പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം; പ്രതി പിടിയിൽ

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം. മോഷണത്തിനായി വീട്ടില്‍ കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിമിക്കുകയായിരുന്നു. പ്രതി നഗ്നനായാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പിടികൂടിയത്. ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് മോഷണ ശ്രമം നടന്നതായി കാണുന്നത്. വീടിന്റെ വാതില്‍ അടക്കം ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. പരിശോധിക്കാനായി വീടിനുളളില്‍ കയറുമ്പോഴാണ് നഗ്നനായ പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,04,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് ഇടിഞ്ഞത്. 13,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 3000 രൂപയാണ് ഇടിഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി രംഗത്ത്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യനില വഷളായെന്ന വിവരമറിഞ്ഞതിനെ തുടർന്നാണ് തനിക്ക് ട്രിപ്പ് പൂർത്തിയാക്കാതെ ഇറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു വിവാദമായ സംഭവം . കോട്ടയത്തുനിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ, ട്രിപ്പ് അവസാനിക്കാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് കണ്ടക്ടർ വഴിയിൽ ഇറങ്ങിയത്. ഇത് വലിയ തോതിൽ വിവാദമാവുകയും കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിര റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കണ്ടക്ടറുടെ പ്രതികരണം.

മകൾ ഫോണിൽ വിളിച്ച് കരഞ്ഞു; ഡ്യൂട്ടി മറ്റൊരാൾക്ക് കൈമാറിയെന്ന് കണ്ടക്ടർ

വീണ് ഇടുപ്പെല്ല് പൊട്ടിയതിനെ തുടർന്ന് തന്റെ ഭർത്താവ് നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്ന് കണ്ടക്ടർ പറഞ്ഞു. എന്നാൽ പ്രചരിക്കുന്നതുപോലെ സർവീസിനിടയിൽ അടിമാലിയിലോ തന്റെ സ്വദേശമായ പത്താം മൈലിലോ അല്ല താൻ ഇറങ്ങിയത്.യാത്രയ്ക്കിടയിൽ ഭർത്താവിന് സോഡിയം വളരെ കുറഞ്ഞ് ആരോഗ്യനില അതീവ വഷളായെന്നും ഡോക്ടർമാർ അടിയന്തിരമായി വരാൻ പറഞ്ഞെന്നും മകൾ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞതോടെയാണ് അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തനിക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വന്നതെന്ന് അവർ വിശദീകരിച്ചു.

വെറുതെ ബസിൽ നിന്നിറങ്ങിപ്പോവുകയല്ല ചെയ്തത്. പൈങ്ങോട്ടൂരിൽ വെച്ച് മൂന്നാർ ഡിപ്പോയിലെ തന്നെ മറ്റൊരു കണ്ടക്ടർ ഈ ബസിൽ യാദൃച്ഛികമായി കയറിയിരുന്നു. അദ്ദേഹത്തെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും അന്നത്തെ കളക്ഷൻ പണവും എണ്ണിത്തിട്ടപ്പെടുത്തി ഡ്യൂട്ടി ബോധ്യപ്പെടുത്തി ഏൽപ്പിച്ച ശേഷമാണ് താൻ ബസിൽ നിന്നിറങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഇറങ്ങിയതിന് തൊട്ടുപിന്നാലെ മൂന്നാർ സ്റ്റേഷൻ മാസ്റ്റർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ തനിക്കെതിരെ മനപ്പൂർവ്വം ആരോ തെറ്റായ പരാതി നൽകിയിരുന്നതായും വനിതാ കണ്ടക്ടർ ആരോപിച്ചു.

വിവരം അറിഞ്ഞത് ചീഫ് ഓഫീസിൽ നിന്ന്; ഡിപ്പോ രജിസ്റ്ററിൽ രേഖപ്പെടുത്തിയെന്ന് സ്റ്റേഷൻ മാസ്റ്റർ
അതേസമയം, തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫിസിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കണ്ടക്ടർ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ വിവരം തങ്ങൾ അറിയുന്നതെന്ന് മൂന്നാർ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ കെജി സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡിപ്പോയിൽ ഉണ്ടായ കാര്യങ്ങളും മറ്റ് ക്രമീകരണങ്ങളും കൃത്യമായി ഡിപ്പോയിലെ ഒഫീഷ്യൽ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമാണെങ്കിലും ഡ്യൂട്ടി സമയത്തെ വീഴ്ചയായതിനാൽ വിജിലൻസ് അന്വേഷണത്തിന് ശേഷമേ അന്തിമ നടപടിയുണ്ടാകൂ.

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

കൊച്ചി: വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികളെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലക്കാരായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ കാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് നെടുമ്പാശ്ശേരിയിൽ വെച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.

തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികൾ കൊച്ചിയിലെത്തിയത്. ഗ്രീൻ ചാനൽ വഴി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി വിശദമായി പരിശോധിക്കുകയായിരുന്നു.

പാന്റിന്റെ ഉള്ളിൽ തുന്നിച്ചേർത്തു; കസ്റ്റംസിനെ ഞെട്ടിച്ച ഒളിപ്പിക്കൽ രീതി
ആസൂത്രിതമായ രീതിയിലാണ് ദമ്പതികൾ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഇരുവരും ധരിച്ചിരുന്ന പാന്റുകളുടെ ഉൾവശത്തെ വെയ്സ്റ്റ് ബാൻഡിനുള്ളിൽ പ്രത്യേകമായി തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണ്ണപ്പശ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തത്.

പിടിച്ചെടുത്ത സ്വർണ്ണപ്പശയിൽ നിന്ന് രാസപ്രക്രിയയിലൂടെ കസ്റ്റംസ് വിദഗ്ദ്ധർ സ്വർണ്ണം വേർതിരിച്ചെടുത്തപ്പോൾ 1,353.92 ഗ്രാം (1.35 കിലോഗ്രാമിലധികം) ഭാരമുള്ള 24 ക്യാരറ്റ് ശുദ്ധമായ തങ്കമാണ് ലഭിച്ചത്.

പിടിച്ചെടുത്ത സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,93,55,640 രൂപ (ഏകദേശം 1.94 കോടി രൂപ) വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അറസ്റ്റും തുടർ അന്വേഷണവും

സ്വർണ്ണക്കടത്ത് തടയൽ നിയമപ്രകാരം ദമ്പതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. വിമാനത്താവളത്തിലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും വൻകിട സ്വർണ്ണക്കടത്ത് സംഘത്തിൻറെ കാരിയർമാരാണോ ഇവർ അതോ സ്വന്തം ആവശ്യത്തിനായി എത്തിച്ചതാണോ എന്ന് കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകളും അബുദാബിയിലെ യാത്രാ പശ്ചാത്തലവും കസ്റ്റംസ് വിശദമായി പരിശോധിച്ചുവരികയാണ്.

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,04,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് ഇടിഞ്ഞത്. 13,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 3000 രൂപയാണ് ഇടിഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരണപ്പെട്ടത്. മാങ്കുളം തളികത്തുള്ള വെള്ളച്ചാട്ടത്തിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.ആന്ധ്രാപ്രദേശിൽ നിന്നും പത്ത് പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്ത് എത്തിയത്.

സലീം വെള്ളച്ചാട്ടത്തിലെ ശക്തമായ ഒഴുക്കിൽപ്പെട്ടയുടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കഠിനശ്രമത്തിനൊടുവിൽ സലീമിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സലീമിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആന്ധ്രയിലെ യുവാവിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.