‘ഇതെല്ലാം നിങ്ങളുടെ കഥയല്ലേ, സിബിഐയെ വിളിക്കാന്‍ പറ’; സുരേഷ് ഗോപി

‘ഇതെല്ലാം നിങ്ങളുടെ കഥയല്ലേ, സിബിഐയെ വിളിക്കാന്‍ പറ’; സുരേഷ് ഗോപി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സ്ഥിരം സിനിമാ ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിബിഐയെ വിളിക്കാന്‍ പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘നിങ്ങളല്ലേ അതിന്റെ ഉദ്ധാരകര്‍. അപ്പോള്‍ പിന്നെ സ്വര്‍ണം എല്ലാം ചോദിക്കൂ. ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണം അതിന്റെ കാശോക്കെ തീവ്രവാദത്തിനാണോ കൊടുത്തത്, അതും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ.നിങ്ങള്‍ സിബിഐയെ വിളിക്കാന്‍ പറ. ഞാന്‍ ട്രാന്‍സ്പരന്റ് ആണ്. സിബിഐയെ വിളിക്കാന്‍ പറ. നിങ്ങള്‍ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആവരുത്. അതിന് ഒരു യോഗ്യതയും നിങ്ങള്‍ക്ക് ഇല്ല. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം.’- സുരേഷ് ഗോപി പ്രതികരിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നു എന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പണമെത്തിച്ച ധര്‍മ്മരാജന് ബിജെപി മുറിയെടുത്ത് നല്‍കിയെന്നും ടെമ്പോയിലാണ് പണം എത്തിച്ചതെന്നുമാണ് തിരൂര്‍ സതീശന്‍ ആരോപിച്ചത്. പുതിയ വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി; സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി; സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറം: മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം.

അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി

വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച് കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 10 വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.

കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം.

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യല്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്.

കേസില്‍ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.നവീന്‍ബാബുവിന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ദിവ്യയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ‌മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.

നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിപ്പോയതിനാൽ കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു.

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍: ഇന്നുമുതല്‍ 60 ദിവസം മുമ്പ് മാത്രം

ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍.120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര ചെയ്യാം.

അതായത് ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു. അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു റെയില്‍വേ സമയപരിധി നീട്ടിയത് എന്ന തരത്തില്‍ അന്ന് ചിലര്‍ വാദിച്ചിരുന്നു.

ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഐആര്‍സിടിസി അടുത്തിടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിങ് ലിസ്റ്റ് എന്ന ദീര്‍ഘകാല പ്രശ്നം ഇല്ലാതാക്കി ഓരോ യാത്രക്കാരനും സ്ഥിരമായ ബെര്‍ത്ത് ഉറപ്പാക്കുക അടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് ഐആര്‍സിടിസി തുടക്കമിട്ടത്.ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് പുറമേ, ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ അധിഷ്ഠിത കാമറ ഉപയോഗിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. യാത്രക്കാരുടെ സീറ്റ് സംബന്ധിച്ച് പരിശോധിക്കാന്‍ എഐ മോഡല്‍ പ്രയോജനപ്പെടുത്തിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.