by Midhun HP News | Nov 28, 2024 | Latest News, കേരളം
ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തിരൂർ-താനൂർ റോഡിൽ പൂക്കയിൽ ടൗണിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഒഴൂർ സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയും തലനാരിഴക്ക് രക്ഷപ്പെട്ടു. സ്‌കൂൾ വിട്ട് എൽകെജി വിദ്യാർഥിയെ സ്‌കൂട്ടറിൽ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിൽ നിന്ന് പുക ഉയർന്നതോടെ യുവതി വണ്ടി നിർത്തി കുട്ടിയെയും വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുകയായിരുന്നു.
നാട്ടുകാർ വെള്ളമൊക്കെ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടറിന്റെ ബാറ്ററിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
by Midhun HP News | Nov 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങും.
കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 01 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.
നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.
by Midhun HP News | Nov 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സർവീസ്.
രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മെമു സർവീസ് ആരംഭിച്ചത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും.
തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ് സ്റ്റോപ്പുകൾ.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ നവജാത ശിശു ജനിച്ച സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ടു ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യമുണ്ട്. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ല. ഇതിനെതിരെയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അമ്മയുടെ പരാതിയില്‍ അന്വേഷണ മേല്‍നോട്ട ചുമതല ഡിവൈഎസ്പിക്ക് നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും. പലതവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാത്തത് ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കുടുംബം പരാതിയില്‍ ആരോപിക്കുന്നത്. ഡിഎംഒയുടെ നിര്‍ദേശപ്രകാരം, സ്‌കാനിങ് നടത്തിയ രണ്ടു ലാബുകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ പരിശോധന നടത്തി. സ്‌കാനിങ് യന്ത്രത്തിന്റെ കാര്യക്ഷമ പരിശോധിച്ചു.
സ്‌കാന്‍ ചെയ്ത ഡോക്ടര്‍ തന്നെയാണോ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത-ശിശു ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഡിഎംഒ, ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. കുട്ടിയുടെ അമ്മയുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ശബരിമല: ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. നല്ലനടപ്പുപരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്താണ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നാലാം ബറ്റാലിയനിലാണ് പരിശീലനം.
എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹൈക്കോടതിയില്‍ എഡിജിപി വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര് അറിയിച്ചു. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം.
തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത പൊലീസ് ഫോട്ടോഗ്രഫറെയും തിരിച്ചു വിളിച്ചു. പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് എഡിജിപിയെ അതൃപ്തി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ഇനി മുതല്‍ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉള്‍പ്പെടെ ആരെയും അനുവദിക്കില്ല. മേലേ തിരുമുറ്റം, സോപാനം, മേല്‍പാലം, മാളികപ്പുറം ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും വിലക്കും.അതേ സമയം ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Recent Comments