by Midhun HP News | Jul 13, 2026 | Latest News, കേരളം
സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിദ്യാർത്ഥി ബസ് കൺസെഷന് അർഹത നേടുന്നതിനുള്ള പ്രായപരിധി 24ൽ നിന്ന് 27 വയസായി ഉയർത്തി. ഇതോടൊപ്പം കൺസെഷൻ ലഭിക്കുന്ന യാത്രാദൂരവും 40 കിലോമീറ്ററായി വർധിപ്പിച്ചു.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷനെച്ചൊല്ലി പതിവായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് എംവിഡി അറിയിച്ചു.
പുതിയ നിർദേശപ്രകാരം രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്‌സുകളിലോ പാർട്ട് ടൈം കോഴ്‌സുകളിലോ പഠിക്കുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.
അതേസമയം, വിദ്യാർത്ഥി ടിക്കറ്റ് കൺസെഷൻ (STC) വിതരണം ഇനി മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ‘MVD Leads’ മൊബൈൽ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും എംവിഡിയുടെ അംഗീകാരം നേടുകയും വേണം. തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്ഥിരീകരണത്തിനും എംവിഡിയുടെ പരിശോധനയ്ക്കും ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.
by Midhun HP News | Jul 13, 2026 | Latest News, കേരളം
കൊച്ചി: ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്.

by Midhun HP News | Jul 13, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവർഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി.മലമ്പുഴ ജയിലിൽ കഴിയുന്ന ചെന്താമരയെ കോടതിയിൽ ഹാജരാക്കി.
പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുൻപ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.
ആദ്യ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

by Midhun HP News | Jul 13, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. 1,04,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jul 12, 2026 | Latest News, കേരളം
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി കെ ജോസിനെ(66) തിരുവമ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശിവകുമാർ എന്ന പേരിൽ മൈസൂരുവിൽ ഭാര്യയ്ക്കൊപ്പം അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു.
വി കെ ജോസ് 1990ലാണ് കേരളത്തിൽ വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. തിരുവമ്പാടി – കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്താണ് പ്രതി ബസിൽ എത്തി തോക്ക് ചൂണ്ടി പണം കവർന്നത്. ഈ സംഭവത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് കേരളത്തിൽ നിന്നും മുങ്ങിയ ജോസ് മൈസൂരുവിലെത്തി പെയ്ന്റിങ് ജോലികളിൽ ഏർപ്പെട്ടു വന്നു. ഇവിടെ വച്ച് വിവാഹവും കഴിച്ചു. ഇതിനിടെ രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ജോസ് വഴക്കിട്ടതിനെ തുടർന്ന് ഭാര്യ പൊലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ചപ്പോൾ നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയാണ് നിർണായകമായത്.
താൻ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാൻ ജോസ് തയാറായിരുന്നില്ലെന്ന വിവരം പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കിടക്കയുടെ അടിയിൽ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി.സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വച്ച് കേരള പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

by Midhun HP News | Jul 12, 2026 | Latest News, കേരളം
കോട്ടയം: റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍. ആഭ്യന്തര റബര്‍ വില വീണ്ടും കിലോഗ്രാമിന് 276 രൂപ എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 17ന് ആണ് ആര്‍എസ്എസ് 4 വില 276 രൂപയില്‍ എത്തിയത്.
30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. മാര്‍ക്കറ്റിലെ ചരക്കുക്ഷാമമാണ് വില വര്‍ധനയ്ക്കു കാരണം. പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉണ്ടായ ഉല്‍പ്പാദനത്തിലെ കുറവു കാരണം രാജ്യാന്തര വില ഉയരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍എസ്എസ്-4 വില കിലോഗ്രാമിന് 286.51 രൂപയായിരുന്നു.

Recent Comments