by Midhun HP News | Sep 2, 2026 | Latest News, കേരളം
കണ്ണൂർ: കേളകം അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീണ്ടുംഭീതി പരത്തി. അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് ബുധനാഴ്ച രാത്രിയോടെ കാട്ടാന എത്തിയത്. ഈ സമയം രാജനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അർധരാത്രിയോടെ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരുന്ന വാഴകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കാട്ടാന പിഴുതെറിഞ്ഞ് നശിപ്പിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ആന സമീപത്തെ വനത്തിലേക്ക് തിരികെ മടങ്ങിയത്.


ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ആന ഏറെ നേരം വീടിന് ചുറ്റും കറങ്ങിനടന്നത് വീട്ടുകാരെയും സമീപവാസികളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ശാന്തിഗിരിയും പരിസര പ്രദേശങ്ങളും കഴിഞ്ഞ കുറച്ചുകാലമായി അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പിടിയിലാണ്.

ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ നിരന്തരമായി ഇറങ്ങുന്നത് മലയോര മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും സൈ്വരജീവിതത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. കാർഷിക വിളകൾ വലിയ തോതിൽ നശിപ്പിക്കപ്പെടുന്നതിന് പുറമെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗങ്ങൾ എത്തുന്ന സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

by Midhun HP News | Sep 2, 2026 | Latest News, കേരളം
മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം.

പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അർധരാത്രിയോടെ റാസൽഖൈമയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തിൽനിന്നും സമാന അളവിലുള്ള സ്വർണം കണ്ടെടുത്തു.
കുട്ടികളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നതും ഡിആർഐ അന്വേഷിക്കുന്നുണ്ട്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയോ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെയോ മുൻ യാത്രകളിലും സ്വർണം കടത്താൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്വർണക്കടത്ത് സംഘങ്ങളുടെ ശൃംഖലയുമായി കുടുംബത്തിനുള്ള ബന്ധവും അന്വേഷണപരിധിയിലുണ്ട്.
പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പമുള്ള കുട്ടികളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാഗേജുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പതിവാണെങ്കിലും, കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കം അസാധാരണമാണ്.

കോഫി മെഷീനിലും സ്വർണം
കരിപ്പൂരിൽ നടന്ന മറ്റൊരു പരിശോധനയിൽ കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം ഒരു കിലോ സ്വർണവും ഡിആർഐ പിടികൂടി. ബുധനാഴ്ച പുലർച്ചെ ഗൾഫ് രാജ്യത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

രണ്ടാമത്തെ കേസിൽ പിടിയിലായ യാത്രക്കാരന്റെ വിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല. സ്വർണം ഒളിപ്പിച്ച രീതിയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിടാതെ സൂക്ഷിക്കുകയാണ്. കേസിലെ ഔദ്യോഗിക അറസ്റ്റ് നടപടികൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.

by Midhun HP News | Sep 2, 2026 | Latest News, കേരളം
കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും കവര്‍ന്ന കേസില്‍ പ്രമുഖ മോഷണക്കേസ് പ്രതി ഇരവിപുരം പോലീസിന്റെ പിടിയിലായി.

വടക്കേവിള അയത്തില്‍ ചേരിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ റിയാദ് (ഏലിയാസ് റിയാമ്മ) ആണ് അറസ്റ്റിലായത്.
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിക്ക് സമീപം സഞ്ചരിച്ചിരുന്ന പ്രതി, വാഹനം കൊല്ലം പള്ളിമുക്ക് ഭാഗത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ബാഗും പേഴ്‌സും തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയും ഇരവിപുരം പോലീസിന് കൈമാറുകയും ചെയ്തു.

വിവിധ ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് റിയാദ്. ഇരവിപുരം സി.ഐ ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ ആഷിക്, എസ്.ഐ നജീബ്, സി.പി.ഒമാരായ സജിന്‍, ഷാനലി എന്നിവരടങ്ങിയ സംഘമാണ് തുടര്‍ന്നുള്ള അന്വേഷണവും അറസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം : 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ് സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗശേഷം അറിയിച്ചു.

പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, അന്തര്‍ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി. ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമന അവസരങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ എന്‍ഡിപിഎസ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. എന്‍ഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തിരുവനന്തപുരം, എറണാകുളം കോടതികളില്‍ എട്ടു പേരെയാണ് നിയമിച്ചിരുന്നത്. അത് 11 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. പുതിയ മൂന്നു കോടതികളിലും 11 പേരെയാണ് നിയമിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.


by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
സോമാലിയ, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കണ്ണൂര്‍- കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ & കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഇന്നു വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ( 02-09-2026) വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡാൻസാഫ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് പോലീസുകാരെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവർക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഔദ്യോഗിക ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പ്രതികൾ ആൾട്ടോ കാർ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം മുന്നോട്ടെടുത്ത കാർ വീണ്ടും പിന്നോട്ടെടുത്ത് നിലത്തുവീണുകിടന്ന പോലീസുകാരുടെ ദേഹത്തേക്ക് മനപ്പൂർവ്വം ഇടിച്ചുകയറ്റി. ആക്രമണത്തിൽ റോജിന്റെ കാലിലൂടെ കാർ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ സ്ഥിരം ലഹരി ഇടപാടുകാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം കാറുമായി കടന്നുകളഞ്ഞ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.


Recent Comments