by Midhun HP News | Nov 7, 2024 | Latest News, കേരളം
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി. ഇത് ക്രോഡീകരിക്കാൻ അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു. നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു.
പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയെന്നും കോടതി പറഞ്ഞു. 26 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ കമ്മിറ്റിക്ക് മൊഴി നൽകിയ 5 പേർ പൊലീസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങൾ പറഞ്ഞതുപോലെയല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്നതെന്ന് മൂന്ന് പേർ പറഞ്ഞതായും എജി അറിയിച്ചു. ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

by Midhun HP News | Nov 7, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ, പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
വണ്ടിപ്പെരിയാര്‍, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌പോട്ട് ബുക്കിങ്ങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നല്‍കാനാണ് തീരുമാനം. ഈ സീസണിന്റെ തുടക്കം മുതല്‍ തന്നെ ഭക്തര്‍ക്ക് 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമലയില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടയ്ക്കുക. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നട തുറക്കും. രാത്രി 11 മണി വരെ നട തുറന്നിരിക്കുമെന്നും, അതുവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്നവരില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. എല്ലാ മേഖലയിലും സുഖകരമായ നല്ല ദര്‍ശനത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു.

by Midhun HP News | Nov 7, 2024 | Latest News, കേരളം
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പഴയ വസ്ത്രങ്ങളും പുഴുവരിച്ച അരിയുമായി ഓഫീസിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ചു. മേശയും കസേരയും തട്ടിമറിച്ചിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

by Midhun HP News | Nov 7, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകള്‍ക്കും മരുമകനുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

by Midhun HP News | Nov 7, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.
പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.


by Midhun HP News | Nov 7, 2024 | Latest News, കേരളം
കൊച്ചി: കലൂർ നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗതനിയന്ത്രണം. പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടക്കൻ ജില്ലകളിൽനിന്ന് വരുന്നവർ വാഹനങ്ങൾ ആലുവ മണപ്പുറത്ത് ക്രമികരിച്ച ഇടങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ വഴി സ്റ്റേഡിയത്തിലേക്ക് വരണം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ കാണികളെ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലിറക്കി വാഹനം ഇരുമ്പനം സീപോർട്ട് – എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്നവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലെ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന് എത്തുന്നവർ വാഹനങ്ങൾ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. വൈകിട്ട് അഞ്ചിനുശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർ വൈറ്റില ജങ്ഷൻ, സഹോദരൻ അയ്യപ്പൻ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.
മെട്രോ സർവീസ് നീട്ടി
ഐഎസ്എൽ മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് നീട്ടി. ഇന്ന് അവസാന സർവീസ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നത്. യാത്രക്കാർക്ക് വേണ്ടി അധിക യാത്രകളും, മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു.
Recent Comments