by Midhun HP News | Nov 1, 2024 | Latest News, കേരളം
കൊച്ചി: ഇന്ന് നവംബർ 1, കേരളപ്പിറവി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. കേരള സംസ്ഥാനം രൂപീകരിച്ചത്തിൻ്റെ ഓർമ്മയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 68ാം പിറന്നാളാണ് കേരളത്തിന് ഇന്ന്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളാലും സമ്പന്നമാണ്.
കേരളം ജനിച്ചതിന് പിന്നിൽ ധാരാളം പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.
സർവകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകൾ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
സ്ത്രീകൾ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും ധരിക്കാറുണ്ട് കേരളപ്പിറവി ദിനത്തിൽ. അഞ്ചു ജില്ലകൾ മാത്രമായാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചാണ് കേരളം മുന്നേറുന്നത്. എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.
by Midhun HP News | Nov 1, 2024 | Latest News, കേരളം
കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ സഡന്‍ ബ്രേക്ക്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 59,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് ഇന്ന് തിരിച്ചിറങ്ങിയത്. കഴിഞ്ഞ ദിവസം 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Nov 1, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം.
കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.
by Midhun HP News | Oct 31, 2024 | Latest News, കേരളം
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയാണ് വാട്ടർ മെട്രോ. പദ്ധതി തുടക്കം കുറിച്ചതുമുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മന്ത്രി പി രാജീവ്. 18 മാസത്തിനുള്ളിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്തിനു തന്നെ വാട്ടർ മെട്രോ അഭിമാനമായി മാറി എന്നാണ് രാജീവ് കുറിക്കുന്നത്.
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നതായി രാജീവ് പറഞ്ഞു.

ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്- ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.- രാജീവ് കുറിച്ചു.
by Midhun HP News | Oct 31, 2024 | Latest News, കേരളം
കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.
യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു.
ശ്രേഷ്ഠബാവായുടെ കബറടക്കം ശനിയാഴ്ച മൂന്നുമണിക്ക് പുത്തൻ കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ഇന്നുരാത്രി പത്തുമണിയോടെ ഭൗതികദേഹം കോതമംഗലത്തേക്ക് കൊണ്ടുപോകും. പുത്തൻകുരിശിൽ നാളെ നാലുമണിയോടെ ഭൗതിക ശരീരമെത്തിക്കും.
1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.
1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി തോമസ് പ്രഥമൻ ബാവ വാഴിക്കുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമാണുണ്ടായിരുന്നത്. ഇന്ന് സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വമാണ്. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും 1000വൈദികരും ഇന്ന് ഈ സഭയിലുണ്ട്.
1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിച്ചു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Recent Comments