by Midhun HP News | Nov 19, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 442 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ST 227485 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SS 667268 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Nov 19, 2024 | Latest News, കേരളം
ആറ്റുനോറ്റു കാത്തിരുന്ന കൺമണി അൽപം നേരത്തെ പിറവിയെടുത്താൽ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകൾ ജന്മനാ തന്നെ പോരാളികളാണ്. അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ വെല്ലുവിളികളല്ല അവർ നേരിടേണ്ടത്. 37 മുതൽ 40 ആഴ്ച വരെയുള്ളതാണ് സാധാരണ ഗർഭകാലം. 37 ആഴ്ചയ്ക്ക് മുമ്പ് പിറക്കുന്നവരാണ് പ്രീടേം (പ്രീമെച്വർ) ബേബീസ് അഥവാ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾ എന്ന് അറിയപ്പെടുന്നത്.
നേരത്തെ എത്തുന്നതുകൊണ്ടു തന്നെ ഇവർക്ക് വലിപ്പവും ശരീരഭാരവും കുറവായിരിക്കാം. ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് മുതൽ കാഴ്ച, കേൾവി, പാൽ കുടിക്കൽ, അങ്ങനെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് പലതരം വെല്ലുവിളികൾ ഈ ഇളംപൈതലുകൾ നേരിടേണ്ടി വരും.
പ്രീമെച്വർ കുഞ്ഞുങ്ങൾ പലവിധം
ഗർഭാവസ്ഥയുടെ പ്രായമനുസരിച്ച് നേരത്തെയുള്ള പ്രസവത്തെയും കുഞ്ഞുങ്ങളെും നാലായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും കുഞ്ഞുങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കനുസരിച്ചുള്ള സംരക്ഷണവും കരുതലും അവർക്കാവശ്യമാണ്.
34 മുതൽ 36 വരെയുള്ള ആഴ്ച – പ്രീമെച്വർ കുഞ്ഞുങ്ങളിൽ ഏറെയും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവർക്ക് പ്രായമെത്തിയ കുഞ്ഞുങ്ങളുടെ അതേ വലിപ്പം തന്നെയുണ്ടാകുമെങ്കിലും പാൽ വലിച്ചു കുടിക്കുന്നതിലും ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ട് നേരിടാം. കൂടാതെ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാനും സാദ്ധ്യത കൂടുതലാണ്. മറ്റു പ്രീമെച്വർ കുഞ്ഞുങ്ങളേക്കാൾ ആരോഗ്യവാന്മാരാണെങ്കിലും ഇവർക്കും വളരെ അടുത്ത നിരീക്ഷണവും പ്രത്യേക കരുതലും ആവശ്യമാണ്.
32 മുതൽ 34 വരെയുള്ള ആഴ്ച – ആരോഗ്യപരമായ സങ്കീർണതകൾക്ക് സാദ്ധ്യത കൂടിയ കൂട്ടത്തിലാണ് ഈ വിഭാഗത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ. ശ്വാസമെടുക്കുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, പാൽ കുടിക്കുക എന്നീ കാര്യങ്ങൾക്കൊക്കെ ഇവർക്ക് സഹായം ആവശ്യം വരും. ഈ വിഭാഗത്തിലെ മിക്ക കുഞ്ഞുങ്ങളും ശരിയായ സംരക്ഷണത്തിലൂടെ സാധാരണ ജീവിതം നയിക്കാറുണ്ട്. എങ്കിലും ജീവിതത്തിന്റെ പ്രാരംഭകാലത്ത് ആരോഗ്യപരമായും വളർച്ചാപരമായും പല വെല്ലുവിളികളും ഇവർ നേരിടാറുണ്ട്.
32 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവർ – നിശ്ചയിച്ചതിലും വളരെ നേരത്തെ ജനിക്കുന്നവരാണ് ഈ കുഞ്ഞുങ്ങൾ. വളർച്ചയെത്തായ്മയുടെ പല പ്രശ്നങ്ങളും ഇവർ അനുഭവിക്കേണ്ടി വരും. അവരുടെ ശ്വാസകോശങ്ങൾ, മസ്തിഷ്കം, ദഹന വ്യവസ്ഥ തുടങ്ങിയവയിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിടാറുണ്ട്. ഈ വിഭാഗത്തിന് തീവ്രപരിചരണം ആവശ്യമാണ്.
25 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവർ – ഈ വിഭാഗത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ഗൗരവതരമായ സങ്കീർണതകൾ നേരിടേണ്ടി വരാറുണ്ട്. ശരീരത്തിലെ ജീവധാരണമായ പല അവയവങ്ങളും മുഴുവനായി രൂപീകരിക്കപ്പെടുന്നതിനും മുമ്പ് ജനിക്കുന്നവരാണ് ഇക്കൂട്ടർ. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ വളർച്ച കൊണ്ട് അതിജീവന നിരക്ക് വളരെ കൂടിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങൾ വളരെ കാലത്തേക്ക് ആരോഗ്യപരമായും വളർച്ചാപരമായുമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.
പ്രീമെച്വർ പ്രസവത്തിലേക്ക് അമ്മയെ നയിക്കുന്ന ഘടകങ്ങൾ
രണ്ടോ മൂന്നോ അധിലധികമോ കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നവർ
17 വയസിന് താഴെയോ 35 വയസിന് മേലെയോ പ്രായമുള്ളവർ
പ്രീടേം പ്രസവം നേരത്തെ നടന്നവരോ അത്തരം പ്രസവം നടന്ന കുടുംബ പാരമ്പര്യമോ ഉള്ളവർ
ഗർഭിണി ആയിരിക്കെ പുകവലി, മദ്യപാനം, മറ്റു ലഹരികളുടെ ഉപയോഗം
വളർച്ചാ പാറ്റേണും ട്രാക്കിങ്ങും
ഈ കുഞ്ഞുങ്ങൾ മറ്റുള്ള കുഞ്ഞുങ്ങൾക്കൊപ്പം എപ്പോഴെത്തുമെന്ന ആശങ്ക പലപ്പോഴും മാതാപിതാക്കൾക്കുണ്ടാകും. വളർച്ചയിലും ബുദ്ധിവികാസത്തിലും ഓരോ കുഞ്ഞും വ്യത്യസ്തരാണ്. പൂർണ്ണാവസ്ഥയിൽ ജനിച്ചാലും നേരത്തെ പിറന്നാലും ഓരോ കുഞ്ഞുങ്ങളും അവരുടേതായ സമയമെടുത്താണ് വളർച്ചാഘട്ടം പൂർത്തീകരിക്കുക. എങ്കിലും ഗർഭകാലഘട്ടം പ്രത്യേകരീതിയിൽ കണക്കാക്കി ഇത്തരം കുഞ്ഞുങ്ങളുടെ വളർച്ചാ നാഴികക്കല്ലുകൾ ഈ രംഗത്തെ വിദഗ്ദ്ധർ പിന്തുടരാറുണ്ട്.
കുഞ്ഞുങ്ങൾക്ക് പരിലാളനയുടെയും പിന്തുണയുടെയും അന്തരീക്ഷം സൃഷ്‌ടിച്ചും അവരെ സൗമ്യമായി വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയും അവരുടെ ആരോഗ്യപരിപാലനത്തിന് ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും ജാഗ്രത പാലിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെ ആരോഗ്യവാന്മാരായി വളർത്തിയെടുക്കാം. നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (NICU) മാത്രമല്ല, വീട്ടിലെ ആദ്യകാല വളർച്ചാസമയത്തും മാസം തികയാത്ത കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പി (OT) നിർണായക പങ്ക് വഹിക്കുന്നു.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ചെയ്യുന്നത്
കുഞ്ഞിനെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും: കുഞ്ഞുങ്ങളുടെ ജോയിന്റ് അലൈൻമെന്റിനെ പിന്തുണയ്ക്കാനും വൈകല്യങ്ങൾ ഉണ്ടാകാതെ തടയാനും ശ്വസനം മെച്ചപ്പെടുത്താനും കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് പറഞ്ഞു തരുന്ന, മൃദുവായി കൈകാര്യം ചെയ്യുന്ന രീതികൾ കുഞ്ഞുങ്ങളിൽ സ്വയം സാന്ത്വനിപ്പിക്കൽ സ്വഭാവങ്ങൾ വളർത്താനും തങ്ങളുടെ ശരീരത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും സഹായിക്കും.
മുലയൂട്ടുന്നതിനുള്ള പിന്തുണ: ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അമ്മയുടെയും കുഞ്ഞിന്റെ ഓറൽ മോട്ടോർ കഴിവ് വർധിപ്പിക്കാൻ സഹായിക്കുന്നു. പാൽ വലിച്ചെടുക്കാനും മാത്രം കരുത്തില്ലാതെയോ അത് വിഴുങ്ങാതെയോ പാൽ കുടിക്കുമ്പോൾ ശ്വസനക്രിയ ഏകോപിപ്പിക്കാനറിയാതെയോ ബുദ്ധിമുട്ടുന്ന ഇത്തരം കുഞ്ഞുങ്ങളെ ഇത് സഹായിക്കും. അതുപോലെതന്നെ അമ്മയുടെയും കുഞ്ഞിന്റെയും ഫീഡിംഗ് പൊസിഷൻ നേരെയാക്കാനും സഹായിക്കുന്നു.
സെൻസറി റെഗുലേഷൻ : പലപ്പോഴും പൂർണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങളുടെ സെൻസറി സിസ്റ്റവും പൂർണമായി വികസിച്ചിട്ടുണ്ടാവില്ല. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും പോലുള്ളവ കുറച്ച് എൻഐസിയു പരിതസ്ഥിതിയുമായി സാമ്യമുള്ള ശാന്തതയും ഗർഭപാത്രത്തിന് സമാനമായ ക്രമീകരണവും സൃഷ്ടിച്ച് കുഞ്ഞുങ്ങളുടെ സെൻസറി റെഗുലേഷനെ സഹായിക്കുന്നു. എൻ.ഐ.സി.യുവിലും വീട്ടിലും കുഞ്ഞിന് സുഖകരവും ഇന്ദ്രിയ വികാസം പ്രോത്സാഹിപ്പിക്കുന്നതുമായ മൃദുസ്പർശനം, സ്വാഡ്ലിംഗ്, ഉചിതമായ സ്റ്റിമുലേഷൻ എന്നിവ നൽകാൻ സഹായിക്കുന്നു.
മോട്ടോർ വികസനം: മാസം തികയാത്ത ശിശുക്കൾക്ക് മോട്ടോർ കഴിവുകൾ വൈകാനുള്ള സാധ്യത കൂടുതലാണ്. ചലനം, എത്തിവലിയുക, പിടിക്കുക, തുടങ്ങി കുഞ്ഞിന്റെ മോട്ടോർ കഴിവുകൾ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് വിലയിരുത്തുകയും പ്രായത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളാൽ അവയെ പ്രോത്സാഹിപ്പിച്ച് വളർത്തിയെടുക്കുകയും ചെയ്യുന്നു.
ഉണക്കമുന്തിരി കുതിർത്തത്, ഗുല്‍ക്കന്ദ്, പെരുംജീരകം; അസിഡിറ്റിക്ക് ഉടനടി പരിഹാരം
രക്ഷിതാക്കളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു : കുഞ്ഞുങ്ങളെ പിടിക്കുക, സൂക്ഷിച്ച് കൈകാര്യം ചെയ്യുക, അവരുടെ വളർച്ചയ്ക്കും വികസനത്തിനുമുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക എന്നിവയിലൂടെ മാതാപിതാക്കളെ ബോധവത്ക്കുന്നതിനൊപ്പം കുട്ടിയുടെ വളർച്ചയുടെ ഓരോ നാഴികകല്ലുകളും അവ ട്രാക്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളുമായി ബന്ധം വളർത്തിയെടുക്കേണ്ടതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക എന്നിവയും ഒക്യുപേഷണൽ തെറാപ്പിസ്റ്റ് നിർവഹിക്കുന്നു. മാതാപിതാക്കളുടെ ആത്മവിശ്വാസം വളർത്തുന്നതിലൂടെ കുഞ്ഞുങ്ങളുടെ വളർച്ച ഫലപ്രദമാക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.
by Midhun HP News | Nov 19, 2024 | Latest News, കേരളം
ചെന്നൈ: സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് ‘സംഗീത കലാനിധി എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്’ നല്‍കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കരുതെന്നും ഹൈക്കോടതി മ്യൂസിക് അക്കാദമിയോട് ആവശ്യപ്പെട്ടു.
എം എസ് സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും താല്‍പ്പര്യത്തിനും എതിരാണ് ടി എം കൃഷ്ണയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി ചെറുമകന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സുബ്ബലക്ഷ്മിയുടെ പേര് ഉപയോഗിക്കാതെ അവാര്‍ഡ് നല്‍കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ടിഎം കൃഷ്ണ സുബ്ബലക്ഷ്മിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തിന് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കരുതെന്നുമാണ് ചെറുമകന്‍ ശ്രീനിവാസന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ടി എം കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ ചോദ്യം ചെയ്ത് സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് മ്യൂസിക് അക്കാദമി നല്‍കിയ അപേക്ഷയും കോടതി തള്ളി.

by Midhun HP News | Nov 13, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.
by Midhun HP News | Nov 13, 2024 | Latest News, കേരളം
സിഡ്‌നി: ഫോമില്ലായ്മ മൂലം വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീ. രണ്ടു താരങ്ങളും വിശ്രമം എടുത്ത്, ബാറ്റിങ്ങില്‍ സാങ്കേതികതയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും, അങ്ങനെ ഫോം വീണ്ടെടുക്കാനും ബ്രെറ്റ്‌ലീ ഉപദേശിച്ചു.
തുടര്‍ച്ചയായി മോശം പ്രകടനമുണ്ടാകുമ്പോള്‍ സമ്മര്‍ദ്ദം ഉയരുക സ്വാഭാവികമാണ്. കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലെയുള്ളവര്‍ ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങിപ്പോയാല്‍ മതി. ടെക്‌നിക്കില്‍ ശ്രദ്ധയൂന്നുകയും ഫ്രെഷ് ആകുകയും ചെയ്തശേഷം ഇരുവര്‍ക്കും പൂർവാധികം കരുത്തോടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാവുന്നതാണെന്നും ബ്രെറ്റ് ലീ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതും കോഹ്‌ലിയും ബാറ്റിങ്ങിൽ പരാജയമായിരുന്നു. ഇരുവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പരമ്പര കിവീസ് തൂത്തുവാരുകയും ചെയ്തിരുന്നു. ഈ വര്‍ഷം രോഹിത് ശര്‍മ്മ 11 മത്സരങ്ങളില്‍ നിന്നും 588 റണ്‍സാണെടുത്തത്. ശരാശരി 29.40. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍പ്പെടുന്നു. കോഹ് ലിയാകട്ടെ 6 മത്സരങ്ങളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നായി 250 റണ്‍സ് മാത്രമാണെടുത്തത്. ശരാശരി 22.72. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കാണ് ഇന്ത്യ ഓസീസ് പര്യടനത്തിനെത്തിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്നതിന് ഓസീസിനെതിരെ ഇന്ത്യയ്ക്ക് 4-1 ന്റെ വിജയം അത്യാവശ്യമാണ്. മൂന്നാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിന് ഇന്ത്യ സീനിയര്‍ താരങ്ങളായ രോഹിതിന്റെയും കോഹ്‌ലിയുടേയും ബാറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
by Midhun HP News | Nov 13, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaarല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലില്‍ വരുന്ന ഒടിപി നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.
പാന്‍- ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് അറിയാം
www.incometax.gov.inല്‍ പ്രവേശിച്ച് ഹോംപേജിലെ ‘Quick Links’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ആധാര്‍ സ്റ്റാറ്റസ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ആധാറുമായി പാന്‍ ലിങ്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും
ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.
Quick Links ന് കീഴിലുള്ള ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
Recent Comments