നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി നല്കുക. ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.

കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രം. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു; മദ്യലഹരിയിലെന്ന് സംശയം

പത്തനംതിട്ട: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. മദ്യലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പർ പരിശോധിച്ചതിൽ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു.

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ മരിച്ചത്.

തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ ശനിയാഴ്ച കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം.

സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും.

140 കിലോമീറ്ററലധികം ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോര്‍വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹര്‍ജിയിൽ സ്വകാര്യബസ് ഉടമകള്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും.

ശബരിമല: ഭക്തർ ഇരുമുടികെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റിന് കത്തയച്ചു.

പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണമെന്നും തന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം കരുതിയാൽ മതിയെന്നും തന്ത്രി അറിയിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് എല്ലാ സബ്ഗ്രൂപ്പ് ഓഫീസര്‍മാരെയും ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ കെട്ടുനിറയ്ക്കുന്നവര്‍ അനാവശ്യമായ സാധനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.

‘നടന്നത് പതിവ് പരിശോധന, 12 മുറികൾ പരിശോധിച്ചു’; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

‘നടന്നത് പതിവ് പരിശോധന, 12 മുറികൾ പരിശോധിച്ചു’; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്.

സാധാരണ നടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്.

ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്ന കാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എഎസ്പി വ്യക്തമാക്കി. സെർച്ച് ലിസ്റ്റ് ഹാജരാക്കി കഴിഞ്ഞു. ഇനി തുടർനടപടിയില്ല. ഇവർക്ക് പരാതിയുണ്ടെങ്കിൽ ബാക്കി അപ്പോൾ നോക്കുമെന്നും എഎസ്പി കൂട്ടിച്ചേർത്തു.