നാളെ മുതല്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

നാളെ മുതല്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച തൃശൂര്‍, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്:

30/11/2024: പാലക്കാട്, കോഴിക്കോട്, വയനാട്

01/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്

02/12/2024: തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

അതിനിടെ ബംഗാള്‍ ഉള്‍ക്കടല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമര്‍ദ്ദമായി തുടര്‍ന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആ അരവണ വ്യാജം; വിശദീകരണമായി പറശ്ശിനി മടപ്പുര

ആ അരവണ വ്യാജം; വിശദീകരണമായി പറശ്ശിനി മടപ്പുര

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ ദേവന്റെ പേരില്‍ അരവണ വില്‍പന വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല- ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടകളില്‍ ഭക്തര്‍ക്ക് അരവണ പായസം വില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടന്‍, പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല,” ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

തെയ്യം അണിയാതെ ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന കോലധാരിയായ ബാലകൃഷ്ണന്‍ പെരുവണ്ണാനെ ക്ഷേത്രം ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.

മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ, അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്നു

എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ നഗരത്തിലൂടെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ പോലും യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ ഓടുന്നത്. സമയത്തു മറ്റ് ബസ്സുകൾക്ക്‌ മുന്നേ ഓടിയെത്തുന്നതിന് വേണ്ടി യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെയാണ് നിരത്തുകളിലൂടെ സ്വകാര്യ ബസ്സുകൾ ഓടിക്കുന്നത്.

ഇതുപോലെയുള്ള മത്സര ഓട്ടത്തിനിടയിലാണ് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബസ് തട്ടി ഗുരുതരമായ പരിക്കേറ്റത്. ഈ വിദ്യാർത്ഥികളെ വാഹനം നിർത്തി ആശുപത്രിയിൽ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ജീവനക്കാർ കാണിച്ചില്ല എന്ന പരാതിയും ഉണ്ട്. ഇത്തരത്തിൽ നിരത്തുകളിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് വിദ്യാർഥികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
മുഴുവൻ വിദ്യാർത്ഥികളും സമരത്തിൽ അണിനിരക്കണമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമലും പ്രസിഡന്റ് അർജുനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കൊട്ടിയത്ത് യുവാവിനെ ഓട്ടോറിക്ഷയിൽ വച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

കൊട്ടിയത്ത് യുവാവിനെ ഓട്ടോറിക്ഷയിൽ വച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മൈലാപ്പൂർ സ്വദേശികളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിയാസിനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ചികിത്സയിൽ കഴിയുന്ന റിയാസ് പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്. സുഹൃത്തുക്കൾ ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു റിയാസ് പറഞ്ഞത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്നാണ് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നും അന്ന് തന്നെ റിയാസ്‌ പൊലീസിനോട് പറഞ്ഞിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിഴിഞ്ഞം, തുറമുഖം, കൊച്ചി മെട്രോ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം 1059 കോടി രൂപ അനുവദിച്ചു

വിഴിഞ്ഞം, തുറമുഖം, കൊച്ചി മെട്രോ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം 1059 കോടി രൂപ അനുവദിച്ചു

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക കൂടിയാണ്.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കാനാവും. മാത്രവുമല്ല സംസ്ഥാനം ആവശ്യപ്പെട്ട വയനാട് പാക്കേജ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കും ഉടൻ നടപടിയുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു