by Midhun HP News | Nov 2, 2024 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ. പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.
33 കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്നത്. ഷറഫ് ഇയാളുൾപ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് ആരോപണം. മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.

by Midhun HP News | Nov 2, 2024 | Latest News, കേരളം
കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

by Midhun HP News | Nov 2, 2024 | Latest News, കേരളം
കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ കോതമംഗലം ചെറിയ പള്ളിയിലെത്തിച്ച ഭൗതിക ശരീരത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് വൈകിട്ട് കോതമംഗലത്തു നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സഭാ ആസ്ഥാനമായ പുത്തൻകുരിശിലെത്തിച്ചു. പതിറ്റാണ്ടുകളോളം തങ്ങളെ നയിച്ച വലിയ ഇടയനെ ഒരു നോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും വഴിയിലുടനീളം വിശ്വാസികളടക്കം ആയിരങ്ങളാണ് കാത്തുനിന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ടിന് പാത്രിയാർക്കാ സെന്റർ കത്തീഡ്രലിൽ കുർബാന നടക്കും. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവരും രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖരും വിശ്വാസികളും അന്തിമോപചാരമർപ്പിക്കും.

by Midhun HP News | Nov 2, 2024 | Latest News, കേരളം
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിനു വിട്ടു നൽകും. പ്രദേശത്ത് അപകടങ്ങൾ തുടർ കഥയാകുകയാണ്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.
by Midhun HP News | Nov 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ 05 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
by Midhun HP News | Nov 1, 2024 | Latest News, കേരളം
തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

Recent Comments