ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും

ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും

തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ പിൻവലിക്കാനോ പൊലീസിന് കൈമാറാനോ ഉള്ള കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കോടതികളിൽ ഈ കേസുകളുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി വിചാരണയുമായി മുന്നോട്ട് പോകാൻ ഡ്രഗ് കൺട്രോളർ കെ. സുജിത് കുമാർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, 2025-ലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്നും നിലവിലുള്ള 29 കേസുകളിൽ വകുപ്പ് തന്നെ നേരിട്ട് വാദിക്കുമെന്നും സുജിത് കുമാർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾക്കെതിരെ നിയമപരമായി പോരാടുന്ന രാജ്യത്തെ ഏക സംസ്ഥാന റെഗുലേറ്ററി ബോഡിയാണ് കേരളത്തിലേതെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പതഞ്ജലിക്കെതിരെയുള്ള കേസുകൾ ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ, കേരളം മാത്രമാണ് നിയമ നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് അവര്‍ പറയുന്നു.

കേരളത്തില്‍ നിലവില്‍ വിവിധ ജില്ലകളിലായി ഇത്തരം കേസുകള്‍ നടക്കുന്നുണ്ട്. കോഴിക്കോട് (7 കേസുകള്‍), എറണാകുളം (6 കേസുകള്‍), തൃശ്ശൂര്‍ (5 കേസുകള്‍), കൊല്ലം (5 കേസുകള്‍), തിരുവനന്തപുരം (4 കേസുകള്‍), കണ്ണൂര്‍ (2 കേസുകള്‍) എന്നിങ്ങനെയാണ് കണക്കുകള്‍.

കണ്ണൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബാബു കെവി.2023-ല്‍ നല്‍കിയ പരാതികളെത്തുടര്‍ന്നാണ് നിയമനടപടികള്‍ക്ക് തുടക്കമായത്. പരസ്യം ചെയ്യുന്നതിൽ നിന്ന് നിയമപരമായി വിലക്കപ്പെട്ടിട്ടുള്ള, വിട്ടുമാറാത്ത രോഗങ്ങൾക്ക് വരെ തങ്ങളുടെ ഉൽപ്പന്നങ്ങൾ അദ്ഭുതകരമായ പരിഹാരമാണെന്ന രീതിയിൽ പതഞ്ജലി പരസ്യം നൽകിയതായി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

1954-ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമത്തിലെ സെക്ഷൻ 3(d) പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ നിയമപ്രകാരം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 54 ഗുരുതര രോഗങ്ങൾക്ക് മരുന്ന് പരസ്യം ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്.

കേസുകൾ അട്ടിമറിക്കാൻ ബാഹ്യമായ കടുത്ത സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും പൊതുജനാരോഗ്യത്തെയും നിയമവ്യവസ്ഥയെയും മുൻനിർത്തി കേസുകളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് കേരള ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.

പ്ലസ് വൺ സീറ്റ് ലഭിച്ചില്ലേ? ഇപ്പോൾ തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കൂ…

പ്ലസ് വൺ സീറ്റ് ലഭിച്ചില്ലേ? ഇപ്പോൾ തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കൂ…

മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് വേണ്ടി അപേക്ഷിക്കാം. ജൂലൈ 13 മുതൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും https://hscap.kerala.gov.in -ൽ ലഭ്യമാണ്.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം കാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനും അപേക്ഷിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.

പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന; രണ്ടുപേര്‍ പിടിയില്‍

പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന; രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി പൊലീസ് 23 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി.

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്.

സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ ( 17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.

‘ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’

‘ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയില്‍ തന്നെ തൂക്കി കൊന്നോളൂ എന്ന് പറഞ്ഞ പ്രതി ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും പറഞ്ഞു. കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ‘നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ശിക്ഷാവിധി പ്രസ്താവിക്കാന്‍ കോടതി കേസ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

‘എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ ഞാന്‍ ഗാന്ധിജി അല്ല. വേണ്ടി വന്നാല്‍ മറ്റുള്ളവരെയും ഞാന്‍ കൊല്ലും. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ. എന്റെ അവസ്ഥ നിങ്ങള്‍ക്കും വരണം. ഞാന്‍ കടന്നുപോയ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാവുമ്പോള്‍ മനസിലാകും. എനിക്ക് തടസ്സം നില്‍ക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും.’- ചെന്താമര കോടതിയില്‍ പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതി പറഞ്ഞു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുന്‍പ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസില്‍ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.

ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍ മനസ്സിലേക്ക് വരുന്നത്. അദ്ദേഹം എങ്ങനെയാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്?’ എന്നാണ് ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ചോദിച്ചത്. ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ്, കഴിഞ്ഞ ഏപ്രില്‍ 10-ന് കോളജിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിരുന്നതായി ആരോപണമുണ്ട്. ഡെന്റല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഡോ. രാം ആണ് കേസിലെ പ്രധാന പ്രതി. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. രാം ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

ഡോ. റാമും മറ്റൊരു പ്രതിയായ ഫാക്കല്‍റ്റി അംഗം ഡോ. സംഗീത നമ്പ്യാരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 25-ന് സെഷന്‍സ് കോടതി ഡോ. സംഗീതയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഡോ. റാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂണ്‍ 19-ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു, പ്രൊഫസറും മരണപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ ഉണ്ടായതായി പറയുന്ന സംഭവവും ആത്മഹത്യയും തമ്മില്‍ ഒരു മാസത്തെ ഇടവേളയുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ചില ചോദ്യങ്ങള്‍ തിരികെ ഉന്നയിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. ‘തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാകണം. ക്ലാസ് മുറിയില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥി ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ അത് ആ കുട്ടിയെ എങ്ങനെ ബാധിക്കും?’ കോടതി ചോദിച്ചു. എന്നാല്‍ അത് ഒരുമാസം മുമ്പ് നടന്ന സംഭവമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ആ സംഭവം ആത്മഹത്യയിലേയ്ക്ക് എത്തിച്ചുവെന്നും ബെഞ്ച് തിരിച്ച് പറഞ്ഞു. ‘ഇത്തരത്തില്‍ പെരുമാറിയ ഒരു അധ്യാപകന് അങ്ങനെ എളുപ്പത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. സമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നല്‍കേണ്ടതുണ്ട്,’ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ പ്രൊഫസര്‍ തന്റെ തെറ്റ് മനസ്സിലാക്കി പാഠം പഠിച്ചു കഴിഞ്ഞു എന്നാണ് ഇതിന് മറുപടിയായി പ്രതിഭാഗം പറഞ്ഞത്. പാഠം പഠിച്ചു എന്ന ചോദ്യമേ ഉദിക്കുന്നില്ല. അദ്ദേഹം വിദ്യാര്‍ത്ഥിയോട് പറഞ്ഞ ആ വാക്കുകള്‍ കോടതിയില്‍ ഉറക്കെ വായിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, പ്രൊഫസര്‍ വിദ്യാര്‍ത്ഥിക്കെതിരെ ഉപയോഗിച്ച മോശം വാക്കുകളെ പരാമര്‍ശിച്ച് ബെഞ്ച് പറഞ്ഞു. ‘മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശരിയായ അര്‍ത്ഥം കിട്ടിക്കൊള്ളണമെന്നില്ലെന്ന്് പ്രതിഭാഗം അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു ഇതിന് മറുപടി നല്‍കി.