക്കമുള്ളവരുടെ കൗണ്‍സിലര്‍ സ്ഥാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

by Midhun HP News | Jul 14, 2026 | Latest News, കേരളം
പത്തനംതിട്ട: ഈ മണ്ഡല മകരവിളക്ക് സീസണില്‍ കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി ആയേക്കും. ശബരിമല തന്ത്രിയായി എത്തേണ്ടിയിരുന്ന കണ്ഠരര് രാജീവര്‍ക്ക് പകരം അദ്ദേഹത്തിന്റെ മകനെ തന്ത്രി ആക്കണമെന്ന ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിഭാഗം പേരും അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം താഴമണ്‍ കുടുംബത്തെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണ് സൂചന. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ്.
അതേസമയം, ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി ഡി സന്തോഷ് കുമാര്‍ പ്രതികരിച്ചത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കണ്ഠരര് രാജീവര്‍ പ്രതി ആണ്. താഴമണ്‍ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. പകരം മകന്‍ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്നും കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. ഊഴമനുസരിച്ച് ഈ മണ്ഡല മകരവിളക്ക് സീസണില്‍ തന്ത്രിയായി എത്തേണ്ടത് കണ്ഠരര് രാജീവര് ആയിരുന്നു. എന്നാല്‍ അനാരോഗ്യം മൂലം തനിക്ക് തന്ത്രിസ്ഥാനത്തു നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠരര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ച് വന്നിരുന്നത്. പിന്നീട് കണ്ഠരര് മോഹനര്‍ മാറി പകരം മകന്‍ കണ്ഠരര് മഹേഷ് മോഹനര്‍ക്കായി ചുമതല. പിന്നാലെയാണ് കണ്ഠരര് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

by Midhun HP News | Jul 14, 2026 | Latest News, കേരളം
പത്തനംതിട്ട: അടൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനെയാണ് (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം. വീടിനുള്ളിലെ സ്റ്റെയര്‍കെയ്‌സിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷെഹനയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷെഹനയുടെ വീട്ടില്‍നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ നസ്മല്‍ കാവിളയെ വിവരം അറിയിച്ചു. നസ്മല്‍ വീട്ടിലെത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഹെനയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു.
കൗണ്‍സിലര്‍ നസ്മല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളേറ്റിട്ടുണ്ട്. രക്തപാടുകളുമുണ്ടായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന, ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഷെഹന കുളനടയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയാണ്.
ഷെഹനയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഒരു കുട്ടിയുള്ള അവള്‍ അതു ചെയ്യില്ലെന്നും ഷെഹനയുടെ അമ്മ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീട്ടില്‍ വഴക്കുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി വ്യക്തമാക്കി.

Recent Comments