പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്.

ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച വോട്ടമാരുടെ തീരുമാനം തെറ്റില്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ പ്രധാന എതിരാളികള്‍.

മാളികപ്പുറത്ത് നാളികേരം ഉരുട്ടലും മഞ്ഞള്‍, ഭസ്മം വിതറലും നിരോധിക്കും

മാളികപ്പുറത്ത് നാളികേരം ഉരുട്ടലും മഞ്ഞള്‍, ഭസ്മം വിതറലും നിരോധിക്കും

ശബരിമല: മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍, മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും പറഞ്ഞു. ഇത് ആചാരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

‘മഞ്ഞള്‍പ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങള്‍ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നതും പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും’- പ്രശാന്ത് പറഞ്ഞു.

അതിനിടെ സന്നിധാനത്ത് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ ദര്‍ശനം നടത്തിയത് 18,216 പേര്‍. ശനിയാഴ്ച ആയതിനാല്‍ ദര്‍ശനത്തിനു തിരക്ക് കൂടി. നാളെയും തിരക്കു വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. വെള്ളിയാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുമ്പോള്‍ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കു താഴെ വരെ ഉണ്ടായിരുന്നു. രാത്രി നട അടച്ചശേഷം ഇവരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചു. പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം ഇവര്‍ വടക്കേ നട വഴി സോപാനത്ത് എത്തി ദര്‍ശനം നടത്തി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ; നാളെ മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ; നാളെ മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒപി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെന്നും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ മുതല്‍ക്കൂട്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ ഒപി ടിക്കറ്റ് സൗജന്യമായാണ് നല്‍കുന്നത്.

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിൽ വീണു; യുവാവിനു ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിൽ വീണു; യുവാവിനു ദാരുണാന്ത്യം

കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് മരിച്ചത്. പുലർച്ചെ വരാവൽ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

കുണ്ടറയിൽ കേരളവിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ ജീവനക്കാരാനായിരുന്നു അശോക് കുമാർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയത്. ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്തും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തി.

അതേസമയം കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 1, 2 തീയതികളില്‍ അതിശക്തമായ മഴയ്ക്കും 30 നവംബര്‍-3 ഡിസംബര്‍ തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്‍ അടയ്ക്കാം, പരീക്ഷണം വിജയം

മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്‍ അടയ്ക്കാം, പരീക്ഷണം വിജയം

തിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത് ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും.

യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ ലൈന്‍ പണമടയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്കും വലിയ തോതില്‍ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.

കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോട്ട് ബില്‍ പേയ്മെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.

നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.