കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; സ്ഥാനാർഥികൾ ക്ഷേത്രത്തിലെത്തും

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; സ്ഥാനാർഥികൾ ക്ഷേത്രത്തിലെത്തും

പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക.

അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് ക്ഷേത്രത്തിലെത്തും. അതിനിടെ കല്പാത്തി രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്തും.

കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പൊലീസ് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്‍കി. ഗതാഗത നിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് ജില്ല കലക്ടറേയൊ ജില്ല പൊലീസ് മേധാവിയോയൊ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ല കലക്ടര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും; 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകിട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം.

ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ വേണ്ട; മാര്‍ഗനിര്‍ദേശവുമായി തന്ത്രി

ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ വേണ്ട; മാര്‍ഗനിര്‍ദേശവുമായി തന്ത്രി

പത്തനംതിട്ട: ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കി. തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും തന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇരുമുടിക്കെട്ടില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. മുന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിക്കാനുള്ള സാധനങ്ങളും പിന്‍കെട്ടില്‍ ഭക്ഷണപദാര്‍ഥങ്ങളും. മുന്‍കെട്ടില്‍ ഉണക്കലരി, നെയ്ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് (പൊന്ന്/ നാണയം) എന്നിവ മാത്രം മതി. മുമ്പ് കാല്‍നടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണമൊരുക്കാന്‍ അരി, നാളികേരം തുടങ്ങിയവ പിന്‍കെട്ടില്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ എല്ലായിടത്തും ഭക്ഷണം ലഭ്യമായതിനാല്‍ അതിന്റെ ആവശ്യമില്ല. പിന്‍കെട്ടില്‍ കുറച്ച് അരിമാത്രം കരുതിയാല്‍ മതിയെന്നും കത്തില്‍ പറയുന്നു.

പിന്‍കെട്ടില്‍ കൊണ്ടുവരുന്ന അരി ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാവുന്നതാണ്. ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്ന് തന്ത്രി കത്തില്‍ വ്യക്തമാക്കി. തീര്‍ഥാടകര്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തന്ത്രി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കും: ദേവസ്വം ബോര്‍ഡ്

കെട്ടുനിറയ്ക്കുമ്പോള്‍ ശബരിമല തന്ത്രിയുടെ നിര്‍ദേശം പാലിക്കാനാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും ഗുരുസ്വാമിമാര്‍ക്ക് കത്തുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, കമ്മീഷണര്‍മാര്‍, എഒമാര്‍ തുടങ്ങിയവരെയും തന്ത്രിയുടെ നിര്‍ദേശം അറിയിക്കും. ശബരിമല തന്ത്രി നിര്‍ദേശിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രമേ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്താവൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു.

വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും; 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പാടാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പം ലഭിക്കും. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്ററിന് ഉള്ളിലാണെങ്കില്‍ അവിടെയെത്തി ഭക്തരെ കയറ്റും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ കൃത്യമായ എണ്ണം ശേഖരിക്കും. ഇതിനായി ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും.

തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും. അരമിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലയ്ക്കല്‍- പമ്പ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ് നിരോധിക്കും.

പമ്പയില്‍നിന്ന് ആവശ്യത്തിന് തീര്‍ഥാടകര്‍ കയറിയാല്‍ നിലയ്ക്കലില്‍ പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകള്‍ 2.50 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനകം സംഭവസ്ഥലത്തെത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ആറു ഭാഷകളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളില്‍ റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഊഹാപോഹങ്ങൾക്ക് ഇടമില്ല’; വാർത്തകൾ‌ തള്ളി സുരേഷ് ​ഗോപി

‘ഊഹാപോഹങ്ങൾക്ക് ഇടമില്ല’; വാർത്തകൾ‌ തള്ളി സുരേഷ് ​ഗോപി

ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ​ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ​ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് ​ഗോപി തന്നെ രം​ഗത്തെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തി.

‘ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025’ എന്നാണ് സുരേഷ് ​ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.

ഒരേയൊരു ഉലക നായകൻ; കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ

ഒരേയൊരു ഉലക നായകൻ; കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ

ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രം​ഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. സകലകലാവല്ലഭനിൽ നിന്ന് ആണ്ടവരിലേക്കും അവിടെ നിന്ന് ഉലക നായകനിലേക്കുമുള്ള കമൽ ഹാസന്റെ ജീവിതം സംഭവബഹുലമായിരുന്നു.

1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. അവിടുന്നിങ്ങോട്ട് കലാമൂല്യമുള്ളതും കൊമേഴ്സ്യൽ സിനിമകളുമായി അദ്ദേഹം തന്റെ സിനിമാ യാത്ര തുടരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ഹാസന്റെ ചിത്രങ്ങളാണ്. മതം, വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തന്റെ നിലപാടുകൾ എന്നും ഉറക്കെ വിളിച്ചു പറയാൻ കമൽ യാതൊരു മടിയും കാണിക്കാറില്ല. മതേതരമായ കാഴ്ചപ്പാടോടെ മക്കൾ നീതി മയം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. എന്നാൽ ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ മക്കൾ നീതി മയത്തിന് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ.

പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ഇപ്പോൾ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന നടൻ കൂടിയാണ് കമൽ ഹാസൻ. നിശബ്ദ ചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍, ദശാവതാരം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് തെളിവാണ്.

പരീക്ഷണങ്ങൾ ഇങ്ങനെ തുടരുമ്പോഴും, എഴുപതാം വയസിലും മധുര പതിനേഴിന്റെ തിളക്കമുണ്ട് ആ കണ്ണുകളിൽ. സിനിമയിൽ നിന്ന് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ചിത്രത്തിലൂടെ ഇൻഡസ്ട്രി ഹിറ്റും കമൽ ഹാസൻ തന്റെ പേരിലാക്കി. കമൽ ഹാസൻ തിരക്കഥയൊരുക്കിയ ചിത്രങ്ങളും സിനിമാ പ്രേമികൾക്ക് ഒരു പാഠപുസ്തകമാണെന്ന് പറയാം. മനുഷ്യത്വം, കമ്മ്യൂണിസം, ​ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിലും നിറഞ്ഞു നിന്നു.

കമൽ ഹാസന്റെ സിനിമാ ജീവിതമെടുത്താൽ, അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ടായ മരുതനായകത്തെ മാറ്റി നിർത്തി പറയാനേ കഴിയില്ല. 27 വർഷം മുൻപ് ചിത്രീകരിച്ച മരുതനായകം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് കമൽ ഹാസന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ നഷ്ടമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഇനി കമൽ ഹാസന്റേതായി വരാനിരിക്കുന്ന ചിത്രം.

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; 58,000ല്‍ താഴെ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; 58,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.