അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും.

വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രത്യേക ജാഗ്രത നിര്‍ദേശം

ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ശനിയാഴ്ച ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാം; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി ശിവന്‍ കുട്ടി

മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാം; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി ശിവന്‍ കുട്ടി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.

നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.

‘വീട്ടിലിരുന്ന് ജോലിചെയ്യാം, പണി കിട്ടാതെ നോക്കണേ’; മുന്നറിയിപ്പ്

‘വീട്ടിലിരുന്ന് ജോലിചെയ്യാം, പണി കിട്ടാതെ നോക്കണേ’; മുന്നറിയിപ്പ്

വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ തട്ടിപ്പാണ് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നത്.

സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക കൂടും . കൂടാതെ ഈ വെബ്സൈറ്റിന്‍റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചു നല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളാകും എന്നും മുന്നറിയിപ്പ് കുറിപ്പിൽ പറയുന്നു. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുവാനും വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക്‌ പോസ്റ്റ്

ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!

ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്.
സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.

കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്‍റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും.
ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം.

അർബൻ സഹകരണ ബാങ്കിലെ 33 കോടിയുടെ തട്ടിപ്പ്; ഭരണസമിതി അം​ഗം അറസ്റ്റിൽ

അർബൻ സഹകരണ ബാങ്കിലെ 33 കോടിയുടെ തട്ടിപ്പ്; ഭരണസമിതി അം​ഗം അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.

33 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്നത്. ഷറഫ് ഇയാളുൾപ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് ആരോപണം. മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.

അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്; തലശ്ശേരി കോടതി ഇന്ന് വിധി പറയും

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.