by Midhun HP News | Nov 13, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പരമോന്നത കോടതി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പ്രതിയെ കുറ്റക്കാരെന്നു വിധിച്ച് വീട് ഇടിച്ചു നിരത്തുന്നതിനു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ജഡ്ജിയല്ലെന്ന്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് പറഞ്ഞു. സ്ത്രീകളും കുട്ടികളും രാത്രിയില്‍ തെരുവില്‍ അലയുന്നതു കാണുന്നത് സന്തോഷമുള്ള കാര്യമല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പതിനഞ്ചു ദിവസം മുമ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി. പൊളിക്കല്‍ വിഡിയോയില്‍ ചിത്രീകരിക്കണം. ഭരണഘടനയും ക്രിമിനല്‍ നിയമവും അനുസരിച്ച് കേസില്‍ പ്രതികളാവുന്നവര്‍ക്കും കുറ്റവാളികള്‍ക്കും ചില അവകാശങ്ങളൊക്കെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും കോടതി ഉത്തരവു പ്രകാരമുള്ള പൊളിക്കലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാവില്ലെന്ന് കോടതി വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി നടപടി.
by Midhun HP News | Nov 13, 2024 | Latest News, കേരളം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പുലർച്ചെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. വയനാട് 30 ശതമാനം പോളിംഗ് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ചേലക്കരയിൽ 32 ശതമാനം പോളിംഗ് കഴിഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ച വയനാട്ടിൽ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എൽഡിഎഫിനായും, ബിജെപിയുടെ നവ്യഹരിദാസാണ് എൻഡിഎയ്‌ക്കായി കളത്തിലുള്ളത്.ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർ വോട്ടുചെയ്യാനെത്തി. രണ്ട് ബൂത്തുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും നാട് വിട്ടുപോയിരുന്നു. ദുരന്തം നടന്നതിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്താൻ സൗജന്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.എംഎൽഎയായിരുന്ന കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിച്ചതിനാലാണ് ചേലക്കരയിൽ പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപും യുഡിഎഫിന്റെ രമ്യാ ഹരിദാസും നേർക്കുനേർ ഏറ്റുമുട്ടുന്ന ചേലക്കരയിൽ കെ ബാലകൃഷ്ണനാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. മായന്നൂർ വിഎൽപി സ്കൂളിലെ 97-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
by Midhun HP News | Nov 13, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 1080 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
by Midhun HP News | Nov 13, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും, മറ്റന്നാള്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും, ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Nov 13, 2024 | Latest News, കേരളം
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നു.
ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ടില്ല. ആകെ വോട്ടര്‍മാര്‍ 14,71,742. പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20നാണ്. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കി. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍സിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും.ചേലക്കരയില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്. മണ്ഡലത്തില്‍ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും.
പോളിങ് ബൂത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എന്‍പിആര്‍ സ്‌കീമിന് കീഴില്‍ ആര്‍ജിഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എംപി/എംഎല്‍എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ കൈയിലുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയും.
by Midhun HP News | Nov 13, 2024 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.
ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.
Recent Comments