പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പെന്നു പോലീസ്

പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പെന്നു പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍ (53), എന്‍ജിനീയര്‍മാര്‍ (46), കര്‍ഷകര്‍ (21), വൈദികര്‍ (8) എന്നിങ്ങനെയാണ് കണക്ക്. ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകള്‍ ഉണ്ട്. ട്രേഡിങ് തട്ടിപ്പ് (1,157), തൊഴില്‍ തട്ടിപ്പ് (1,002), കൊറിയര്‍ തട്ടിപ്പ് (211) എന്നിങ്ങനെയാണ് തട്ടിപ്പില്‍ വീണത്. പ്രായപരിധി പ്രകാരം പരിശോധിച്ചാല്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 981 പേര്‍ തട്ടിപ്പിന് ഇരയായി. 20-30 (637), 40-50 (552) എന്നിങ്ങനെയാണ് മറ്റു പ്രായപരിധിയിലുള്ളവര്‍ തട്ടിപ്പില്‍ വീണത്.

സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.നിക്ഷേപം അഭ്യര്‍ത്ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്.

ജയിലിലെ ആദ്യദിനം വായനയില്‍ മുഴുകി ദിവ്യ; പ്രത്യേക നിരീക്ഷണം

ജയിലിലെ ആദ്യദിനം വായനയില്‍ മുഴുകി ദിവ്യ; പ്രത്യേക നിരീക്ഷണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യദിനം ചെലവഴിച്ചത് ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാരില്‍ നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.

ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ജയില്‍ ചട്ടം ഇവരെ അനുവദിക്കുന്നുണ്ട്. രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ദിവ്യക്ക് ജയിലില്‍ സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പിപി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്.

തിന്മയ്ക്ക് മേല്‍ നന്മയുടെ വെളിച്ചം; രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍

തിന്മയ്ക്ക് മേല്‍ നന്മയുടെ വെളിച്ചം; രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍

തിരുവന്തപുരം: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’- മോദി എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഇക്കൊല്ലം കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒരേ ദിവസം തന്നെ. കാരണം 31ന് പകല്‍ 23 നാഴിക 54 വിനാഴിക വരെ ചതുര്‍ദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്. രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധി. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്.

കുടുംബങ്ങളുടെ ഒത്തുചേരലും മധുരപലഹാരങ്ങള്‍ പങ്കുവയ്ക്കലുമായി ആഘോഷം ഏകതയുടെ പ്രതീകമാകും. ആഘോഷത്തിനിടെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് അയോധ്യ നഗരം. രാം ലല്ലയുടെ പ്രതിഷ്ഠ പൂര്‍ത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാര്‍ത്ഥത്തില്‍ അയോധ്യ നിവാസികള്‍ ആഘോഷ പൂര്‍ണമാക്കാനാണ് തീരുമാനം. ചരിത്രപരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് എത്തിയത്.

നഗരം മുഴുവന്‍ നിറങ്ങളില്‍ മുങ്ങിയ കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും ദീപാവലിയുടെ പേരില്‍ അയോധ്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികള്‍ക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടാനായത്. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തില്‍ 25 ലക്ഷം ചെരാതുകള്‍ തെളിയിക്കാനാണ് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25,12,585 ചെരാതുകള്‍ തെളിയിച്ചു.

നഷ്ടപരിഹാരം നല്‍കിയില്ല; കെഎസ്ഇബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്

നഷ്ടപരിഹാരം നല്‍കിയില്ല; കെഎസ്ഇബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്

കണ്ണൂര്‍: കര്‍ഷകര്‍ ഷോക്കേറ്റു മരിച്ച സംഭവങ്ങളില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തി ചെയ്യാന്‍ ഉത്തരവ്. കെഎസ്ഇബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെന്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂര്‍ സബ്‌കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. 2 കേസുകളില്‍ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.

2017 നവംബര്‍ 5ന് ചെമ്പേരി കുനിയന്‍പുഴ പുതുപ്പറമ്പില്‍ ഷാജി മരിച്ച സംഭവത്തില്‍ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റില്‍ ഏറ്റുപാറ ചക്കാങ്കല്‍ ജോണി മരിച്ച സംഭവത്തില്‍ 118.82 ലക്ഷം രൂപയുമാണ് കെഎസ്ഇബി നല്‍കേണ്ടത്. അള്‍ത്താമസമില്ലാത്ത പറമ്പില്‍ യന്ത്രമുപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് ഷാജി ഷോക്കേറ്റ് മരിച്ചത്. സ്ഥലമുടമയായ ജോര്‍ജിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ വയറില്‍ നിന്ന് സ്റ്റേ വയറിലൂടെ വൈദ്യുതി പ്രവഹിച്ചെന്നാണ് കേസ്. സ്വന്തം പറമ്പിലെ ജോലിക്കിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ജോണി മരിച്ചത്.

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കും. ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാര്‍, ജി സുന്ദരേശ്വന്‍ എന്നിവരുമായി എഡിജിപി ശ്രീജിത്ത് ഇന്നലെ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാണ് അന്തിമതീരുമാനം എടുക്കുക.ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലിസിന്റെ നിര്‍ദേശം. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്‌.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.