ലൈഫ് ഭവന പദ്ധതിയുടെ അരക്കോടി തട്ടി, പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടി തട്ടി, പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട് എം ആര്‍ റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ നിന്ന് പണം തട്ടിയെടുത്തതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഈ രണ്ടു പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീട് നിര്‍മിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്. ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയതായി പൊലീസ് പറയുന്നു. സീതത്തോട്ടില്‍ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടില്‍ 2 ലക്ഷം രൂപയുടെയും തട്ടിപ്പു നടത്തിയതായാണു കേസ്.

തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തണ്ണിത്തോട് പൊലീസില്‍ പരാതി ലഭിച്ചതോടെ പണം തിരികെ നല്‍കി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭോക്താക്കളാക്കി വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു. വീടുപണി പൂര്‍ത്തീകരിച്ചവര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

പനിയും ശരീരവേദനയും ആയിട്ടെത്തിയ രോഗിയോടാണ് അത്യാഹിത വിഭാ​ഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ കയര്‍ത്ത് സംസാരിച്ചത്. ‘പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്’ എന്നൊക്കെയാണ് ഡോക്ടര്‍ പറഞ്ഞത്. രോഗിയോടും ഒപ്പമെത്തിയവരോടും ഡോക്ടര്‍ കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. ഡോക്ടര്‍ക്ക് ഭാവിയില്‍ തുടര്‍ച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുണ്യാഹം: ഗുരുവായൂരിൽ ഇന്ന് ദർശന നിയന്ത്രണം

പുണ്യാഹം: ഗുരുവായൂരിൽ ഇന്ന് ദർശന നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ 4 മുതൽ 10 മണി വരെ ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ​ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വിഐപി / സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ദേവസ്വം ബോർഡ് അറിയിച്ചു.

അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഭഗവാന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും.പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതി നൽകി. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം അനുമതി നൽകിയിട്ടുണ്ട്.

വിശേഷാൽ കാഴ്ചശീവേലി

അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്യ്ക്കും രാത്രിയിലുമുള്ള വിശേഷാൽ എഴുന്നെള്ളിപ്പിന് ദേവസ്വം ഗജവീരൻ ഇന്ദ്ര സെൻ സ്വർണ്ണക്കോലമേറ്റും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ ദേവസ്വം കൊമ്പൻമാർ പറ്റാനകളാകും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ ,ഗുരുവായൂർ സന്തോഷ് മാരാർ & പാർടി മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും സംഘവും. മദ്ദളം – കലാമണ്ഡലം കുട്ടി നാരായണൻ & പാർട്ടി, ഇടയ്ക്ക – പല്ലശ്ശന സുധാകരൻ & പാർട്ടി, കൊമ്പ്- പേരാമംഗലം വിജയൻ & പാർട്ടി, ഇലത്താളം – പാഞ്ഞാൾ വേലുക്കുട്ടി & പാർട്ടി എന്നീ കലാകാരൻമാർ അണിനിരക്കും. ഗുരുവായൂർ ശശി മാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക – ഗുരുവായൂർ ശശി മാരാർ, നാദസ്വരപ്രദക്ഷിണം – നെൻമാറ കണ്ണൻ

വിശേഷാൽ പ്രസാദം ഊട്ട്

ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി,പപ്പടം,മോര്, പാൽപായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും.

പ്രസാദ ഊട്ട് 9 മണിക്ക് തുടങ്ങും

അഷ്ടമി രോഹിണി നാളിലെ വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദംഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.

ശയന പ്രദക്ഷണമില്ല; സ്‌പെഷ്യൽദർശനം നിയന്ത്രിക്കും

അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്‌പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് 5 മുതൽ 6 വരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളിൽ പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ച ശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടാകും.

ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. എന്നാലേ ദർശനം കാത്തിരിക്കുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാകൂ. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്‌പെഷ്യൽ ദർശനം അനുവദിക്കും. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്‌ളൈ ഓവർ വഴി വിടും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.

അഷ്ടമിരോഹിണി അപ്പം വഴിപാട്

അപ്പവും പാൽപ്പായസവുമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകൾ.എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക. രശീതിന് 35രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 700 യുടെ അപ്പം (20 ശീട്ട്) ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാന്റ് ഡ്രാഫ്‌റ്റോ സ്വീകരിക്കില്ല. സെപ്റ്റംബർ 3ന് ഉച്ചതിരിഞ്ഞ് 3.30 മുതൽ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കൗണ്ടർ വഴി അപ്പം വഴിപാട് ശീട്ടാക്കാൻ സൗകര്യം ഏർപ്പെടുത്തും. ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി (350 രൂപാ ) നിജപ്പെടുത്തിയിട്ടുണ്ട്. 10.8 ലക്ഷം രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7 മണിക്കും 12 മണിക്കും ഇടയിലാണ് ഈ നിയന്ത്രണം ബാധകമാവുക. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.

വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, വൈദ്യുതി നിയന്ത്രണം നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കണ്‍ട്രോളര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം

തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. തൃശൂർ താണിക്കുടം സ്വദേശി ഒറയാംപുറത്ത് വീട്ടിൽ ദേവേന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം, മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്ന് രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു.

ദേവേന്ദ്രന്റെ അമ്മയുടെ കൈവശമുള്ള മാടക്കത്തറ വില്ലേജിലെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി 2013-ൽ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടയം ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദേവേന്ദ്രൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്രയും വലിയ തുക നൽകാനില്ലെന്ന് വ്യക്തമാക്കിയപ്പോൾ രണ്ട് ലക്ഷം രൂപ രാത്രിയിലും ബാക്കി 75,000 രൂപ പട്ടയം ലഭിച്ച ശേഷവും നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ 50,000 രൂപയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി പട്ടയം അനുവദിക്കാതെ തന്നെയും കുടുംബത്തെയും മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് കാട്ടിയാണ് ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്.

പൊതുപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മനപ്പൂർവ്വം വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ പരാതിയെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയും കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവേന്ദ്രന്റെ അമ്മയ്ക്ക് സ്വന്തം പേരില്‍ ഭൂമി ഉള്ളതിനാല്‍ വില്ലേജ് ഓഫീസറും തഹസില്‍ദാരുമാണ് പട്ടയം നിഷേധിച്ചതെന്നും രാജേന്ദ്രൻ അരങ്ങത്ത് അവകാശപ്പെട്ടു.

അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സ്വാമിയെ അപമാനിച്ച സണ്ണി എം കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്. സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാര്‍ വ്യക്തമാക്കി. സണ്ണി എം കപിക്കാട് നടത്തിയ പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതും, അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണെന്നും പിഡി സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദിയും സണ്ണി എം കപിക്കാടിനെതിരെ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രസ്താവന വിവാദമായതോടെ സണ്ണി എം കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. കേസിനെ നിയമപരമായി നേരിടുമെന്നുമാണ് സണ്ണി കപിക്കാട് പ്രതികരിച്ചത്. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമര്‍ശങ്ങള്‍.