സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 08,09 തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

സ്വര്‍ണവില വീണ്ടും 59,000ലേക്ക്

സ്വര്‍ണവില വീണ്ടും 59,000ലേക്ക്

കൊച്ചി: നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില നാലുദിവസം മുന്‍പ് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്.

മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.

ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയും, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാന്റീന്‍, റെയില്‍വേ സ്റ്റേഷന്‍/കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിര്‍ണയിച്ചത്.

ഇനം- വില(ജി.എസ്.ടി. ഉള്‍പ്പെടെ)

1 കുത്തരി ഊണ് – 72 രൂപ

2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ

3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) -35 രൂപ

4 ചായ(150 മില്ലി)- 12 രൂപ

5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ

6 കാപ്പി-(150 മില്ലി)-12 രൂപ

7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ

8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ

9 കട്ടന്‍ കാപ്പി(150 മില്ലി)-10 രൂപ

10 മധുരമില്ലാത്ത കട്ടന്‍കാപ്പി(150 മില്ലി)-08 രൂപ

11 കട്ടന്‍ചായ(150 മില്ലി)-09 രൂപ

12 മധുരമില്ലാത്ത കട്ടന്‍ചായ(150 മില്ലി)-09 രൂപ

13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ

14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ

15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ

16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ

17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ

18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ-65 രൂപ

19 പൊറോട്ട 1 എണ്ണം-13 രൂപ

20 നെയ്റോസ്റ്റ് (175 ഗ്രാം) -48 രൂപ

21- പ്ലെയിന്‍ റോസ്റ്റ്-36 രൂപ

22 -മസാലദോശ ( 175 ഗ്രാം) 52 രൂപ

23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ

24 -മിക്സഡ് വെജിറ്റബിള്‍-31 രൂപ

25 പരിപ്പുവട (60 ഗ്രാം)-10 രൂപ

26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ

27 കടലക്കറി (100 ഗ്രാം)-32 രൂപ

28 ഗ്രീന്‍പീസ് കറി (100 ഗ്രാം)32 രൂപ

29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ

30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

31 കപ്പ (250 ഗ്രാം ) 31 രൂപ

32 ബോണ്ട (50 ഗ്രാം)-10 രൂപ

33 ഉള്ളിവട-(60 ഗ്രാം)-12 രൂപ

34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12

35 തൈര് സാദം-48 രൂപ

36 ലെമണ്‍ റൈസ് -45 രൂപ

37 മെഷീന്‍ ചായ -09 രൂപ

38 മെഷീന്‍ കാപ്പി- 11 രൂപ

39 മെഷീന്‍ മസാല ചായ- 15 രൂപ

40 മെഷീന്‍ ലെമന്‍ ടീ -15 രൂപ

41 മെഷീന്‍ ഫ്ളേവേര്‍ഡ് ഐസ് ടി -21 രൂപ

ഈ വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോന്ററുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. തീര്‍ഥാടകര്‍ക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പറും വിലവിവരപ്പട്ടികയില്‍ ചേര്‍ക്കേണ്ടതാണ്.

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 440 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SP 770782 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SX 674338 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ഒരുമിച്ച് കിടന്നു; പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

ഒരുമിച്ച് കിടന്നു; പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.