by Midhun HP News | Oct 31, 2024 | Latest News, കേരളം
കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.
യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു.
ശ്രേഷ്ഠബാവായുടെ കബറടക്കം ശനിയാഴ്ച മൂന്നുമണിക്ക് പുത്തൻ കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ഇന്നുരാത്രി പത്തുമണിയോടെ ഭൗതികദേഹം കോതമംഗലത്തേക്ക് കൊണ്ടുപോകും. പുത്തൻകുരിശിൽ നാളെ നാലുമണിയോടെ ഭൗതിക ശരീരമെത്തിക്കും.
1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.
1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി തോമസ് പ്രഥമൻ ബാവ വാഴിക്കുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമാണുണ്ടായിരുന്നത്. ഇന്ന് സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വമാണ്. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും 1000വൈദികരും ഇന്ന് ഈ സഭയിലുണ്ട്.
1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിച്ചു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

by Midhun HP News | Oct 31, 2024 | Latest News, കേരളം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ഗഡുവായി അടയ്ക്കേണ്ടത്.
ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
by Midhun HP News | Oct 31, 2024 | Latest News, കേരളം
ആലപ്പുഴ: കാറിന്റെ താക്കോൽ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
21കാരനായ മകൻ രോഹൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡിൽ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാൽ കാറിൽ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോൽ ചോദിച്ചു. എന്നാൽ താക്കോൽ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

by Midhun HP News | Oct 31, 2024 | Latest News, കേരളം
കോട്ടയം: മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.
വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലെവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

by Midhun HP News | Oct 31, 2024 | Latest News, കേരളം
പത്തനംതിട്ട:എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീൻ ബാബുവിനില്ല. അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ലെന്നും മഞ്ജുഷ പറഞ്ഞു.
യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ലെന്നും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണെന്നും കളക്ടര്‍ അരുണ്‍ കെ വിജയൻ പ്രതികരിച്ചിരുന്നു. എട്ട് മാസം എന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു.

Recent Comments