‘പാലക്കാട് രാഹുല്‍ തന്നെ’; അഭിനന്ദനവുമായി വി ടി ബല്‍റാം

‘പാലക്കാട് രാഹുല്‍ തന്നെ’; അഭിനന്ദനവുമായി വി ടി ബല്‍റാം

പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പാലക്കാട് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യറൗണ്ടില്‍ യുഡിഎഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മികച്ച ലീഡുമായി മുന്നേറി. രണ്ടു റൗണ്ട് പിന്നിട്ടശേഷമാണ് രാഹുലിന് ഒപ്പമെത്താന്‍ സാധിച്ചത്. പിന്നീടും അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നില മാറിമറിഞ്ഞു. ഏഴു റൗണ്ട് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പാലക്കാട്‌ രാഹുൽ തന്നെ.

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.

കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി കെ സജീവ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി കെ സജീവ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് (82) അന്തരിച്ചു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്.

പാര്‍ട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി പി കെ ആന്‍ഡ് സണ്‍സ് ഉടമകളില്‍ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

പാലക്കാട് ത്രില്ലർ പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

പാലക്കാട് ത്രില്ലർ പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.

അതേസമയം രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആ​ഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് അറുന്നൂറു രൂപ കൂടി ഉയര്‍ന്ന് പവന്‍ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഇന്നലെ പവന്‍ വില 640 രൂപ ഉയര്‍ന്നിരുന്നു.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ ആറു ദിവസം കൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. വില അറുപതിനായിരവും കടന്നു മുന്നേറുമെന്നു തോന്നിച്ച ഘട്ടത്തില്‍ ഇടിവു പ്രകടിപ്പിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന്(12) വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് 8 വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ (60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്.

ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി 3 ലക്ഷം രൂപയും ഹൈക്കോടതി അധികമായി നഷ്ടപരിഹാര തുകയ്‌ക്കൊപ്പം ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി, പെയിന്‍ ആന്റ് സഫറിങ് ചാര്‍ജ് 3 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി. അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി.

വാര്‍ഡ് വിഭജനം; വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

വാര്‍ഡ് വിഭജനം; വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും. ഇതില്‍ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ നല്‍കുന്നതു പരിഗണനയിലുണ്ടെങ്കിലും ഉടന്‍ നടപ്പാക്കിയേക്കില്ലെന്നാണ് സൂചന.

ഓരോ തവണ പുനര്‍ നിര്‍ണയം നടത്തുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പര്‍ ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്‍ത്തുള്ളതായിരിക്കും സ്ഥിര നമ്പര്‍. ആധാര്‍ മാതൃകയിലുള്ള നമ്പറില്‍ വാര്‍ഡ് നമ്പര്‍ ചേര്‍ക്കില്ല. അതിനാല്‍ ഭാവിയില്‍ വാര്‍ഡില്‍ മാറ്റം വന്നാലും കെട്ടിട നമ്പര്‍ മാറ്റമില്ലാതെ തുടരും.

കെട്ടിടങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക. കെ സ്മാര്‍ട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്കു തിരിച്ചറിയില്‍ കോഡുള്ളത്. 941 പഞ്ചായത്തുകളില്‍ കോഡുകള്‍ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര്‍ നല്‍കുന്ന നടപടികളിലേയ്ക്ക് കടക്കൂ.