by Midhun HP News | Nov 30, 2024 | Latest News, കേരളം
കൊല്ലം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അച്ചു ആറ്റിൽ മുങ്ങിത്താഴുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. കുട്ടി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളോട് പൊലീസ് ചോദിച്ചെങ്കിലും തങ്ങൾക്കൊപ്പം അച്ചു കുളിക്കാൻ വന്നിട്ടില്ലെന്നായിരുന്നു മറുപടി.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റിൽ മുങ്ങിത്താണ വിവരം ഇവർ പുറത്തുപറഞ്ഞത്. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കൊച്ചി: ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തല്‍. അര്‍ജുനെ ഡ്രൈവറായി നിയമക്കുന്നതിനെ തുടക്കത്തില്‍ ലക്ഷ്മി എതിര്‍ത്തിരുന്നെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ അറസ്റ്റിലായതോടെ, ബാലഭാസ്കറിന്‍റെ മരണത്തിന് സ്വര്‍ണ റാക്കറ്റുമായി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് സിബിഐ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.
ബാലഭാസ്‌കറുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ കെ നാരയണനെ പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്തു റാക്കറ്റിനു ബന്ധമുണ്ടെന്ന ആക്ഷേപം വീണ്ടും ഉയരുകയായിരുന്നു. ഇന്നലെ ബാലഭാസ്കറിന്‍റെ പിതാവ് കെസി ഉണ്ണിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനോ മറ്റാര്‍ക്കെങ്കിലുമോ ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
”എന്റെ ഭര്‍ത്താവ് അര്‍ജുനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഡ്രൈവറായി ജോലി നല്‍കാനാണ്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എടിഎം മോഷണക്കേസില്‍ അര്‍ജുന് പങ്കുണ്ടെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, അതിനാല്‍ ഞാന്‍ അര്‍ജുന്റെ നിയമനത്തെ എതിര്‍ത്തു. എന്നാല്‍ സ്വയം തിരുത്താനുള്ള ശ്രമത്തിലാണ് അര്‍ജുനെന്നും നല്ല വ്യക്തിയാണെന്നും പറഞ്ഞ് ബാലു എന്റെ അഭ്യര്‍ത്ഥന നിരസിച്ചു’ സിബിഐക്ക് നല്‍കിയ മൊഴിയില്‍ ലക്ഷ്മി പറഞ്ഞു.
‘അപകടസമയത്ത് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. ബാലുവാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഇതു ശരിയല്ല. ബാലുവാണ് ഡ്രൈവ് ചെയ്തതെന്നും അപകടത്തില്‍ പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ തൃശ്ശൂരിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) ഹര്‍ജി നല്‍കിയെന്നാണ് അറിഞ്ഞത്’ ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു.
ശാസ്ത്രീയ തെളിവുകള്‍ തള്ളിയിട്ടും പരസ്പര വിരുദ്ധമായ മൊഴികള്‍ തുടര്‍ച്ചയായി പുറപ്പെടുവിച്ച അര്‍ജുന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. അര്‍ജുന്റെ പങ്കാളിത്തം അന്വേഷിക്കുന്നതില്‍ സിബിഐ ദയനീയമായി പരാജയപ്പെട്ടു’ കുടുംബം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ലത, ലക്ഷ്മി, വിഷ്ണു, പ്രകാശ് തമ്പി തുടങ്ങിയവരുടെ മൊഴികള്‍ വസ്തുതകളെ ശരിവയ്ക്കുന്നതാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികമാണിത്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.
ഭക്തരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടം ദേവസ്വത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.5 ലക്ഷം അപ്പവും വിറ്റു. 39 ലക്ഷം രൂപ അപ്പം വിറ്റതില്‍ നിന്ന് മാത്രം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും കൂട്ടായ പ്രയത്‌നത്തിന് പുറമെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നല്‍കിയ പിന്തുണ ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ സഹായകമായി. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പാ നദിയില്‍ വസ്ത്രം വലിച്ചെറിയുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഭക്തജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവണതകള്‍ തടയാന്‍ ജീവനക്കാരെ നിയമിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. സ്‌പോട് ബുക്കിങിലൂടെ പരമാവധി ഭക്തരെ പ്രവേശിപ്പിക്കുന്നതിന് പമ്പയില്‍ മാത്രം എട്ട് കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭക്തര്‍ ആധാര്‍ കാര്‍ഡ് കൈവശം വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കൊച്ചി: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്കും രണ്ടു വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.
പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു. 30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി റോഡില്‍നിന്ന് മാറ്റി. ഗതാഗതം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.
by Midhun HP News | Nov 30, 2024 | Latest News, കേരളം
തൃശൂര്‍: സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.
ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കോട്ടയം: തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ്, തിരുവാറൻമുള തുടങ്ങിയ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റും ബിജെപി നേതാവുമായ ബി രാധാകൃഷ്ണ മേനോനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
തൃച്ചിറ്റാട്ട് മഹാവിഷ്‌ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. പഴയ മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പ നദിയുടെ തീരത്താണ് എല്ലാ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അഞ്ച് വൈഷ്‌ണവ ക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളാണിവ.
Recent Comments