സംസ്ഥാന സ്കൂൾ കായികമേള ലൈവായി കാണാം കൈറ്റ് വിക്ടേഴ്‌സിൽ

സംസ്ഥാന സ്കൂൾ കായികമേള ലൈവായി കാണാം കൈറ്റ് വിക്ടേഴ്‌സിൽ

കൊച്ചി: നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോർട്ടൽ വഴി സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള 730 മത്സര ഇനങ്ങളുടെ നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായി കിട്ടും. 17 വേദികളിലായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്‌കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും കൈറ്റിന്റെ സ്‌പോർട്‌സ് പോർട്ടലിൽ ലഭ്യമാക്കും.

ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറും നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷനായി ഈ വർഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്‌സിൽ ലൈവ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെനിന്നും ലൈവായി കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ മാറി മാറി ലൈവായി കാണിക്കും. മറ്റ് വേദികളിൽ നിന്നുള്ള ദൃശ്യങ്ങളും കൈറ്റ് വിക്ടേഴ്‌സിൽ ലഭ്യമാകും. മത്സര ഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും. രാവിലെ 06.00 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 2 മണി മുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും youtube.com/itsvicters എന്ന യുട്യൂബ് ചാനൽ വഴിയും ലൈവായി കാണാം.

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.

നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായി  മന്ത്രി വിഎന്‍ വാസവന്‍

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായി മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വിഎന്‍ വാസവന്‍. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.

വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാസൗകര്യവും ഒരുക്കും.

സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്‌നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയര്‍ഫോഴ്സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.

അനന്തനാഗില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

അനന്തനാഗില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കശ്മീരിലെ ഷാംഗസ്-ലാര്‍നൂ മേഖലയിലെ ഹല്‍ക്കന്‍ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ വിദേശയിയുമാണ്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും.

വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രത്യേക ജാഗ്രത നിര്‍ദേശം

ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ശനിയാഴ്ച ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.