ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശില്‍പങ്ങളിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജൂലൈ 23-ാം തീയതി പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. അജികുമാറിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരുന്നു അന്ന് ജാമ്യം നല്‍കിയത്.

2025ല്‍ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്‌ഐടി ഇരുവരെയും അറസ്റ്റ് ചെയ്തത്. 17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി എന്നാണ് എസ്‌ഐടിയുടെ വാദം. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍ നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗ്നമായ നിലയില്‍; കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം, ദുരൂഹത

നഗ്നമായ നിലയില്‍; കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം, ദുരൂഹത

കൊച്ചി: എറണാകുളം കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഫ്‌ലോറന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്ത് ലോട്ടറി വില്‍പ്പന നടത്തിയായിരുന്നു ജീവിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. നാലു മുതല്‍ 5 ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍, ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി.

ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ

ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ

കൊച്ചി: മലയാള സിനിമയ്ക്ക് കൈത്താങ്ങാകാൻ ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ. സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമുകൾ താല്പര്യം പ്രകടിപ്പിക്കാത്ത മലയാള സിനിമകൾക്ക് സ്ട്രീമിങ് അവസരമൊരുക്കാൻ ആണ് സ്വന്തം പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ എത്തിയിരിക്കുന്നത്. ‘മൈ ടാക്കീസ്’ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം നവംബറിൽ പ്രവർത്തനം ആരംഭിക്കും.

മലയാളത്തിൽ ഒരു വർഷം റിലീസിനെത്തുന്ന സിനിമകളുടെ 10 ശതമാനം പോലും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ എത്താറില്ല. സൂപ്പർതാര ചിത്രങ്ങൾ പോലും തിയറ്ററുകളിൽ പരാജയപ്പെട്ടാൽ ഒടിടി പ്ലാറ്റ്ഫോമുകൾ കയ്യൊഴിയും. ഈ സാഹചര്യത്തിൽ നിർമാതാക്കളെ സഹായിക്കാനാണ് ചേംബർ സ്വന്തം സ്ട്രീമിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു.

വിവിധ ചലച്ചിത്ര സംഘടനാ ഭാ​രവാഹികളായ സിബി മലയിൽ, ശ്വേത മേനോൻ, ബി രാകേഷ്, ബി ആർ ജേക്കബ്, എസ് എസ് ടി സുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോ​ഗോ പ്രകാശനം.

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റി; കാവൽ തുടരും

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റി; കാവൽ തുടരും

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ കൊണ്ടുവന്നിട്ടതിനു ശേഷം സ്റ്റാർട്ട് ചെയ്യാത്തതിനാൽ പ്രവർത്തന ക്ഷമമായിരുന്നില്ല.

അതേസമയം ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിട്ടില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ്, വീടിനു മുന്നിൽ പൊലീസിന്റെ ജീപ്പ് കാവൽ ഒരുക്കിയത്. ഒരു എസ്ഐയും 2 പൊലീസുകാരുമാണ് ഒരു സമയം ഡ്യൂട്ടിക്കുണ്ടായിരുന്നത്. റോഡരികിൽ മതിലിനോടു ചേർത്തായിരുന്നു ജീപ്പ് സ്റ്റേഷൻ പ്രവർത്തിച്ചത്.

കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്തിരുന്നത്. പ്രാഥമികകൃത്യങ്ങൾക്കായി പൊലീസുകാർ സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 2440 രൂപയുടെ വര്‍ധന; വീണ്ടും 1,14,000ലേക്ക്

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 2440 രൂപയുടെ വര്‍ധന; വീണ്ടും 1,14,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘ഓപ്പറേഷന്‍ ത്രാള്‍’ ആര്‍എസ്എസ് അനുഭാവ ചിത്രമെന്ന് അധിക്ഷേപം; അജയന്‍ അടാട്ടിന് മറുപടിയുമായി രതീഷ് വേഗ

‘ഓപ്പറേഷന്‍ ത്രാള്‍’ ആര്‍എസ്എസ് അനുഭാവ ചിത്രമെന്ന് അധിക്ഷേപം; അജയന്‍ അടാട്ടിന് മറുപടിയുമായി രതീഷ് വേഗ

ജയസൂര്യ നായകനായ പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. വലിയ താരനിരയുമായെത്തുന്ന സിനിമയുടെ സംവിധാനം രതീഷ് വേഗയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഓപ്പറേഷന്‍ ത്രാളിന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വിഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായി എത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിനെതിരെ രതീഷ് വേഗ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ ആര്‍എസ് വിക്കിയുടെ പോസ്റ്റിന് താഴെയാണ് അജയന്‍ അടാട്ട് കമന്റുമായെത്തുന്നത്. ആര്‍എസ്എസ് ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍ എന്ന് ആരോപിക്കുന്നതായിരുന്നു അജയന്റെ കമന്റ്. പിന്നാലെ തന്നെ വിക്കി മറുപടി നല്‍കുന്നുണ്ട്. ”ഇങ്ങനെയാണോ സഹപ്രവര്‍ത്തകന്റെ വര്‍ക്കിന് നിങ്ങള്‍ മറുപടി നല്‍കുന്നത്?” എന്നായിരുന്നു വിക്കിയുടെ മറുപടി. പിന്നാലെ മറുപടിയുമായി സംവിധായകന്‍ രതീഷ് വേഗയുമെത്തുകയായിരുന്നു.

”ഇതുപോലൊരു കമന്റ് കണ്ടപ്പോള്‍ നിരാശ തോന്നി. പ്രത്യേകിച്ചും ഒരേ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നും. ഒരു പ്രൊജക്ട് ഉണ്ടാക്കാനുള്ള കഠിനാധ്വാനവും പരിശ്രമവും എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് അറിയാമെന്നിരിക്കെ. വിമര്‍ശനങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു. പക്ഷെ സഹപ്രവര്‍ത്തകരോട് കുറച്ചെങ്കിലും ബഹുമാനം വേണമെന്നാണ് വിശ്വസിക്കുന്നത്. ശരിക്കും സങ്കടം തോന്നുകയാണ് ഇത് കാണുമ്പോള്‍” എന്നായിരുന്നു രതീഷ് വേഗയുടെ പ്രതികരണം.

”നിങ്ങളില്‍ നിന്ന് ഇത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്‌നീഷ്യനില്‍ നിന്നും ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയാം” എന്നാണ് സൗണ്ട് ഡിസൈനറായ എംആര്‍ രാജാകൃഷ്ണന്റെ പ്രതികരണം. മോനെ വളരെ മോശം എന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് തടത്തിലും മറുപടി നല്‍കിയിട്ടുണ്ട്. അജയന്‍ അടാട്ടിന്റെ കമന്റും മറുപടികളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. ദേശീയ സുരക്ഷയും എന്‍ഐഎ അന്വേഷണവും പ്രമേയമാകുന്ന ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. റിതിക സിങ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.