by Midhun HP News | Oct 30, 2024 | Latest News, കേരളം
തൃശൂര്‍ : എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന മൊഴി കലക്ടര്‍ റവന്യൂ വകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്‍കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം അതു ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് മന്ത്രിക്ക് ലഭിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മന്ത്രി എന്ന നിലയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല. സത്യസന്ധമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകണണെന്ന ആഗ്രഹമാണുള്ളത്. ആ ഘട്ടത്തില്‍ ഓരോരുത്തരും കൊടുത്ത മൊഴിയെപ്പറ്റി ഈ ഘട്ടത്തില്‍ പറയുന്നത് ശരിയല്ല. കലക്ടറുടെ മൊഴിയില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.
15-ാം തീയതി സംഭവം നടന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ എന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ബാബുവിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ ബോധ്യം മാറാന്‍ പറ്റുന്ന വിധത്തിലുള്ള ഒന്നും ഈ കലയളവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രി രാജന്‍ പറഞ്ഞു.

by Midhun HP News | Oct 30, 2024 | Latest News, കേരളം
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് മുഴുവന്‍ സംരക്ഷണവും നല്‍കയിത് സിപിഎം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ന് കലക്ടര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലും സിപിഎമ്മാണ്. കണ്ണൂര്‍ കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെയും കലക്ടര്‍ക്ക് കള്ളം പറയാനാകുമോ?. ആ സ്ഥാനത്ത് ഇരിക്കാന്‍ അരുണ്‍ കെ വിജയന്‍ യോഗ്യനല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
കേരളത്തില്‍ ഇപ്പോള്‍ ഭരണം എന്നൊന്നില്ല. സിപിഎം സെല്‍ ഭരണമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒരു സെക്ഷന്‍ തീരുമാനിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ബിജെപി ഇവിടെ മത്സരിച്ചത്. എന്തെല്ലാം പ്രചാരണമാണ് അന്ന് നടത്തിയത്. ബിജെപിയെ തോല്‍പ്പിച്ചാണ് ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിരിക്കുന്നത്. സിപിഎം ഉണ്ടായിരുന്നു മൂന്നാം സ്ഥാനത്ത്. അതുതന്നെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് ജയിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് സുരേഷ് ഗോപി പറയുന്നത് അദ്ദേഹം കേന്ദ്രമന്ത്രിയായതുകൊണ്ടാണ്. അന്വേഷണം എന്താകുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കുന്നതുകൊണ്ടാവാം അങ്ങനെ പറയുന്നതെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
by Midhun HP News | Oct 30, 2024 | Latest News, കേരളം
തൃശൂർ: പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എന്‍. കൃഷ്ണപിള്ള സ്മാരകപുരസ്‌കാരം ലഭിച്ചു. നിരവധി ആനുകാലികങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ തുടങ്ങിയവ വിവിധ തുലികാനാമങ്ങളിൽ എഴുതിയിട്ടുണ്ട്.
ഉള്‍ക്കാഴ്ചകള്‍, സംസ്‌കാരത്തിന്റെ അടയാളങ്ങള്‍, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റ് കൃതികള്‍. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളവിഭാഗം അധ്യാപകനായിരുന്നു. പാലക്കാട് വിക്ടോറിയ കോളജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂള്‍, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

by Midhun HP News | Oct 30, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണ് ദിവ്യ എത്തിയത്. പ്രസംഗത്തിന്റെ വീഡിയോ എടുക്കാന്‍ ഏര്‍പ്പാടാക്കിയത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കുക ലക്ഷ്യമിട്ടാണ് എത്തിയത്. പ്രതിയുടെ കുറ്റവാസന വെളിവായി. നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ ദിവ്യ പറഞ്ഞു. നവീൻ ബാബുവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വെളിവായത്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തുകയായിരുന്നു.
ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ഉപഹാര വിതരണത്തിന് നിൽക്കാതിരുന്നത് ക്ഷണമില്ലാത്തതിന്‍റെ തെളിവാണ്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി നൽകിയിട്ടുണ്ട്. ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


by Midhun HP News | Oct 30, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Oct 30, 2024 | Latest News, കേരളം
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.


Recent Comments